15 September 2017

ആകസ്മികം (ഓർമ്മക്കുറിപ്പ്)

നഗരമധ്യത്തിലെ ഒരു മൃഗാശുപത്രിയിൽ വച്ചാണ് ഞാനാ മനുഷ്യനെ ആദ്യമായും അവസാനമായും കണ്ടത്. കൂട്ടുകാരന്റെ പ്രിയപ്പെട്ട വളർത്തു പട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് പ്രശസ്തവും തിരക്കേറിയതുമായ ആ ആശുപത്രിയിൽ ആദ്യമായി ഞാൻ പോയത്.

മനുഷ്യരെ പോലെ തന്നെ പലവിധ ടെസ്റ്റുകളും മറ്റുമായി കുറെ സമയം ഞങ്ങൾക്ക് അവിടെ കാത്തിരിക്കേണ്ടി വന്നു. മനുഷ്യനുമായി ഏറ്റവും സൗഹൃദമുള്ളതിനാലാവണം അവിടുത്തെ രോഗികളിൽ അധികവും പട്ടികളായിരുന്നു. ഒട്ടുമിക്ക ഇനങ്ങളിലുമുള്ള പട്ടികളെയും അവിടെ കാണാൻ പറ്റി. ഡോഗ് ഷോകളിൽ നിന്നുള്ള ഏക വ്യത്യാസം ഇവിടെ വരുന്ന പട്ടികൾ മുറിവും അവശതയും കൊണ്ട് വേദനയാലുള്ള അഭ്യാസങ്ങൾ കാണിക്കുന്നു എന്ന് മാത്രമാണ്.

അപ്പോഴാണ് കൈയിൽ ഒരു അണ്ണാനുമായി ഒരാൾ വരുന്നത്. ആദ്യം എല്ലാവരേയും പോലെ എനിക്കും ഒരു കൗതുകം മാത്രം തോന്നി. കഴുത്തിന് ഒടിവോ ചതവോ പറ്റി അനങ്ങാൻ കഴിയാത്ത അവസ്‌ഥയിൽ ആയിരുന്നു അത്. മനുഷ്യരുമായി ഇണങ്ങി വളരുന്ന അണ്ണാനുകളെ ടിവിയിലൊക്കെ കണ്ടിട്ടുള്ളോണ്ട് അത്ഭുതമൊന്നും തോന്നിയില്ല.

പക്ഷേ പരിചയപ്പെട്ടു വന്നപ്പോഴാണ് മനസ്സിലായത്, അത് അയാൾ വളർത്തുന്നത് ആയിരുന്നില്ല. വലിയ ഏതോ കെട്ടിടത്തിന് മുകളിൽ നിന്ന് റോഡിലെ ഫുട്പാത്തിൽ വീണാതായിരുന്നു അത്. ആ വീഴ്ചയിൽ കഴുത്തിന് മുറിവല്ലാതെ കാര്യമായി എന്തോ പറ്റി. തന്റെ കണ്മുന്നിൽ സംഭവിച്ചതിനാൽ ഓട്ടോ ഡ്രൈവർ ആയ അദ്ദേഹം അതുമായി നേരെ വീട്ടിൽ പോയി പാലൊക്കെ കൊടുത്തു നേരെ ആശുപത്രിയിലേക്ക് വരികയായിരുന്നു, അതും വീട്ടുകാരുടെ ഉപദേശം അവഗണിച്ചുകൊണ്ട്!

'കണ്ണിനു മുന്നിൽ കണ്ടിട്ട് കളയാൻ തോന്നിയില്ല, അതും ഒരു ജീവൻ അല്ലേ.. രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെട്ടോട്ടെ. ജീവനുണ്ട്, ദേ നോക്കിയേ.. പാലൊക്കെ കുടിച്ചു. പക്ഷേ അനങ്ങാൻ പറ്റുന്നില്ല...' എന്നൊക്കെ പറഞ്ഞുകൊണ്ട് അയാൾ അതിനെ കൈവെള്ളയിൽ വച്ച് പരിപാലിക്കുന്നത് കാണുമ്പോൾ അറിയാം, അത് അയാളുടെ മനസ്സിൽ തട്ടിയുള്ള വാക്കുകളാണെന്ന്, അയാളിലെ നന്മ മാത്രമാണെന്ന്!

