04 February 2014
മൂകരാഗം
ജീവിതത്തിന്റെ അർത്ഥതലങ്ങൾ തേടിയുള്ള അലച്ചിലുകളിൽ സംതൃപ്തി കണ്ടെത്തിയ നാളുകൾ. ആരോടും ഒരു കമ്മിറ്റ്മെന്റും ഇല്ലാതെ, ബന്ധങ്ങളുടെ കരവലയമില്ലാതെ ലക്ഷ്യമില്ലാത്ത യാത്രകളിലായിരുന്നു പലപ്പോഴും ഞാൻ സന്തോഷം കണ്ടെത്തിയിരുന്നത്.
പുതിയ പുതിയ നാടുകളും അവിടുത്തെ മനുഷ്യരും ജീവിതരീതികളും, അങ്ങനെ കണ്ണിന് പുതുമയാർന്ന ഓരോ കാഴ്ചകളും, കൗതുകത്തോടെയും സൂക്ഷ്മതയോടെയും ഞാൻ നോക്കിക്കാണാറുണ്ടായിരുന്നു. ചില കൗതുകങ്ങൾക്ക് പുറകെ അന്വേഷണബുദ്ധിയോടെ സഞ്ചരിക്കാനും ഞാൻ ഒട്ടും മടിച്ചിരുന്നില്ല.
പുതിയ മേച്ചിൽപുറങ്ങൾ തേടി ട്രാൻസ്ഫറുകൾ ചോദിച്ചുവാങ്ങി ഓരോ നാടുകളിലേയ്ക്ക് ഞാൻ ചേക്കെറുമായിരുന്നു. അങ്ങനെയാണ് കോഴിക്കോട് എത്തിപ്പെട്ടത്. ഞാൻ, രാമേട്ടൻ എന്ന് വിളിക്കുന്ന രാമകൃഷ്ണൻ എന്ന ഒരു സഹപ്രവർത്തകന്റെ കൂടെയായിരുന്നു ആദ്യനാളുകളിൽ താമസം.
അങ്ങനെ ഒരു ദിവസം പതിവ് സായ്ഹാനസവാരിക്കിടയിലാണ് എന്നെ കടന്നുപോയ ഒരു കുടുംബത്തെ ഞാൻ ശ്രദ്ധിച്ചത്. ചെറുപ്പക്കാരായ രണ്ടു യുവാക്കളും ഒരു യുവതിയും രണ്ടു വയസ്സോളം പ്രായമുള്ള ഒരു പെണ്‍കുഞ്ഞും. അധികം താമസിയാതെ തന്നെ അവർ സംസാരിക്കാൻ കഴിയാത്തവരാണെന്ന സത്യം എനിക്ക് മനസ്സിലായി. എന്നാൽ വളരെ സന്തോഷത്തോടെ ചിരിച്ചും ആംഗ്യഭാഷയിൽ സംസാരിച്ചും അവർ കടന്നുപോയി.
ദമ്പതികൾക്കൊപ്പമുള്ളയാൾ അവരുടെ സുഹൃത്തോ അവരിൽ ആരുടെയെങ്കിലും സഹോദരനോ ആയിരിക്കണം. അവരുടെ സംസാരത്തിൽ പങ്കുചേരാതെ ആ കുഞ്ഞ് അതിന്റെ അച്ഛനെന്നു തോന്നിക്കുന്ന യുവാവിന്റെ മാറോടു ചേർന്ന് കിടക്കുകയായിരുന്നു.
സാധാരണ, സംസാരിക്കാനോ കേൾക്കാനോ കഴിയാത്തതോ, അതുപോലെ മറ്റെന്തെങ്കിലും വൈകല്യമോ ഉള്ളവരെ കാണുമ്പോൾ അവർക്ക് വിഷമം തോന്നുന്ന രീതിയിൽ സഹതാപത്തോടെ അവരെ നോക്കാത്ത ഞാൻ ഇവരെ ശ്രദ്ധിക്കാൻ കാരണം ആ പെണ്‍കുട്ടി ആയിരുന്നു.
