16 January 2013

പ്രകാശം തേടുന്ന വേരുകള്‍

നീണ്ട ഒരുപാട് വര്‍ഷത്തെ യാത്രകള്‍ക്ക് ശേഷം വിശ്വനാഥന്‍ തന്റെ ജന്മ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. സ്വന്തമെന്നു പറയാന്‍ ഒന്നുംതന്നെയില്ലാത്ത ഈ നാട്ടിലേക്കുള്ള തരിച്ചുവരവിനു പിന്നില്‍ അയാള്‍ക്ക്‌ ഒരൊറ്റ ഉദ്ദേശം മാത്രമേ ഉള്ളു, ജനിച്ചു വളര്‍ന്ന മണ്ണില്‍ പഴയ ഓര്‍മ്മകളുമായി കുറച്ചു നിമിഷങ്ങള്‍...

പക്ഷേ മുപ്പത്തൊന്നു വര്ഷം കൊണ്ടു ആ നാടിനുണ്ടായ മാറ്റങ്ങള്‍ അയാളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. താന്‍ ഏതോ ഒരു പുതിയ നഗരത്തില്‍ എത്തിയ പോലെ. പണ്ടു താന്‍ നടന്നു നീങ്ങിയ നാട്ടുപാതകളൊക്കെ ഇന്ന് വീതിയേറിയ റോഡുകളായി മാറിയിരിയ്ക്കുന്നു. പലവഴികളും ഇന്ന് തനിക്കു അന്യമായിരിക്കുന്നു. പക്ഷേ പഴയ ഓര്‍മ്മകള്‍ എല്ലാം തന്നെ ഇന്നും അയാളില്‍ നിറഞ്ഞു നില്‍പ്പുണ്ടായിരുന്നു...

മതവും ജാതിയും അന്ധവിശ്വാസങ്ങളും, ഇഷ്ടാനിഷ്ടങ്ങളുടെയും ഇച്ചാശക്തികളുടെയും ബലിപിണ്ഡങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍, നാവും കൈകളും തൂലികയും ഒരേ ദിശയില്‍ സഞ്ചരിക്കണമെന്ന് ഉറപ്പിച്ചുകൊണ്ട് ജേണലിസം ബിരുദത്തിനു പഠിക്കുന്ന കാലം, ഒപ്പം അത്യാവശ്യം വിദ്യാര്‍ഥി രാഷ്ട്രീയവും. പേരിനല്‍പ്പം വായനാശീലമുള്ളതിനാല്‍ മിക്കവാറും വൈകുന്നേരങ്ങളില്‍ ലൈബ്രറിയില്‍ അയാള്‍ ഒരു സ്ഥിര സന്ദര്‍ശകനായിരുന്നു.

അങ്ങനെ ഏതോ ഒരു വൈകുന്നേരം ആ ലൈബ്രറിയില്‍ വച്ചാണ് അവളെ ആദ്യമായി കാണുന്നത്. ലൈബ്രറി വരാന്തകളില്‍ ഒട്ടുമിക്ക സായ്ഹാനങ്ങളിലും കണ്ടുമുട്ടിയിരുന്ന ഒരു പെണ്‍കുട്ടി എന്നല്ലാതെ അവളെ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ഒരു ദിവസം കണ്ണടക്കുള്ളിലെ ആ കണ്ണുകള്‍ എന്റെ നേര്‍ക്ക്‌ വരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ജീവിതത്തിന്റെ ഏതോ അര്‍ത്ഥതലങ്ങള്‍ തേടിയുള്ള ആ കണ്ണുകള്‍ എന്തുകൊണ്ടോ എന്നെ വല്ലാതെ ആകര്‍ഷിച്ചു. സൗഹൃദത്തിനും പ്രണയത്തിനും അപ്പുറം പുസ്തകപ്രേമികളുടെ ഒരു ദൃഡബന്ധം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നു.

ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പ്രേമത്തിന് സ്ഥാനമില്ല എന്ന് വാദിച്ചിരുന്ന ഞാന്‍ ഒടുവില്‍ പ്രേമത്തിന്റെ അനശ്വരതയിലേക്ക് വഴുതി വീഴുകയായിരുന്നു. അങ്ങനെ എന്റെ ജീവിതലക്‌ഷ്യങ്ങളുടെ കൂട്ടത്തില്‍ അവളുടെ പേര് കൂടി എഴുതി ചേര്‍ക്കുകയായിരുന്നു.