ഞങ്ങളുടെ കാര്യം കഴിഞ്ഞിട്ടും അയാൾ അതിനെ ഡോക്ടറെ കാണിക്കുന്നത് വരെ കാത്തുനിൽക്കാതിരിക്കാൻ ഞങ്ങൾക്കും കഴിഞ്ഞില്ല. അയാൾ തന്റെ കുഞ്ഞിനെ എന്നപോലെ അതിനെ ചേർത്തുപിടിച്ചു കാര്യങ്ങൾ വിശദീകരിച്ചു. പരിശോധിച്ച ശേഷം, എക്‌സ്‌റേ എടുക്കാതെ ഒന്നും പറയാൻ പറ്റില്ലെന്നും, 200 രൂപയാവും എടുക്കുന്നോ എന്ന് ഡോക്ടർ ചോദിക്കുമ്പോൾ നിസ്സഹായതയോടെയുള്ള അയാളുടെ ആ നിൽപ്പ് ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല. ഒടുവിൽ, അയാളിലെ നന്മ കണ്ടിട്ടാവും രണ്ട് ഇൻജക്ഷൻ കൊടുത്തുനോക്കാം രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെട്ടോട്ടെ എന്നുപറഞ്ഞു മരുന്ന് വാങ്ങാൻ എഴുതി കൊടുത്തു. അയാളെ പുറത്തുകൊണ്ടുപോയി മരുന്നുവാങ്ങി തിരിച്ചു എത്തിച്ചശേഷം അയാളുടെ നമ്പറും വാങ്ങിയാണ് ഞങ്ങൾ മടങ്ങിയത്.

തിരിച്ചു വരുന്ന വഴി ഞാൻ ആലോചിക്കുവായിരുന്നു, നമ്മളിൽ എത്രപേർ അയാളെ പോലെ ചിന്തിക്കും? അയാളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ... വേദന തോന്നും, നെഞ്ചോന്ന് പിടയും. ചിലപ്പോൾ, ഇനിയും കിടന്ന് കഷ്ടപ്പെടാതെ ചാവുന്നതാ നല്ലാതെന്നോ മറ്റോ ചിന്തിച്ചു ആശ്വസിക്കും! എങ്കിലും കണ്ടില്ലെന്ന് നടിച്ച് പോയേനെ. എന്തായാലും അയാളെപ്പോലെ ഒരിക്കലും ചെയ്യുമായിരുന്നില്ല. ഇനിയും ചെയ്യുമെന്നും ഉറപ്പില്ല. കാരണം, മനസ്സ് നിറഞ്ഞ നന്മ ഉള്ളവർക്കേ അയാളെ പോലെ ചിന്തിക്കാനും ഒന്നും ആഗ്രഹിക്കാതെ പ്രവർത്തിക്കാനും കഴിയൂ.

പൊതുവെ നമ്മുടെ സമൂഹത്തിൽ ഓട്ടോക്കാരെ കുറിച്ചുള്ള പരാതികൾ ഒത്തിരിയാണ്. അപ്പോഴാണ് അവരിൽ നിന്നൊരു പച്ചയായ മനുഷ്യൻ. എന്തൊക്കെ കുറ്റങ്ങൾ പറഞ്ഞാലും നല്ല മനുഷ്യർ ഒരുപാടുണ്ട്, നമുക്കിടയിൽ തന്നെ. പക്ഷെ അവരെ ആരും തിരിച്ചറിയാതെ പോകുന്നു എന്ന് മാത്രം. എന്റെ ഭാഗ്യം കൊണ്ടാവണം കുറേ കാലത്തിന് ശേഷം അങ്ങനെയൊരാളെ കാണാൻ കഴിഞ്ഞു. മനസ്സിന് നല്ല സന്തോഷം തോന്നുന്നു അയാളെ ഓർത്ത്...