സംസാരിക്കാൻ കഴിയാത്ത അച്ഛനമ്മമാരുടെ മകൾ, ആ ഒരു ചിന്തയായിരുന്നു അവളെ കുറിച്ച് അപ്പോൾ എന്റെ മനസ്സിൽ. ഒപ്പം അവൾക്കു സംസാരിക്കാൻ കഴിയുമോ എന്നൊരു ജിജ്ഞാസയും. ആ ഒരു ചിന്തയോടെയായിരുന്നു അന്ന് ഞാൻ വീട്ടിലേക്കു പോയത്.
എന്നാൽ ആ കൂടിക്കാഴ്ചയ്ക്ക് ശേഷവും അവരെ ഞാൻ കണ്ടു, അതും ഞാൻ താമസിക്കുന്ന അതേ ലൊക്കാലിറ്റിയിൽ വച്ച് തന്നെ. അതിന് ശേഷമാണ് അവരെക്കുറിച്ച് ഞാൻ രാമേട്ടനോട് പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഓഫീസിനടുത്ത് ഒരു വാടകവീട് ശരിയാവുകയും ഞാൻ താമസം അങ്ങോട്ട് മാറ്റുകയും ചെയ്തു. പക്ഷെ അപ്പൊഴും എന്റെ മനസ്സിൽ അവരെ പറ്റിയുള്ള ചിന്തകൾ മാഞ്ഞിരുന്നില്ല.
എന്റെ താല്പ്പര്യം മനസ്സിലാക്കിയ രാമേട്ടൻ അവരെ പറ്റി കൂടുതൽ മനസ്സിലാക്കി. അവർ രാമേട്ടന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരുമിച്ചു ജീവിക്കുന്നതിനു വേണ്ടി വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട് സ്വന്തം നാടുവിട്ട് ഇവിടെ ജീവിക്കുന്നു.
അവരെ പറ്റി കൂടുതൽ അറിയുന്തോറും എന്റെ ആകാംക്ഷ കൂടുകയാണ് ചെയ്തത്. അവരെ പറ്റി എനിക്ക് ആദ്യം അറിയേണ്ടിയിരുന്നത് ആ കുഞ്ഞിനു സംസാരിക്കാൻ കഴിയുമോ എന്നതായിരുന്നു. ഞാൻ അതിനെ കുറിച്ച് രാമേട്ടനോട് ചോദിച്ചു.
'തനിക്ക് അവരുടെ കാര്യത്തിൽ അത്രത്തോളം താല്പ്പര്യം ഉണ്ടെങ്കിൽ ഞായറാഴ്ച വീട്ടിലേക്കു വാ. നമുക്ക് എല്ലാം പരിഹരിക്കാം' എന്നായിരുന്നു രാമേട്ടന്റെ മറുപടി.
അപ്പോഴും എനിക്ക് അറിയേണ്ടിയിരുന്ന കാര്യം ഒരു സസ്പെൻസ്സായി തന്നെ നിന്നു. പക്ഷെ ജോലി സംബന്ധമായ അപ്രതീക്ഷിതമായ ചില യാത്രകളും തിരക്കുകളുമായി രണ്ടാഴ്ചയോളം ഞാൻ സ്ഥലത്തില്ലാതിരുന്നതിനാൽ എനിക്കവരെ പോയി കാണാനോ അവരെക്കുറിച്ച് ഒന്നും അറിയാനോ കഴിഞ്ഞില്ല.
അപ്പോഴാണ് ഇന്റർനെറ്റ് വഴിയുള്ള ഒരു സാധ്യതയെ കുറിച്ച് ഞാൻ ചിന്തിച്ചത്. സംസാരിക്കാൻ കഴിയാത്ത അവരുമായി ആശയവിനിമയത്തിന് മറ്റൊരാളുടെ സഹായം തേടുന്നതിനേക്കാൾ നല്ലത് ഇതാണെന്ന് എനിക്ക് തോന്നി.
