05 April 2016

നേർക്കാഴ്ച (കഥ)

സമയം രാത്രി 12 കഴിഞ്ഞു. അസമയമായതിനാൽ അധികം ആളുകൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. മൂന്നു മണിക്കാണ് എനിക്കുള്ള അടുത്ത ബസ്സ്‌. അതുകൊണ്ടു ഒരു റൂമെടുക്കാതെ അതുവരെ അവിടെത്തന്നെ താങ്ങാൻ ഞാൻ തീരുമാനിച്ചു.

അപ്പോഴാണ്‌ അതുവരെ മറന്നിരുന്ന ഒരു അസ്വസ്ഥത വീണ്ടും തലപൊക്കിയത്, വല്ലാത്ത മൂത്രശങ്ക! ബസ്സ്‌ സ്റ്റാന്റിന്റെ ഒരു കോണിൽ ആരുടെയും കണ്ണിൽപ്പെടാതെ ഒളിഞ്ഞിരിപ്പുണ്ടായിരുന്ന മൂത്രപ്പുര ഒടുവിൽ ഞാൻ കണ്ടെത്തുക തന്നെ ചെയ്തു.  

സാധാരണ, പബ്ലിക് ടോയിലറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ തോന്നാറുള്ള ശോചനീയമായ ഒരു രൂപമുണ്ടല്ലോ അതിലും എത്രയോ പരിതാപകരമായിരുന്നു അവിടെ ഞാൻ കണ്ട കാഴ്ച!    അതുകൊണ്ട് അതിലും നല്ലത് ഓപ്പണ്-‍എയർ-ഫെസിലിറ്റി തന്നെയാണെന്ന് തീരുമാനിക്കേണ്ടി വന്നു.

ഞാൻ ആ ടോയിലറ്റിന് പിന്നിലുള്ള വഴിയിലൂടെ പറ്റിയ ഒരു സ്ഥലം തേടി നടന്നു. ഞാൻ അങ്ങോട്ട്‌ നടക്കവെ ടോയിലറ്റിനോട് ചേർന്ന്, തുണികൊണ്ടു മറച്ച ഒരു ചായ്പ്പിൽ ഒരു സ്ത്രീയുടെ ഞരക്കങ്ങളും അടക്കിപ്പിടിച്ച സംസാരവും കേൾക്കുന്നുണ്ടായിരുന്നു.      

സംഗതി കേസുകെട്ട്‌ ആയിരിക്കുമെന്ന് തോന്നിയതുകൊണ്ട് ഞാനത് കണ്ടില്ലെന്ന് നടിച്ച് എന്റെ കാര്യം തേടി പോയി. പക്ഷെ തിരികെ വരുമ്പോൾ ആ ചായ്പ്പിൽ നേരിയ പ്രകാശമുണ്ടായിരുന്നു. അത് ശ്രദ്ധിക്കാതെ നടന്നപ്പോൾ ടോയിലറ്റിൽ നിന്ന് മെല്ലെ നടന്നുവരുന്ന ഒരു സ്ത്രീയെ കണ്ടു.

ഏകദേശം മുപ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ആ സ്ത്രീക്ക് നടക്കാൻ തീരെ കഴിയുന്നുണ്ടായിരുന്നില്ല. ഓരോ കാലും ശ്രദ്ധാപൂർവ്വം വച്ച് മന്ദം മന്ദം അവർ ആ ചായ്പ്പിലേക്ക് നടന്നകന്നു.

ആ സ്ത്രീയെ കുറിച്ച് അപ്പോൾ മനസ്സിൽ തോന്നിയത് വെറുപ്പോ പുച്ഛമോ സഹതാപമോ എന്താണെന്ന് തീർത്തു പറയാൻ വയ്യ. ജീവിതത്തിലെ ഇത്തരം ചില സാഹചര്യങ്ങൾ കണ്ടില്ല കേട്ടില്ല എന്ന് കരുതി 'സ്വന്തം കാര്യം സിന്ദാബാദ്' എന്ന പൊതുതത്വം മനസ്സിലുരുവിട്ട് ഞാൻ നടന്നു.

 നാലഞ്ചു ചുവടു പോയപ്പോഴേക്കും ആ ചായ്പ്പിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ഒരുനിമിഷം ഞാനൊന്ന് നിന്നു. ഇനിയിപ്പോൾ എന്റെ നിഗമനങ്ങൾ അപ്പാടെ തെറ്റായെന്ന് വരുമോ??   ആരുടെതെന്ന് ഉറപ്പുപറയാൻ കഴിയാത്ത ഒരു കുഞ്ഞിനെക്കൂടി തെരുവിന് സമർപ്പിക്കുന്ന ചടങ്ങായിരിക്കുമോ ഒരുപക്ഷേ അവിടെ നടന്നിട്ടുണ്ടാക?