12 March 2017

എഴുത്തിന്റെ വഴികൾ

എങ്ങനെ ഞാൻ എഴുത്തിന്റെ വഴിയിലേക്ക് വന്നു അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ എഴുതാൻ ശ്രമിക്കുന്നു എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ജന്മവാസനയോ ആരുടെയെങ്കിലും പ്രചോദനം കൊണ്ടോ അല്ല ഞാൻ എഴുതി തുടങ്ങിയത് ('എഴുതി തുടങ്ങിയത്' എന്നൊക്കെ പറയുമ്പോൾ, ഉടനെ വലിയ വലിയ എഴുത്തുകാരെ ഒന്നും ഇങ്ങോട്ട് വലിച്ചിഴയ്ക്കേണ്ട. എന്തെങ്കിലും ഒരു കാര്യത്തെ പറ്റി പറഞ്ഞാൽ ഉടനെ അതുമായി ബന്ധപ്പെട്ട അങ്ങ് കൊമ്പത്തെ ആളുകളുമായി ഒരു താരതമ്യം ഉണ്ട്. തൽക്കാലം അതിവിടെ വേണ്ട!)

 എന്റെ മനസ്സിൽ തോന്നുന്നത് എന്റെ താൽപ്പര്യത്തിന് അനുസരിച്ച് എനിക്ക് തോന്നുന്ന രീതിയിൽ ഞാൻ എഴുതുന്നു. അതിനെയാണ്  ഈ 'എഴുത്ത്' എന്നതുകൊണ്ട് ഞാനിവിടെ ഉദ്ദേശിക്കുന്നത്!!

സത്യം പറഞ്ഞാൽ ഞാൻ എഴുതി തുടങ്ങാൻ കാരണം ഒരു പെണ്‍കുട്ടിയാണ്. എന്നുവച്ച് അവൾ എന്റെ പുറകെ നടന്ന് 'എഴുതൂ, എഴുതൂ' എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച് എഴുതിച്ചു എന്നല്ല. ഒരിക്കൽ അവളുമായി ഉണ്ടായ ഒരു തർക്കത്തിന്റെ വാശിയിൽ നിന്നാണ് ഞാൻ അങ്ങനെ ഒരു സാഹസത്തിന് മുതിർന്നത്. അത്യാവശ്യം കവിതയൊക്കെ എഴുതുന്ന കൂട്ടത്തിലായിരുന്നു അവൾ. ആ അവളോട് തർക്കിച്ച്‌, "എഴുതുന്നത്‌ അത്ര വലിയ ആനക്കാര്യമൊന്നുമല്ല, ഒന്ന് ശ്രമിച്ചാൽ ആർക്കും പറ്റാവുന്നതേ ഉള്ളൂ.." എന്നൊക്കെ പറയേണ്ട വല്ല കാര്യമുണ്ടായിരുന്നോ എന്ന് ചിന്തിക്കാനുള്ള വിവേകം എനിക്കുണ്ടായത് ഒരു കവിത എഴുതാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ മാത്രമാണ്!!

മലയാളത്തിൽ കുറച്ചു വാക്കുകൾ അറിയാമെങ്കിൽ അതൊക്കെ മാറ്റിയും മറിച്ചും കുത്തിയും തിരുകിയും ഒക്കെ ഒരു കവിത ഉണ്ടാക്കാം എന്നൊരു ധാരണ അന്നുവരെ എന്റെ മനസ്സിൽ എവിടെയോ ഉണ്ടായിരുന്നു. ആ ധൈര്യത്തിലാണല്ലോ ഞാനവളോട് തർക്കിച്ചതും! പക്ഷെ അതിനുമുമ്പൊരിക്കലും അങ്ങനൊരു സാഹസത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത ഞാൻ എന്തിന്റെ അടിസ്ഥാനത്തിലാണ് അപ്പോൾ അങ്ങനെ പറഞ്ഞതെന്ന് മാത്രം അന്നും ഇന്നും എനിക്ക് പിടികിട്ടിയിട്ടില്ല!!
 