അങ്ങനെ രാമേട്ടനോട് പറഞ്ഞ് അതിനുവേണ്ട ഏർപ്പാടുകൾ ചെയ്തു. അങ്ങനെ ഒരു ദിവസം രാത്രി ഞാൻ അവരോട് ചാറ്റ് ചെയ്തു. മറ്റൊരാളുടെ സഹായമില്ലാതെ തന്നെ അവരുടെ കഥ എന്നോടു പറഞ്ഞു...
"കോളേജില്‍ വച്ചായിരുന്നു ഞങ്ങള്‍ പരിചയപ്പെട്ടത്. അവള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കി തന്നെയാണ് ഞാനവളോട് എന്റെ ഇഷ്ടം അറിയിച്ചത്. പക്ഷേ ആദ്യം അവള്‍ക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. കാരണം, സംസാരിക്കാന്‍ കഴിയുന്ന ഒരാളാവണം അവളെ വിവാഹം കഴിക്കേണ്ടത് എന്നായിരുന്നു അവളുടെ വീട്ടുകാരുടെ ആഗ്രഹം.
എന്നാല്‍ പ്രേമത്തിന് കണ്ണും മൂക്കും മാത്രമല്ല ശബ്ദവുമില്ല എന്ന് മനസ്സിലാക്കിയാവണം അവള്‍ പിന്നീട് എന്നോട് അടുത്തത്.
കോളേജ് കഴിഞ്ഞപ്പോഴേക്കും അവള്‍ക്ക് കല്യാണ ആലോചനകള്‍ വന്നുതുടങ്ങി. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വരുമെന്ന അവസ്ഥയായപ്പോള്‍ അവള്‍ എന്നോടൊപ്പം ഇറങ്ങി വന്നു. അങ്ങനെ ചന്ദനത്തിരികളുടെയും കര്‍പ്പൂരത്തിന്റെയും സുഗന്ധം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ഞാന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി.
പക്ഷേ എന്റെ പ്രതീക്ഷകളെയെല്ലാം തകര്‍ത്തുകൊണ്ട് എന്റെ വീട്ടിലും എതിര്‍പ്പുകളും കുറ്റപ്പെടുത്തലുകളും മാത്രമായിരുന്നു വരവേല്‍ക്കാന്‍ ഉണ്ടായിരുന്നത്. അങ്ങനെ എല്ലാവരില്‍ നിന്നും ഞങ്ങള്‍ ഒറ്റപ്പെട്ടു. അന്ന് എനിക്കൊരു സ്ഥിരജോലി ഉണ്ടായിരുന്നില്ല. മറ്റ് വഴിയില്ലാതെ അവളെ ഞാന്‍ ഒരു ലേഡീസ് ഹോസ്റ്റലില്‍ ആക്കി.
ഉപേക്ഷിച്ച ഒന്നോ രണ്ടോ നേരത്തെ ആഹാരത്തിന്റെ ഓര്‍മ്മകളായിരുന്നു പണ്ടെനിക്ക് വിശപ്പെങ്കില്‍ വിശപ്പിന്റെയും ഒറ്റപ്പെടലിന്റെയും വിലയറിഞ്ഞ കഷ്ടപ്പാടുകളുടെ നാളുകളായിരുന്നു പിന്നീട് എന്നെയും കാത്തിരുന്നത്...
എനിക്കൊരു ജോലി കിട്ടിയതോടെയാണ് ശരിക്കും ഞങ്ങള്‍ ജീവിച്ച് തുടങ്ങിയത്. വാടകയ്ക്ക് ഞങ്ങളൊരു വീടെടുത്തു. അധികം താമസിയാതെ അവള്‍ക്കും ഒരു ജോലി കിട്ടി. പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു.
അങ്ങനെ കാലങ്ങള്‍ കടന്നുപോകവെ ഞങ്ങള്‍ക്കൊരു മോളുണ്ടായി. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ ആ നിമിഷത്തില്‍ ഞങ്ങളുടെ പരിഭ്രമങ്ങൾ തീർത്തുകൊണ്ട്, അവള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞേക്കും എന്നുകൂടി അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കത് ഇരട്ടി മധുരമായിരുന്നു.