പക്ഷേ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകര്‍ത്തുകൊണ്ട് വിധി അവളെ എന്നില്‍ നിന്നും കവര്‍ന്നെടുത്തു. പിന്നെ ആകെ ഒരു മരവിപ്പായിരുന്നു, മനസ്സിനും ജീവിതത്തിനും ഒക്കെ. ഇതില്‍ നിന്നൊക്കെ ഒരു മോചനം തേടിയാണ് അന്ന് ഈ നാടുപെക്ഷിച്ചു പോയത്. പിന്നെ ജീവിതം തന്നെ ഒരു യാത്രയായിരുന്നു. പല നാടുകളിലായി പല മാധ്യമങ്ങളില്‍ ജോലി ചെയ്തു. പക്ഷെ ഒരിടത്തും സ്ഥിരമായി നിന്നില്ല. ഒത്തിരി നാടുകള്‍ കണ്ടു, പലരുമായി ഇടപഴകി. പക്ഷേ അപ്പോഴും അസ്വസ്ഥമായ എന്റെ മനസ്സിന് സമാധാനം ലഭിചിരുന്നോ?

ഒരിക്കല്‍ ചെന്നൈയില്‍ വച്ച്, തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഒരു രണ്ട് വയസ്സുകാരി എന്റെ കൈകളിലെത്തപ്പെട്ടു. മാനുഷിക മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സഹായം, അത്രേ അപ്പോള്‍ കരുതിയുള്ളു. പക്ഷേ, അവളെ ഒരു അനാഥാലയത്തില്‍ എത്തിക്കാനുള്ള എന്റെ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ അവസാനം അവളുടെ രക്ഷിതാവിന്റെ സ്ഥാനം ഞാന്‍ ഏറ്റെടുക്കേണ്ടി വന്നു. അവിടുത്തെ രജിസ്റ്ററില്‍ ചേര്‍ക്കുന്നതിനായി ഞാന്‍ തന്നെ അവള്‍ക്കൊരു പേരിട്ടു, മീര. പക്ഷേ പിന്നീടെപ്പോഴോ ആ പേര് മീര വിശ്വനാഥന്‍ എന്നായി മാറപ്പെടുകയായിരുന്നു.

അവളെ അവിടെയാക്കി പോകാന്‍ ശ്രമിച്ചപ്പോള്‍ എന്നില്‍ നിന്ന് പോകാന്‍ കൂട്ടാക്കാതെ എന്റെ ഷര്‍ട്ടില്‍ മുറുകെ പിടിച്ചുകൊണ്ടുള്ള അവളുടെ കരച്ചില്‍, ഞാന്‍ ഗേറ്റ് കടന്നു പുറത്തെത്തുമ്പോഴും കേള്‍ക്കാമായിരുന്നു. ജീവിതത്തില്‍ എന്റെ സാമീപ്യം ആവശ്യമുള്ളവരും ഉണ്ടെന്ന തിരിച്ചറിവ് എന്നില്‍ ഒരു പുതിയ മാറ്റത്തിന് തുടക്കമാവുകയായിരുന്നു. അങ്ങനെ ജോലിയോടൊപ്പം സാമൂഹ്യ സേവനവും എന്റെ ജീവിത ഭാഗമായി, രാഷ്ട്രീയത്തിന്റെ യാതൊരു മുഖംമൂടിയുമില്ലാതെ തന്നെ. അതിനൊക്കെ മീര ഒരു നിമിത്തമാവുകയായിരുന്നു.

നാടുകള്‍ താണ്ടിയുള്ള യാത്രകള്‍ക്കൊടുവില്‍ ചെന്നൈയില്‍ എന്നെ തളച്ചിട്ടത് ഒരര്‍ത്ഥത്തില്‍ മീരയായിരുന്നു എന്ന് പറയാം. എങ്കിലും ഓരോ യാത്രകള്‍ക്കൊടുവിലും ആ നഗരത്തില്‍ തിരിച്ചെത്തുമ്പോഴൊക്കെ എന്തെന്നില്ലാത്ത ഒരു ആശ്വാസം എനിക്ക് ലഭിക്കാറുണ്ട്.

പല നഗരത്തിലായി മീരയെ പോലെ വേറെ മൂന്നു കുട്ടികളെയും തെരുവില്‍ നിന്ന് ഞാന്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നിട്ടുണ്ട്. മീരയുടെ സഹോദരങ്ങളായി പല നാടുകളിലായി അവരും വളര്‍ന്നു. പക്ഷെ മീര മാത്രം എന്നെ 'പപ്പാ' എന്ന് വിളിച്ചു. എല്ലാവര്ക്കും നല്ല വിദ്യാഭ്യാസം നല്‍കി. അവര്‍ പഠിച്ചു ഓരോ നിലകളിലെത്തി. പലര്‍ക്കും ഇന്ന് കുടുംബമായി. ജീവിതത്തില്‍ പലതും നേടിയിട്ടും എന്തുകൊണ്ട് തനിക്കൊരു കുടുംബം ഉണ്ടായില്ല? എന്തുകൊണ്ട്‌ അവള്‍ക്കു പകരം ഒരാളെ സങ്കല്‍പ്പിക്കാന്‍ എനിയ്ക്കിനിയും കഴിഞ്ഞില്ല? മനസ്സില്‍ ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ചോദ്യങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി..