 എന്നാലും നാലുവരിയിൽ അന്ന് ഞാൻ ഒരു കവിത (അതിനെ കവിത എന്ന് പറയാനാണ് ഇപ്പോഴും എനിക്കിഷ്ടം!) ഒപ്പിച്ചു. കുറച്ചുവാക്കുകൾ വച്ച് എന്തോ ഒരു സംഭവം! കവിതയുടെയും കവിയുടെയും ഒക്കെ പ്രാധാന്യം അന്നാണ് ഞാൻ ശരിക്ക് മനസ്സിലാക്കിയത്. 'വയലാറേ, ആശാനേ എല്ലാർക്കും നമസ്കാരം' എന്ന് അറിയാതെ ഞാനപ്പോൾ മനസ്സിൽ പറഞ്ഞുപോയി! അടുത്ത ദിവസം രാവിലെ തന്നെ 'കവിത' അവൾക്ക് കൊടുത്തു. വായിച്ചിട്ട് അവൾ കൊള്ളില്ല എന്നൊന്നും പറഞ്ഞില്ല, എന്നെ നോക്കി പതിവില്ലാത്തവിധം പുഞ്ചിരിച്ചു! എന്നിട്ട് വളരെ രഹസ്യമായി എന്നോട് പറഞ്ഞു, "ഇനി ഇതുപോലെ എന്തേലും എഴുതിയാൽ ദയവുചെയ്ത് ആരെയും കാണിക്കരുത്, പ്ലീസ്!!".

അങ്ങനെ എന്റെ ആദ്യത്തെയും അവസാനത്തെയും 'കവിത' അവിടെ അവസാനിച്ചു (അന്നവൾ ഒന്ന് കണ്ണടച്ച് പ്രോത്സാഹിപ്പിചെങ്കിൽ ഒരു വയലാർ അവാർഡ് എന്റെ വീട്ടിൽ ഇരുന്നേനെ!). ഞാൻ പറഞ്ഞിട്ടുള്ള എന്റെ ചില അനുഭവങ്ങൾ ഒക്കെ എഴുതിനോക്കൂ തമാശകലർന്ന രീതിയിലായാൽ നന്നായിരിക്കും എന്ന് പറഞ്ഞ്‌ എഴുതാൻ പ്രേരിപ്പിച്ചത് അവളായിരുന്നു. അതായിരുന്നു എഴുത്തിന്റെ തുടക്കം. എന്റെ കുട്ടിക്കാലത്തെ ഒരു അനുഭവമാണ് ആദ്യമായി എഴുതിയത്. അത് വായിച്ചപ്പോൾ അവൾക്ക് ഇഷ്ടപ്പെട്ടു. തുടർന്ന് എന്റെ അനുഭവങ്ങളും ഓർമ്മകളും ഒക്കെയായി ഞാൻ എഴുതി തുടങ്ങി.

ജന്മവാസന കൊണ്ടല്ലാതെ എഴുതുന്നവരിൽ ഏതെങ്കിലും ഒരു എഴുത്തുകാരന്റെ സ്വാധീനം ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്. ഞാൻ എഴുതി തുടങ്ങിയത് അങ്ങനെയല്ലെങ്കിലും ആദ്യമായി ഒരു 'കഥ' എഴുതാൻ കാരണം ഒരു എഴുത്തുകാരിയാണ്. ഏറ്റവും രസകരമായ കാര്യം അവരുടെ ആകെ ഒരു കഥ മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ!

ആ സമയത്ത് വായനയോടൊന്നും ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല. സ്കൂൾ ടൈമിൽ പഠിച്ച എം.ടി യുടെ 'നിന്റെ ഓർമ്മയ്ക്ക്‌' ബഷീറിന്റെ 'ബാല്യകാലസഖി' ഇവ രണ്ടും മാത്രമാണ് അന്നത്തെ എന്റെ വായനയുടെ ആകെയുള്ള ഓർമ്മകൾ! അതുകൊണ്ടുതന്നെ അന്നും ഇന്നും അവരാണ് എന്റെ പ്രിയപ്പെട്ട എഴുത്തുകാർ. ഇവരോടൊക്കെ കടുത്ത ആരാധനയും ബഹുമാനവും അസൂയയും തോന്നിയിരുന്നു എന്നല്ലാതെ എനിക്കും എന്തെങ്കിലും എഴുതണം എന്നൊന്നും ഒരിക്കലും തോന്നിയിരുന്നില്ല.