പക്ഷേ അപ്പോഴും മറ്റൊരു പ്രശ്നം ഞങ്ങളേയും കാത്തിരിപ്പുണ്ടായിരുന്നു. കേള്‍ക്കുന്ന ശബ്ദങ്ങളോടുള്ള പ്രതികരണങ്ങളിലൂടെയാണ് കുഞ്ഞുങ്ങള്‍ സംസാരശേഷി നേടുന്നത് എന്ന അറിവ് നിസ്സഹായരായ ഞങ്ങള്‍ക്ക് ഒരു വലിയ തിരിച്ചടിയായിരുന്നു.
വേണ്ടപ്പെട്ടവരാല്‍ ഒറ്റപ്പെട്ട്, ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ചപ്പോഴും ഉണ്ടാകാത്ത ഒരുതരം വേദന ഞങ്ങള്‍ക്കുണ്ടായി. എന്റെ മോളുടെ വായില്‍ നിന്ന് 'അച്ഛാ' എന്ന വിളികേള്‍ക്കാന്‍, ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മൂന്നാമതൊരാള്‍ ആ വീട്ടിലേക്ക് കടന്നു വരേണ്ടിവന്നു.
രക്തബന്ധത്തേക്കാള് വലിയ ആത്മബന്ധങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ സംഭാവിക്കാറുണ്ട് എന്ന് തെളിയിച്ചുകൊണ്ട് അവര്‍ ഞങ്ങള്‍ക്ക് അമ്മയും നമ്മുടെ മോള്‍ക്ക് ഒരു മുത്തശ്ശിയും ആയി മാറുകയായിരുന്നു.
പിണക്കമൊക്കെ മാറ്റിവച്ച് മോളെ കാണാന്‍ നമ്മുടെ വീട്ടുകാര്‍ വന്നിരുന്നു. അല്ലെങ്കിലും ഞങ്ങള്‍ക്ക് ആരോടും ഒരു ദേഷ്യവും ഇല്ല. എല്ലാം നല്ലതിന് എന്ന് വിശ്വസിച്ച് ജീവിക്കുന്നു. എല്ലാവിധത്തിലും ഞങ്ങള്‍ ഹാപ്പിയാണ്. ഇതാണ് എന്റെ ചെറിയ ജീവിതം...". ഒരു സിനിമാകഥ കേൾക്കുന്ന കൗതുകത്തോടെയാണ് കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് അവരുടെ ജീവിതം ഞാൻ വായിച്ചറിഞ്ഞത്.
അവരെ കുറിച്ച് എല്ലാം അറിഞ്ഞതിന് ശേഷം നേരില്‍ കാണാന്‍ കഴിഞ്ഞത് ഒത്തിരി നാളുകള്‍ക്ക് ശേഷമാണ്. അസൂയ കലര്‍ന്ന ഒരു ബഹുമാനമായിരുന്നു എനിക്കവരുടെ ജീവിതത്തോട്.
പുറമേ നിന്ന് നോക്കുമ്പോള്‍ സൗകര്യങ്ങള്‍ കുറഞ്ഞ ഒരു ചെറിയ വീട് എന്ന് തോന്നിയെങ്കിലും സ്നേഹത്താല്‍ അനുഗൃഹീതമായ ഒരു കുഞ്ഞ് ദേവാലയമായിരുന്നു ആ വീടെന്ന് പിന്നീടെനിക്ക് മനസ്സിലായി.
സ്നേഹത്തിന്റെ നിലനില്‍പ്പിനെ പറ്റിയുള്ള തന്റെടത്തില്‍ വിശ്വസിക്കുന്ന ദമ്പതികളായിരുന്നു അവര്‍. അവരുടെ ജീവിതം നേരിട്ടറിഞ്ഞാല്‍ ശബ്ദം അവര്‍ക്ക് അനാവശ്യമായി തോന്നും. മറ്റാര്‍ക്കും മനസ്സിലാകാത്ത ഒരു ദിവ്യമായ ഭാഷ അവര്‍ക്കിടയിലുണ്ടായിരുന്നു. അവര്‍ക്ക് പരസ്പരം മിഴികളിലെ വാചാലങ്ങളായ ഭാവങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.
