12 March 2017

എഴുത്തിന്റെ വഴികൾ

എങ്ങനെ ഞാൻ എഴുത്തിന്റെ വഴിയിലേക്ക് വന്നു അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ എഴുതാൻ ശ്രമിക്കുന്നു എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ജന്മവാസനയോ ആരുടെയെങ്കിലും പ്രചോദനം കൊണ്ടോ അല്ല ഞാൻ എഴുതി തുടങ്ങിയത് ('എഴുതി തുടങ്ങിയത്' എന്നൊക്കെ പറയുമ്പോൾ, ഉടനെ വലിയ വലിയ എഴുത്തുകാരെ ഒന്നും ഇങ്ങോട്ട് വലിച്ചിഴയ്ക്കേണ്ട. എന്തെങ്കിലും ഒരു കാര്യത്തെ പറ്റി പറഞ്ഞാൽ ഉടനെ അതുമായി ബന്ധപ്പെട്ട അങ്ങ് കൊമ്പത്തെ ആളുകളുമായി ഒരു താരതമ്യം ഉണ്ട്. തൽക്കാലം അതിവിടെ വേണ്ട!)

 എന്റെ മനസ്സിൽ തോന്നുന്നത് എന്റെ താൽപ്പര്യത്തിന് അനുസരിച്ച് എനിക്ക് തോന്നുന്ന രീതിയിൽ ഞാൻ എഴുതുന്നു. അതിനെയാണ്  ഈ 'എഴുത്ത്' എന്നതുകൊണ്ട് ഞാനിവിടെ ഉദ്ദേശിക്കുന്നത്!!

സത്യം പറഞ്ഞാൽ ഞാൻ എഴുതി തുടങ്ങാൻ കാരണം ഒരു പെണ്‍കുട്ടിയാണ്. എന്നുവച്ച് അവൾ എന്റെ പുറകെ നടന്ന് 'എഴുതൂ, എഴുതൂ' എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച് എഴുതിച്ചു എന്നല്ല. ഒരിക്കൽ അവളുമായി ഉണ്ടായ ഒരു തർക്കത്തിന്റെ വാശിയിൽ നിന്നാണ് ഞാൻ അങ്ങനെ ഒരു സാഹസത്തിന് മുതിർന്നത്. അത്യാവശ്യം കവിതയൊക്കെ എഴുതുന്ന കൂട്ടത്തിലായിരുന്നു അവൾ. ആ അവളോട് തർക്കിച്ച്‌, "എഴുതുന്നത്‌ അത്ര വലിയ ആനക്കാര്യമൊന്നുമല്ല, ഒന്ന് ശ്രമിച്ചാൽ ആർക്കും പറ്റാവുന്നതേ ഉള്ളൂ.." എന്നൊക്കെ പറയേണ്ട വല്ല കാര്യമുണ്ടായിരുന്നോ എന്ന് ചിന്തിക്കാനുള്ള വിവേകം എനിക്കുണ്ടായത് ഒരു കവിത എഴുതാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ മാത്രമാണ്!!

മലയാളത്തിൽ കുറച്ചു വാക്കുകൾ അറിയാമെങ്കിൽ അതൊക്കെ മാറ്റിയും മറിച്ചും കുത്തിയും തിരുകിയും ഒക്കെ ഒരു കവിത ഉണ്ടാക്കാം എന്നൊരു ധാരണ അന്നുവരെ എന്റെ മനസ്സിൽ എവിടെയോ ഉണ്ടായിരുന്നു. ആ ധൈര്യത്തിലാണല്ലോ ഞാനവളോട് തർക്കിച്ചതും! പക്ഷെ അതിനുമുമ്പൊരിക്കലും അങ്ങനൊരു സാഹസത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത ഞാൻ എന്തിന്റെ അടിസ്ഥാനത്തിലാണ് അപ്പോൾ അങ്ങനെ പറഞ്ഞതെന്ന് മാത്രം അന്നും ഇന്നും എനിക്ക് പിടികിട്ടിയിട്ടില്ല!!
 