ജന്മനാട്ടില്‍, തിരക്കൊഴിഞ്ഞ ഒരു പഴയ ലോഡ്ജിലെ മുറിയില്‍ താനിപ്പോള്‍ ഏകനാണെങ്കിലും അടുത്തിരിക്കുന്ന സെല്‍ഫോണില്‍ മക്കളും സുഹൃത്തുക്കളും എല്ലാവരുമുണ്ട്‌. കാലം മനുഷ്യര്‍ക്ക്‌ വരുത്തുന്ന വ്യതിയാനങ്ങള്‍ ചില്ലറയല്ല. അത്തരം വ്യതിയാനങ്ങളില്‍ നിന്ന് പിറക്കുന്ന നൊസ്റ്റാള്‍ജിയയുമായി അലയാന്‍ എന്നേ ഞാന്‍ ശീലിച്ച് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ചിലപ്പോഴൊക്കെ തനിച്ചിരിക്കാനും നിശബ്ദതയുടെ സൗന്ദര്യം നുകരാനും ശീലിച്ചത്.

അപ്പോഴാണ്‌ സെല്‍ഫോണ്‍ ശബ്ദിച്ചത്. 'മീരമോള്‍' അവളോടു സംസാരിച്ചപ്പോഴാണ് അടുത്തയാഴ്ച ക്രിസ്തുമസ് ആണെന്ന കാര്യം ഓര്‍ത്തത്‌. ഇതുപോലെയുള്ള വിശേഷ ദിവസങ്ങളില്‍ എല്ലാ മക്കളുമായി ഒരുമിച്ചു കൂടാറുണ്ട്, വര്‍ഷങ്ങളായി തെറ്റാതെയുള്ള ഒരു പതിവാണ്. ഇപ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നാണത്.

കരിവളകളുടെയും ശുഷ്കിച്ചു വരണ്ടുണങ്ങിയ വിശ്വാസങ്ങളുടെയും ഓര്‍മ്മകളില്‍ നിന്ന് നാളെ ജീവിതം വീണ്ടും പറിച്ചു നടപ്പെടുകയാണ്. ഇനിയൊരു മടക്കയാത്ര ഇല്ലാതെ, എന്നെന്നേക്കുമായി പിറന്ന മണ്ണിനോട് നാളെ യാത്ര പറയുകയാണ്‌. വിശ്വാസങ്ങളോ പറഞ്ഞു പഠിപ്പിച്ച പുരോഗമന തത്വങ്ങളോ ഒന്നും തന്നെയില്ലാതെ അനാഥമാണ് മനസ്സിപ്പോള്‍.

തിരികെ ചെന്നൈയില്‍ എത്തിയശേഷം, ഒരു രോഗിയ്ക്ക് രക്തം നല്‍കുന്നതിനുവേണ്ടി ആശുപത്രിയില്‍ എത്തിയപ്പോള്‍ പരിശോധനയ്ക്കൊടുവില്‍, തന്നെ അര്‍ബുദം എന്ന രോഗം കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നതായി ഡോക്ടറില്‍ നിന്നറിഞ്ഞു. പക്ഷെ, പറയത്തക്ക യാതൊരു ടെന്ഷനോ ഉത്കണ്ഠയോ ആ മുഖത്തുണ്ടായില്ല. മീരക്കും മറ്റു മക്കള്‍ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ദിനം മാത്രമായിരുന്നു അയാളുടെ മനസ്സ് നിറയെ.

പതിവുപോലെ എല്ലാവരും ഒരുമിച്ചുകൂടിയ ആ ക്രിസ്തുമസ് ദിനത്തില്‍ ആഘോഷങ്ങള്‍ക്കൊടുവില്‍ എല്ലാ മക്കളും ഒരുമിച്ചു ഒരു പുതിയ തീരുമാനം എടുത്തു. മീരായാണത് വിശ്വനാഥനോട് പറഞ്ഞത്.'പപ്പയുടെ അടുത്ത പിറന്നാളിന്, അനാഥരായ കുട്ടികളുടെ ക്ഷേമത്തിനായി പപ്പയുടെ പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ്...' അവളത് പറഞ്ഞുകേട്ടപ്പോള്‍ ഒരുപാടു സന്തോഷം തോന്നി. കാരണം അവര്‍ പകര്‍ന്നുകൊടുക്കാന്‍ പോകുന്ന ആ വെളിച്ചം ചെന്ന് വീഴുന്നത് അനാഥരായ ഒരുപറ്റം കുട്ടികളുടെ സ്വപ്നങ്ങളിലേക്കാണ്.

സന്തോഷം കൊണ്ടു വാക്കുകള്‍ കിട്ടാതെ മതിമറന്നു നില്‍ക്കുമ്പോഴും, അടുത്ത പിറന്നാളിനോ ക്രിസ്തുമസിനോ ഒരുപക്ഷെ താന്‍ ഉണ്ടാവില്ല എന്ന സത്യം അപ്പോഴും അയാള്‍ക്ക്‌ മാത്രമറിയാവുന്ന രഹസ്യമായി അവശേഷിച്ചു.