അവരോടൊപ്പം ആ വീട്ടില്‍ ഞാന്‍ കണ്ടറിഞ്ഞ ഓരോ രംഗങ്ങളും ഓരോ കടങ്കഥ പോലെ, ഒരു വലിയ ജീവിതപാഠം പോലെ എന്നില്‍ അവശേഷിക്കുന്നു. ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു കടങ്കഥ പോലെ എന്റെ മനസ്സിനുള്ളില്‍ ആ ദമ്പതികളും ഒരു സുന്ദരിക്കുട്ടിയും ഇപ്പോഴും മായാതെ തന്നെയുണ്ട്.
ഞാന്‍ ആ നാട്ടില്‍ നിന്ന് പോകുന്നതുവരെ സമയം കിട്ടുമ്പോഴൊക്കെ അവരെ പോയി കാണാറുണ്ടായിരുന്നു. ട്രാന്‍സ്ഫറായതിന് ശേഷവും ഫോണിലൂടെയും ഇന്റ്റര്‍നെറ്റിലൂടെയും ഞങ്ങള്‍ സൗഹൃദം നിലനിര്‍ത്തിയിരുന്നു. മോള് വളര്‍ന്നതോടെ അവര്‍ക്ക് വേണ്ടി അവള്‍ സംസാരിച്ചു തുടങ്ങി. ഞാന്‍ വിളിക്കുമ്പോഴൊക്കെ എല്ലാവര്‍ക്കും വേണ്ടി അവള്‍ വാതോരാതെ സംസാരിക്കും!
ജോലിയിൽ നിന്ന് റിട്ടേർഡ് ആയശേഷവും ദൂരങ്ങൾ താണ്ടിയുള്ള യാത്രകളോടായിരുന്നു എനിക്ക് പ്രിയം. അങ്ങനെയുള്ള ഒരു യാത്ര കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഞാന്‍. അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. വേണ്ടത്ര പരിഗണന കിട്ടാതെ ബാഗിന്റെ ഏതോ കോണിൽ കിടന്നിരുന്ന മൊബൈൽ തപ്പിയെടുത്തു. ആരുടെയോ ഒരു സന്ദേശം എന്നെത്തേടി വന്നിരിക്കുന്നു.
'Hai uncle, ippol evideya ullathu? Veettil Unclineyum wait cheythu ente vaka oru surprise undu!'
ധ്വനിമോളുടെ മെസേജ് ആയിരുന്നു. തിരിച്ച് വീട്ടില്‍ എത്തുന്നതുവരെ ആ സര്‍പ്രൈസ് എന്തായിരിക്കും എന്ന ആകാംക്ഷയിലായിരുന്നു ഞാന്‍.
വീട്ടിലെത്തി, ലെറ്റര്‍ ബോക്സില്‍ എന്നെയും പ്രതീക്ഷിച്ച് കിടപ്പുണ്ടായിരുന്ന ഒരു പൊതി അധികം വൈകാതെ ഞാന്‍ കണ്ടെത്തി. തുറന്നു നോക്കിയപ്പോള്‍ ഒരു പുസ്തകം, ഒരു ഇംഗ്ലീഷ് നോവല്‍ 'Shadows of Silence by Dwani S Nair'
അത്യാവശ്യം വായിക്കാറുണ്ട് എന്നല്ലാതെ അവള്‍ എഴുതാറുണ്ടെന്ന് എനിയ്ക്കറിയില്ലായിരുന്നു. അതുകൊണ്ട് ആ പുസ്തകം എനിക്ക് ശരിക്കുമൊരു സര്‍പ്രൈസ് തന്നെയായിരുന്നു. ഇങ്ങനെയൊരു സര്‍പ്രൈസ് തരാനാവും അവള്‍ ഒരു സൂചന പോലും ഇതുവരെ തരാത്തതും.