 എന്നാലും നാലുവരിയിൽ അന്ന് ഞാൻ ഒരു കവിത (അതിനെ കവിത എന്ന് പറയാനാണ് ഇപ്പോഴും എനിക്കിഷ്ടം!) ഒപ്പിച്ചു. കുറച്ചുവാക്കുകൾ വച്ച് എന്തോ ഒരു സംഭവം! കവിതയുടെയും കവിയുടെയും ഒക്കെ പ്രാധാന്യം അന്നാണ് ഞാൻ ശരിക്ക് മനസ്സിലാക്കിയത്. 'വയലാറേ, ആശാനേ എല്ലാർക്കും നമസ്കാരം' എന്ന് അറിയാതെ ഞാനപ്പോൾ മനസ്സിൽ പറഞ്ഞുപോയി! അടുത്ത ദിവസം രാവിലെ തന്നെ 'കവിത' അവൾക്ക് കൊടുത്തു. വായിച്ചിട്ട് അവൾ കൊള്ളില്ല എന്നൊന്നും പറഞ്ഞില്ല, എന്നെ നോക്കി പതിവില്ലാത്തവിധം പുഞ്ചിരിച്ചു! എന്നിട്ട് വളരെ രഹസ്യമായി എന്നോട് പറഞ്ഞു, "ഇനി ഇതുപോലെ എന്തേലും എഴുതിയാൽ ദയവുചെയ്ത് ആരെയും കാണിക്കരുത്, പ്ലീസ്!!".

അങ്ങനെ എന്റെ ആദ്യത്തെയും അവസാനത്തെയും 'കവിത' അവിടെ അവസാനിച്ചു (അന്നവൾ ഒന്ന് കണ്ണടച്ച് പ്രോത്സാഹിപ്പിചെങ്കിൽ ഒരു വയലാർ അവാർഡ് എന്റെ വീട്ടിൽ ഇരുന്നേനെ!). ഞാൻ പറഞ്ഞിട്ടുള്ള എന്റെ ചില അനുഭവങ്ങൾ ഒക്കെ എഴുതിനോക്കൂ തമാശകലർന്ന രീതിയിലായാൽ നന്നായിരിക്കും എന്ന് പറഞ്ഞ്‌ എഴുതാൻ പ്രേരിപ്പിച്ചത് അവളായിരുന്നു. അതായിരുന്നു എഴുത്തിന്റെ തുടക്കം. എന്റെ കുട്ടിക്കാലത്തെ ഒരു അനുഭവമാണ് ആദ്യമായി എഴുതിയത്. അത് വായിച്ചപ്പോൾ അവൾക്ക് ഇഷ്ടപ്പെട്ടു. തുടർന്ന് എന്റെ അനുഭവങ്ങളും ഓർമ്മകളും ഒക്കെയായി ഞാൻ എഴുതി തുടങ്ങി.

ജന്മവാസന കൊണ്ടല്ലാതെ എഴുതുന്നവരിൽ ഏതെങ്കിലും ഒരു എഴുത്തുകാരന്റെ സ്വാധീനം ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്. ഞാൻ എഴുതി തുടങ്ങിയത് അങ്ങനെയല്ലെങ്കിലും ആദ്യമായി ഒരു 'കഥ' എഴുതാൻ കാരണം ഒരു എഴുത്തുകാരിയാണ്. ഏറ്റവും രസകരമായ കാര്യം അവരുടെ ആകെ ഒരു കഥ മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ!

ആ സമയത്ത് വായനയോടൊന്നും ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല. സ്കൂൾ ടൈമിൽ പഠിച്ച എം.ടി യുടെ 'നിന്റെ ഓർമ്മയ്ക്ക്‌' ബഷീറിന്റെ 'ബാല്യകാലസഖി' ഇവ രണ്ടും മാത്രമാണ് അന്നത്തെ എന്റെ വായനയുടെ ആകെയുള്ള ഓർമ്മകൾ! അതുകൊണ്ടുതന്നെ അന്നും ഇന്നും അവരാണ് എന്റെ പ്രിയപ്പെട്ട എഴുത്തുകാർ. ഇവരോടൊക്കെ കടുത്ത ആരാധനയും ബഹുമാനവും അസൂയയും തോന്നിയിരുന്നു എന്നല്ലാതെ എനിക്കും എന്തെങ്കിലും എഴുതണം എന്നൊന്നും ഒരിക്കലും തോന്നിയിരുന്നില്ല.