ബൈ ദ ബൈ വിഷയത്തിൽ നിന്ന് വ്യതിചലിക്കാതെ ഞാൻ കാര്യത്തിലോട്ട് വരാം. ഒരിക്കൽ അവിചാരിതമായി പുതിയ തലമുറയുടെ (ഗ്രേഡ് സിസ്റ്റം) മലയാളം പാഠപുസ്തകത്തിൽ അഷിത എന്ന എഴുത്തുകാരിയുടെ ഒരു കഥ കണ്ടു. അപ്പോൾ മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ആ കഥ ഞാൻ വായിച്ചു. വല്യ സംഭവം ഒന്നുമല്ലാത്ത ഒരു ചെറിയ കഥ ആയിരുന്നെങ്കിലും എനിക്കത് വളരെ ഇഷ്ടപ്പെട്ടു. സിമ്പിളായ രീതിയിൽ നല്ല രസകരമായിരുന്നു അതിലെ ഭാഷ.

 ആ കഥ വായിച്ചതിന് ശേഷം എന്താന്നറിയില്ല എനിക്കും ഒരു കഥ എഴുതണം എന്നൊരാഗ്രഹം പെട്ടെന്ന് പൊട്ടിമുളച്ചു! നടക്കാൻ ചാൻസ് ഇല്ലാത്ത ഇതുപോലത്തെ പല ആഗ്രഹങ്ങളും എനിക്ക് പലപ്പോഴും ഉണ്ടാവാറുണ്ട്. പതിവുപോലെ കുറച്ചുസമയം കഴിയുമ്പോൾ അത് താനേ അതിന്റെ വഴിക്ക് പോവുകയും ചെയ്യും! പക്ഷേ ഈ ആഗ്രഹം എന്നെ വിട്ടുപോയില്ല!

ഇതിനുമുമ്പ് തമാശക്കുപോലും ഒരു കഥ എഴുതുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. പഠിക്കുന്ന പുസ്തകങ്ങളല്ലാതെ വായനയും ഉണ്ടായിരുന്നില്ല. എങ്ങനെ എഴുതണം എന്നോ എന്തിനെ കുറിച്ച് എഴുതണമെന്നോ ഒരുപിടിയുമില്ല. എങ്ങനെയെങ്കിലും എഴുതണം എന്ന വാശി മാത്രം ഉണ്ട്! ഒടുവിൽ ഞാൻ ഒരു പേപ്പറും പേനയുമായി എഴുതാനിരുന്നു (പേപ്പറും പേനയും എടുത്താൽ കഥ ഓടിവരും എന്നൊരു വിചാരമൊന്നും ഉണ്ടായിരുന്നില്ല!). കുറെ ആലോചിച്ച് വട്ടായപ്പോൾ ആ പേപ്പറും കീറിക്കളഞ്ഞു എണീറ്റ്‌ പോവാനാണ് തോന്നിയത്. പക്ഷേങ്കി എനിക്ക് കഥ എഴുതിയെ പറ്റൂ!!
 
 അവസാനം അഷിതയുടെ കഥയിലെ ഒരു വരിയിൽ നിന്ന് ഞാൻ ഒരു കഥ മെനഞ്ഞെടുത്തു, അതും മൂന്നോ നാലോ ദിവസങ്ങള് കൊണ്ട്! ആ ഒരു വരിയുടെ പ്രചോദനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കഥ തികച്ചും പുതിയതായിരുന്നു. അതായിരുന്നു എന്റെ ആദ്യ കഥ. പത്രങ്ങൾക്കോ വാരികകൾക്കോ ഒന്നും അയച്ചുകൊടുക്കാത്തത്‌ കൊണ്ടു ഒരിടത്തും അത് പ്രസിദ്ധീകരിച്ചിട്ടില്ല എന്നുമാത്രം!!

കുറെ നാളുകൾക്ക് ശേഷം വീണ്ടും ഞാൻ ചില കഥകൾ കൂടി എഴുതി. അങ്ങനെ മൂന്നോ നാലോ കഥകൾക്ക് ശേഷമാണ് സത്യം പറഞ്ഞാൽ എനിക്ക് വായനയോട്‌ താൽപ്പര്യം തോന്നി തുടങ്ങിയത്‌. ചെറിയ രീതിയിൽ വായിച്ചു തുടങ്ങിയപ്പോഴാണ് 'കഥ' എന്ന പേരിൽ ഞാൻ കാണിച്ച ക്രൂരത എനിക്ക് ബോദ്ധ്യമായത്! ആ തിരിച്ചറിവും പിന്നെ എന്റെ മടിയും ഒക്കെ കാരണം എന്റെ എഴുത്ത് പാതിവഴിയിൽ എവിടെയോ ഉപേക്ഷിക്കപ്പെട്ടു.