നിറഞ്ഞ മനസ്സോടെ ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ, പലപ്പോഴും അവളോടു ചോദിക്കണം എന്ന് വിചാരിച്ച് മാറ്റിവച്ച ഒരു കാര്യമാണ് ആദ്യം മനസ്സില് വന്നത്. അവളെ വിളിച്ച് അഭിനന്ദിച്ചശേഷം ഞാൻ ചോദിച്ചു,
'ഈ ബുക്കിനെ കുറിച്ചല്ലാത്ത ഒരു കാര്യം ചോദിക്കട്ടെ?'
'എന്താ അങ്കിൾ, ചോദിക്ക്?'
'അച്ഛനും അമ്മയ്ക്കും സംസാരിക്കാൻ കഴിയാത്തതിൽ മോൾക്ക് എപ്പോഴെങ്കിലും സങ്കടം തോന്നീട്ടുണ്ടോ?'
"എന്ന് ചോദിച്ചാൽ... തോന്നീട്ടുണ്ട് അങ്കിൾ. കുഞ്ഞു ക്ലാസ്സുകളിൽ പഠിക്കുമ്പോൾ കുട്ടികൾ കളിയാക്കുമ്പോഴും അവരെന്നോടു കാണിക്കുന്ന സെന്റിമെന്റ്സ് കാണുമ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ തിരിച്ചറിവുണ്ടായ പ്രായമായപ്പോൾ സത്യസന്ധമായി എനിക്ക് യാതൊരു സങ്കടമോ നിരാശയോ തോന്നീട്ടില്ല. പക്ഷെ അങ്കിൾ, സത്യം പറഞ്ഞാൽ പലപ്പോഴും കൊതിച്ചുപോയിട്ടുണ്ട് ഒരു തവണ എങ്കിലും അവരുടെ വായിൽ നിന്ന് 'മോളെ' എന്നൊന്ന് വിളിച്ച് കേൾക്കാൻ...
കുട്ടിക്കാലത്ത് എവിടെയോ വായിച്ചത് ഓര്ക്കുന്നു, 'മറ്റുള്ളവരെ കളിയാക്കലും കുറ്റപ്പെടുത്തലും ശകാരിക്കലും എന്ന് നിർത്തുന്നുവോ അന്നവർ സംസാരിക്കാൻ തന്നെ മറന്നുപോകും. സ്വയമറിയാതെ തന്നെ അവർ ഊമകളായി മാറും'. അങ്ങനെ നോക്കിയാൽ അച്ഛനെയും അമ്മയെയും കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു. മാത്രമല്ല മറ്റുള്ളവരെ അപേക്ഷിച്ച് അവർ അവരുടേതായ ഭാഷയിൽ എന്നോടു ഒരുപാടു സംസാരിക്കുന്നുണ്ട്. ആ ഭാഷയിൽ അവരുടെ സ്നേഹവും കരുതലും എല്ലാം തന്നെ ഞാൻ അനുഭവിച്ചറിയുന്നുമുണ്ട്.'
അവളോടു സംസാരിച്ചു കഴിഞ്ഞപ്പോൾ, നിരീശ്വരവാദത്തിന്റെ പാതയിലേക്ക് ചുവടുവച്ചു തുടങ്ങിയ ഞാൻ ഒരു കാര്യം തിരിച്ചറിയുകയായിരുന്നു. യുക്തികൊണ്ട് സമർഥിക്കാവുന്ന ഒന്നല്ല ഈശ്വരൻ എന്ന സങ്കല്പം. കാരണം, ജീവിതയാത്രയിൽ എവിടെയൊക്കെയോ ഈശ്വരസാന്നിദ്ധ്യം ചേർന്നുവരുന്ന നിമിഷങ്ങളുണ്ട്....
Subscribe to:
Posts (Atom)