ബൈ ദ ബൈ വിഷയത്തിൽ നിന്ന് വ്യതിചലിക്കാതെ ഞാൻ കാര്യത്തിലോട്ട് വരാം. ഒരിക്കൽ അവിചാരിതമായി പുതിയ തലമുറയുടെ (ഗ്രേഡ് സിസ്റ്റം) മലയാളം പാഠപുസ്തകത്തിൽ അഷിത എന്ന എഴുത്തുകാരിയുടെ ഒരു കഥ കണ്ടു. അപ്പോൾ മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ആ കഥ ഞാൻ വായിച്ചു. വല്യ സംഭവം ഒന്നുമല്ലാത്ത ഒരു ചെറിയ കഥ ആയിരുന്നെങ്കിലും എനിക്കത് വളരെ ഇഷ്ടപ്പെട്ടു. സിമ്പിളായ രീതിയിൽ നല്ല രസകരമായിരുന്നു അതിലെ ഭാഷ.

 ആ കഥ വായിച്ചതിന് ശേഷം എന്താന്നറിയില്ല എനിക്കും ഒരു കഥ എഴുതണം എന്നൊരാഗ്രഹം പെട്ടെന്ന് പൊട്ടിമുളച്ചു! നടക്കാൻ ചാൻസ് ഇല്ലാത്ത ഇതുപോലത്തെ പല ആഗ്രഹങ്ങളും എനിക്ക് പലപ്പോഴും ഉണ്ടാവാറുണ്ട്. പതിവുപോലെ കുറച്ചുസമയം കഴിയുമ്പോൾ അത് താനേ അതിന്റെ വഴിക്ക് പോവുകയും ചെയ്യും! പക്ഷേ ഈ ആഗ്രഹം എന്നെ വിട്ടുപോയില്ല!

ഇതിനുമുമ്പ് തമാശക്കുപോലും ഒരു കഥ എഴുതുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. പഠിക്കുന്ന പുസ്തകങ്ങളല്ലാതെ വായനയും ഉണ്ടായിരുന്നില്ല. എങ്ങനെ എഴുതണം എന്നോ എന്തിനെ കുറിച്ച് എഴുതണമെന്നോ ഒരുപിടിയുമില്ല. എങ്ങനെയെങ്കിലും എഴുതണം എന്ന വാശി മാത്രം ഉണ്ട്! ഒടുവിൽ ഞാൻ ഒരു പേപ്പറും പേനയുമായി എഴുതാനിരുന്നു (പേപ്പറും പേനയും എടുത്താൽ കഥ ഓടിവരും എന്നൊരു വിചാരമൊന്നും ഉണ്ടായിരുന്നില്ല!). കുറെ ആലോചിച്ച് വട്ടായപ്പോൾ ആ പേപ്പറും കീറിക്കളഞ്ഞു എണീറ്റ്‌ പോവാനാണ് തോന്നിയത്. പക്ഷേങ്കി എനിക്ക് കഥ എഴുതിയെ പറ്റൂ!!
 
 അവസാനം അഷിതയുടെ കഥയിലെ ഒരു വരിയിൽ നിന്ന് ഞാൻ ഒരു കഥ മെനഞ്ഞെടുത്തു, അതും മൂന്നോ നാലോ ദിവസങ്ങള് കൊണ്ട്! ആ ഒരു വരിയുടെ പ്രചോദനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കഥ തികച്ചും പുതിയതായിരുന്നു. അതായിരുന്നു എന്റെ ആദ്യ കഥ. പത്രങ്ങൾക്കോ വാരികകൾക്കോ ഒന്നും അയച്ചുകൊടുക്കാത്തത്‌ കൊണ്ടു ഒരിടത്തും അത് പ്രസിദ്ധീകരിച്ചിട്ടില്ല എന്നുമാത്രം!!