ഞാൻ എഴുതുന്നത്‌ ആദ്യമൊക്കെ അപൂർവ്വം ചിലർക്ക് മാത്രമേ വായിക്കാൻ കൊടുക്കാറുള്ളൂ. എഴുതുന്നതുകൊണ്ട് എനിക്ക് കിട്ടുന്ന ഒരു സുഖം ഉണ്ട്, അതിനുവേണ്ടിയാണ് ഞാൻ എഴുതിയിരുന്നത്. എന്നാൽ അതിനെയൊക്കെ മാറ്റിമറിച്ച്, എന്റെ എഴുത്ത് വീണ്ടും തുടരാൻ ഒരു ട്വിസ്റ്റ് ഉണ്ടായി, ഒരു ചാറ്റ് ഫ്രണ്ടിന്റെ രൂപത്തിൽ!

അവളെ പരിചയപ്പെട്ടതിന് ശേഷം, അവളുടെ ശല്യം കാരണമാണ് ഞാൻ വീണ്ടും എഴുതി തുടങ്ങിയതും ബ്ലോഗ്‌ തുടങ്ങിയതും ഒക്കെ. സത്യം പറഞ്ഞാൽ അവൾക്ക് വേണ്ടി എഴുതുകയായിരുന്നു എന്നുവേണേലും പറയാം, അത്രക്കായിരുന്നു പ്രോത്സാഹനം! ഓർത്തുനോക്കുമ്പോൾ എല്ലാം ഒരു നിമിത്തമായി കാണാനാണ് എനിക്കിഷ്ടം.

വളരെ ചുരുക്കം ചിലർക്കൊഴികെ എന്റെ ഈ സാഹസം മറ്റാർക്കും അറിയില്ല. ഇനിയെങ്ങാനും അറിയുന്നവർക്കൊക്കെ, "നീയോ? എഴുത്തോ?" എന്നൊരു ചോദ്യരൂപത്തിലുള്ള കോമഡി നിറഞ്ഞ നോട്ടം മാത്രമേ ഉണ്ടാവൂ. അത്രേ പാടുള്ളൂ!!

മക്കളേ, നിങ്ങൾ രണ്ടാളുമാണ് എല്ലാത്തിനും കാരണക്കാർ. ഞാൻ എഴുതി വെറുപ്പിക്കുന്ന ഓരോന്നിനും നിങ്ങൾ മാത്രമാകുന്നു ഉത്തരവാദികൾ!! എന്റെ ഓരോ വരികൾക്ക് പിന്നിലും നിങ്ങളുടെ ഓർമ്മകളുണ്ടാവും, എന്നും! നിങ്ങൾക്ക് നന്ദി. ആദ്യമായി എനിക്കൊരു ബ്ലോഗ് ഉണ്ടാക്കി തന്ന്, എഴുത്തിന്റെ വഴികളിൽ കൂടെ നിന്ന തടിയാ നിനക്കും...

05 April 2016

നേർക്കാഴ്ച (കഥ)

സമയം രാത്രി 12 കഴിഞ്ഞു. അസമയമായതിനാൽ അധികം ആളുകൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. മൂന്നു മണിക്കാണ് എനിക്കുള്ള അടുത്ത ബസ്സ്‌. അതുകൊണ്ടു ഒരു റൂമെടുക്കാതെ അതുവരെ അവിടെത്തന്നെ താങ്ങാൻ ഞാൻ തീരുമാനിച്ചു.

അപ്പോഴാണ്‌ അതുവരെ മറന്നിരുന്ന ഒരു അസ്വസ്ഥത വീണ്ടും തലപൊക്കിയത്, വല്ലാത്ത മൂത്രശങ്ക! ബസ്സ്‌ സ്റ്റാന്റിന്റെ ഒരു കോണിൽ ആരുടെയും കണ്ണിൽപ്പെടാതെ ഒളിഞ്ഞിരിപ്പുണ്ടായിരുന്ന മൂത്രപ്പുര ഒടുവിൽ ഞാൻ കണ്ടെത്തുക തന്നെ ചെയ്തു.  