ഞാനും ഒരു അച്ഛനാണെന്നുള്ള തിരിച്ചറിവാണോ എന്നറിയില്ല ആ കരച്ചിൽ തീരെയങ്ങ് അവഗണിക്കാൻ എനിക്ക് കഴിഞ്ഞില്ല. മാത്രമല്ല, 'തെരുവ് നായ്ക്കൾ ആക്രമിച്ചു കുഞ്ഞു മരിച്ചു, ബസ് സ്റ്റാന്റിൽ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുഞ്ഞിനെ കണ്ടെത്തി' എന്നുതുടങ്ങിയ പത്രവാർത്തകളും മനസ്സിൽ വന്നു.    

ശിശുക്ഷേമ സമിതിയിൽ ഉദ്യോഗസ്ഥനായ സുഹൃത്തിനെയാണ് ആദ്യം ഓർമ്മ വന്നത്. എന്തുചെയ്യണമെന്ന് അവനെ വിളിച്ചു ചോദിക്കാം എന്ന് വിചാരിച്ച് ഫോണ്‍ കയ്യിലെടുത്തെങ്കിലും അതിനുമുമ്പ് ആ കുഞ്ഞിനെ അവർ എന്താണ് ചെയ്യുന്നതെന്നറിയാൻ തീരുമാനിച്ചു.        

ഞാൻ അൽപ്പം മാറി ഇരുട്ടിന്റെ മറവിൽനിന്ന് അവരെ ശ്രദ്ധിച്ചു. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ കണ്ടു, പഴന്തുണികൾക്കിടയിൽ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ ചേർത്തുപിടിച്ച് ഒരു പുരുഷനും, ആ കുഞ്ഞിനേയും അയാളെയും മാറിമാറി നോക്കി നിർവൃതിയടയുന്ന ആ സ്ത്രീയും.    

എന്റെ സംശയങ്ങൾക്ക് വ്യക്തമായ യാതൊരു ഉത്തരവും കിട്ടിയില്ലെങ്കിലും ആ കുഞ്ഞ് സുരക്ഷിതമായിരിക്കും എന്ന ഒരു വിശ്വാസം അപ്പോഴേക്കും എന്റെ മനസ്സിൽ ഉറച്ചു കഴിഞ്ഞിരുന്നു.   ജീവിതത്തിന്റെ വൈവിധ്യങ്ങളെ ഓർത്ത് ഞാൻ തിരികെ നടക്കുമ്പോൾ ചിന്തിച്ചത് ഞാൻ അച്ഛനായ നിമിഷങ്ങളായിരുന്നു.

അത്യാധുനിക സൗകര്യങ്ങളുളള ഹോസ്പിറ്റൽ, ശുശ്രൂഷയ്ക്ക് എന്റെയും അവളുടെയും മാതാപിതാക്കളടക്കം ഒരുപാടു ബന്ധുമിത്രാദികൾ. ഒരുതവണ അറിയാതെ ഞാൻ ലേബർറൂമിൽ ചെരുപ്പിട്ട് കയറിയപ്പോൾ നേഴ്സിൽ നിന്ന് കേട്ട ശകാരം,  ഒക്കെ ഞാനിപ്പോൾ ഓർത്തു.  

പക്ഷെ ഇന്ന് ഞാൻ കണ്ട കാഴ്ച. ആരുടെയും സഹായമില്ലാതെ, യാതൊരു വൃത്തിയുമില്ലാത്ത ഒരു ചായ്പ്പിൽ പ്രസവിച്ച്, ആരും കയറാൻ പോലും അറയ്ക്കുന്ന പബ്ലിക് ടോയിലറ്റിൽ കയറി സ്വയം ശുശ്രൂഷ ചെയ്ത ഒരു സ്ത്രീ.

ഒരുപക്ഷേ അവർക്ക് ആകെ കിട്ടിയ ആത്മധൈര്യം കൂടെയുണ്ടായിരുന്ന പുരുഷന്റെ സ്നേഹത്തോടെയുള്ള ഒരു തലോടലോ നിസ്സഹായതയും പരിഭ്രമവും നിറഞ്ഞ അയാളുടെ മുഖമോ മാത്രമായിരിക്കും.

ജീവിതത്തിലെ ചില കാഴ്ചകൾക്കും അനുഭവങ്ങൾക്കും മുന്നിൽ വെറുതെ അത്ഭുതത്തോടെ പകച്ചുനിൽക്കേണ്ടി വരുന്ന നിമിഷങ്ങൾ ഉണ്ടാവും. അത്തരം നിമിഷങ്ങളിൽ എന്ത് പറയണം എന്നുപോലും അറിയാതെ വിഷമിക്കുന്ന സന്ദർഭങ്ങളിൽ എന്റെ ഒരു പ്രിയപ്പെട്ട സുഹൃത്ത്‌ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ട്, ഇപ്രാവശ്യം ഞാനും അത് കടംകൊള്ളുന്നു,  'I think, may be this is called Life..!'