കുറെ നാളുകൾക്ക് ശേഷം വീണ്ടും ഞാൻ ചില കഥകൾ കൂടി എഴുതി. അങ്ങനെ മൂന്നോ നാലോ കഥകൾക്ക് ശേഷമാണ് സത്യം പറഞ്ഞാൽ എനിക്ക് വായനയോട്‌ താൽപ്പര്യം തോന്നി തുടങ്ങിയത്‌. ചെറിയ രീതിയിൽ വായിച്ചു തുടങ്ങിയപ്പോഴാണ് 'കഥ' എന്ന പേരിൽ ഞാൻ കാണിച്ച ക്രൂരത എനിക്ക് ബോദ്ധ്യമായത്! ആ തിരിച്ചറിവും പിന്നെ എന്റെ മടിയും ഒക്കെ കാരണം എന്റെ എഴുത്ത് പാതിവഴിയിൽ എവിടെയോ ഉപേക്ഷിക്കപ്പെട്ടു.

ഞാൻ എഴുതുന്നത്‌ ആദ്യമൊക്കെ അപൂർവ്വം ചിലർക്ക് മാത്രമേ വായിക്കാൻ കൊടുക്കാറുള്ളൂ. എഴുതുന്നതുകൊണ്ട് എനിക്ക് കിട്ടുന്ന ഒരു സുഖം ഉണ്ട്, അതിനുവേണ്ടിയാണ് ഞാൻ എഴുതിയിരുന്നത്. എന്നാൽ അതിനെയൊക്കെ മാറ്റിമറിച്ച്, എന്റെ എഴുത്ത് വീണ്ടും തുടരാൻ ഒരു ട്വിസ്റ്റ് ഉണ്ടായി, ഒരു ചാറ്റ് ഫ്രണ്ടിന്റെ രൂപത്തിൽ!

അവളെ പരിചയപ്പെട്ടതിന് ശേഷം, അവളുടെ ശല്യം കാരണമാണ് ഞാൻ വീണ്ടും എഴുതി തുടങ്ങിയതും ബ്ലോഗ്‌ തുടങ്ങിയതും ഒക്കെ. സത്യം പറഞ്ഞാൽ അവൾക്ക് വേണ്ടി എഴുതുകയായിരുന്നു എന്നുവേണേലും പറയാം, അത്രക്കായിരുന്നു പ്രോത്സാഹനം! ഓർത്തുനോക്കുമ്പോൾ എല്ലാം ഒരു നിമിത്തമായി കാണാനാണ് എനിക്കിഷ്ടം.

വളരെ ചുരുക്കം ചിലർക്കൊഴികെ എന്റെ ഈ സാഹസം മറ്റാർക്കും അറിയില്ല. ഇനിയെങ്ങാനും അറിയുന്നവർക്കൊക്കെ, "നീയോ? എഴുത്തോ?" എന്നൊരു ചോദ്യരൂപത്തിലുള്ള കോമഡി നിറഞ്ഞ നോട്ടം മാത്രമേ ഉണ്ടാവൂ. അത്രേ പാടുള്ളൂ!!

മക്കളേ, നിങ്ങൾ രണ്ടാളുമാണ് എല്ലാത്തിനും കാരണക്കാർ. ഞാൻ എഴുതി വെറുപ്പിക്കുന്ന ഓരോന്നിനും നിങ്ങൾ മാത്രമാകുന്നു ഉത്തരവാദികൾ!! എന്റെ ഓരോ വരികൾക്ക് പിന്നിലും നിങ്ങളുടെ ഓർമ്മകളുണ്ടാവും, എന്നും! നിങ്ങൾക്ക് നന്ദി. ആദ്യമായി എനിക്കൊരു ബ്ലോഗ് ഉണ്ടാക്കി തന്ന്, എഴുത്തിന്റെ വഴികളിൽ കൂടെ നിന്ന തടിയാ നിനക്കും...

No comments:

Post a Comment