സാധാരണ, പബ്ലിക് ടോയിലറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ തോന്നാറുള്ള ശോചനീയമായ ഒരു രൂപമുണ്ടല്ലോ അതിലും എത്രയോ പരിതാപകരമായിരുന്നു അവിടെ ഞാൻ കണ്ട കാഴ്ച!    അതുകൊണ്ട് അതിലും നല്ലത് ഓപ്പണ്-‍എയർ-ഫെസിലിറ്റി തന്നെയാണെന്ന് തീരുമാനിക്കേണ്ടി വന്നു.

ഞാൻ ആ ടോയിലറ്റിന് പിന്നിലുള്ള വഴിയിലൂടെ പറ്റിയ ഒരു സ്ഥലം തേടി നടന്നു. ഞാൻ അങ്ങോട്ട്‌ നടക്കവെ ടോയിലറ്റിനോട് ചേർന്ന്, തുണികൊണ്ടു മറച്ച ഒരു ചായ്പ്പിൽ ഒരു സ്ത്രീയുടെ ഞരക്കങ്ങളും അടക്കിപ്പിടിച്ച സംസാരവും കേൾക്കുന്നുണ്ടായിരുന്നു.      

സംഗതി കേസുകെട്ട്‌ ആയിരിക്കുമെന്ന് തോന്നിയതുകൊണ്ട് ഞാനത് കണ്ടില്ലെന്ന് നടിച്ച് എന്റെ കാര്യം തേടി പോയി. പക്ഷെ തിരികെ വരുമ്പോൾ ആ ചായ്പ്പിൽ നേരിയ പ്രകാശമുണ്ടായിരുന്നു. അത് ശ്രദ്ധിക്കാതെ നടന്നപ്പോൾ ടോയിലറ്റിൽ നിന്ന് മെല്ലെ നടന്നുവരുന്ന ഒരു സ്ത്രീയെ കണ്ടു.

ഏകദേശം മുപ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ആ സ്ത്രീക്ക് നടക്കാൻ തീരെ കഴിയുന്നുണ്ടായിരുന്നില്ല. ഓരോ കാലും ശ്രദ്ധാപൂർവ്വം വച്ച് മന്ദം മന്ദം അവർ ആ ചായ്പ്പിലേക്ക് നടന്നകന്നു.

ആ സ്ത്രീയെ കുറിച്ച് അപ്പോൾ മനസ്സിൽ തോന്നിയത് വെറുപ്പോ പുച്ഛമോ സഹതാപമോ എന്താണെന്ന് തീർത്തു പറയാൻ വയ്യ. ജീവിതത്തിലെ ഇത്തരം ചില സാഹചര്യങ്ങൾ കണ്ടില്ല കേട്ടില്ല എന്ന് കരുതി 'സ്വന്തം കാര്യം സിന്ദാബാദ്' എന്ന പൊതുതത്വം മനസ്സിലുരുവിട്ട് ഞാൻ നടന്നു.

 നാലഞ്ചു ചുവടു പോയപ്പോഴേക്കും ആ ചായ്പ്പിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ഒരുനിമിഷം ഞാനൊന്ന് നിന്നു. ഇനിയിപ്പോൾ എന്റെ നിഗമനങ്ങൾ അപ്പാടെ തെറ്റായെന്ന് വരുമോ??   ആരുടെതെന്ന് ഉറപ്പുപറയാൻ കഴിയാത്ത ഒരു കുഞ്ഞിനെക്കൂടി തെരുവിന് സമർപ്പിക്കുന്ന ചടങ്ങായിരിക്കുമോ ഒരുപക്ഷേ അവിടെ നടന്നിട്ടുണ്ടാക?

ഞാനും ഒരു അച്ഛനാണെന്നുള്ള തിരിച്ചറിവാണോ എന്നറിയില്ല ആ കരച്ചിൽ തീരെയങ്ങ് അവഗണിക്കാൻ എനിക്ക് കഴിഞ്ഞില്ല. മാത്രമല്ല, 'തെരുവ് നായ്ക്കൾ ആക്രമിച്ചു കുഞ്ഞു മരിച്ചു, ബസ് സ്റ്റാന്റിൽ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുഞ്ഞിനെ കണ്ടെത്തി' എന്നുതുടങ്ങിയ പത്രവാർത്തകളും മനസ്സിൽ വന്നു.    

ശിശുക്ഷേമ സമിതിയിൽ ഉദ്യോഗസ്ഥനായ സുഹൃത്തിനെയാണ് ആദ്യം ഓർമ്മ വന്നത്. എന്തുചെയ്യണമെന്ന് അവനെ വിളിച്ചു ചോദിക്കാം എന്ന് വിചാരിച്ച് ഫോണ്‍ കയ്യിലെടുത്തെങ്കിലും അതിനുമുമ്പ് ആ കുഞ്ഞിനെ അവർ എന്താണ് ചെയ്യുന്നതെന്നറിയാൻ തീരുമാനിച്ചു.        

ഞാൻ അൽപ്പം മാറി ഇരുട്ടിന്റെ മറവിൽനിന്ന് അവരെ ശ്രദ്ധിച്ചു. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ കണ്ടു, പഴന്തുണികൾക്കിടയിൽ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ ചേർത്തുപിടിച്ച് ഒരു പുരുഷനും, ആ കുഞ്ഞിനേയും അയാളെയും മാറിമാറി നോക്കി നിർവൃതിയടയുന്ന ആ സ്ത്രീയും.    

എന്റെ സംശയങ്ങൾക്ക് വ്യക്തമായ യാതൊരു ഉത്തരവും കിട്ടിയില്ലെങ്കിലും ആ കുഞ്ഞ് സുരക്ഷിതമായിരിക്കും എന്ന ഒരു വിശ്വാസം അപ്പോഴേക്കും എന്റെ മനസ്സിൽ ഉറച്ചു കഴിഞ്ഞിരുന്നു.   ജീവിതത്തിന്റെ വൈവിധ്യങ്ങളെ ഓർത്ത് ഞാൻ തിരികെ നടക്കുമ്പോൾ ചിന്തിച്ചത് ഞാൻ അച്ഛനായ നിമിഷങ്ങളായിരുന്നു.

അത്യാധുനിക സൗകര്യങ്ങളുളള ഹോസ്പിറ്റൽ, ശുശ്രൂഷയ്ക്ക് എന്റെയും അവളുടെയും മാതാപിതാക്കളടക്കം ഒരുപാടു ബന്ധുമിത്രാദികൾ. ഒരുതവണ അറിയാതെ ഞാൻ ലേബർറൂമിൽ ചെരുപ്പിട്ട് കയറിയപ്പോൾ നേഴ്സിൽ നിന്ന് കേട്ട ശകാരം,  ഒക്കെ ഞാനിപ്പോൾ ഓർത്തു.  

പക്ഷെ ഇന്ന് ഞാൻ കണ്ട കാഴ്ച. ആരുടെയും സഹായമില്ലാതെ, യാതൊരു വൃത്തിയുമില്ലാത്ത ഒരു ചായ്പ്പിൽ പ്രസവിച്ച്, ആരും കയറാൻ പോലും അറയ്ക്കുന്ന പബ്ലിക് ടോയിലറ്റിൽ കയറി സ്വയം ശുശ്രൂഷ ചെയ്ത ഒരു സ്ത്രീ.

ഒരുപക്ഷേ അവർക്ക് ആകെ കിട്ടിയ ആത്മധൈര്യം കൂടെയുണ്ടായിരുന്ന പുരുഷന്റെ സ്നേഹത്തോടെയുള്ള ഒരു തലോടലോ നിസ്സഹായതയും പരിഭ്രമവും നിറഞ്ഞ അയാളുടെ മുഖമോ മാത്രമായിരിക്കും.

ജീവിതത്തിലെ ചില കാഴ്ചകൾക്കും അനുഭവങ്ങൾക്കും മുന്നിൽ വെറുതെ അത്ഭുതത്തോടെ പകച്ചുനിൽക്കേണ്ടി വരുന്ന നിമിഷങ്ങൾ ഉണ്ടാവും. അത്തരം നിമിഷങ്ങളിൽ എന്ത് പറയണം എന്നുപോലും അറിയാതെ വിഷമിക്കുന്ന സന്ദർഭങ്ങളിൽ എന്റെ ഒരു പ്രിയപ്പെട്ട സുഹൃത്ത്‌ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ട്, ഇപ്രാവശ്യം ഞാനും അത് കടംകൊള്ളുന്നു,  'I think, may be this is called Life..!'