19 November 2012

പരിവര്‍ത്തനം (കഥ)

നാട്ടിലേക്കുള്ള ട്രെയിന്‍ പിടിക്കാന്‍ ഓടിക്കിതച്ചാണ് ഞാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ട്രെയിന്‍ പോയിട്ടുണ്ടാവുമോ എന്ന സംശയത്തോടെ പ്ലാറ്റ്ഫോമിലേയ്ക്ക് നടക്കുമ്പോള്‍ അനൗണ്സ്മെന്റ് കേട്ടു, ട്രെയിന്‍ ഒരു മണിക്കൂര്‍ ലേറ്റ്!


ട്രെയിനിനെയും റയിൽവേയും ശപിച്ചുകൊണ്ട്, ഒരുകുപ്പി വെള്ളവും ഒരു മാസികയും വാങ്ങി പ്ലാറ്റ്ഫോമിലെ കോണ്‍ക്രീറ്റ് ബഞ്ചില്‍ പോയിരുന്നു. മാസിക മറിച്ചുതുടങ്ങിയതും ആരോ പുറകില്‍ നിന്ന് തട്ടി വിളിച്ചു. അല്‍പ്പം   ജിജ്ഞാസയോടെ ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ജീവിതത്തിലൊരിക്കലും ഞാന്‍ കാണാനാനാഗ്രഹിക്കാത്ത പ്രിയയുടെ മുഖം!

വര്‍ഷങ്ങള്‍ക്കു ശേഷം തികച്ചും അപ്രതീക്ഷിതമായ ആ കൂടിക്കാഴ്ച ശരിക്കും എന്നെ അമ്പരപ്പിച്ചു. അവള്‍ എന്റെ അടുത്തു വന്നിരുന്നു. അവളോടുള്ള ദേഷ്യത്തിനും വെറുപ്പിനുമൊന്നും ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലാത്തതിനാല്‍ അവിടുന്നെഴുന്നേറ്റു മാറിയിരിക്കാന്‍ തുനിഞ്ഞെങ്കിലും അവളുടെ കൈയിലിരുന്നു ചിരിക്കുന്ന കുഞ്ഞിന്റെ മുഖം കണ്ടപ്പോള്‍ എനിക്കതിനു സാധിച്ചില്ല.

എങ്കിലും കുഞ്ഞിനെ എടുക്കാനോ അവളോടു എന്തെങ്കിലും സംസാരിക്കാനോ എനിക്ക് തോന്നിയില്ല. നീണ്ട നിശബ്ദതക്കു ശേഷം അവള്‍ എന്നോടു ചോദിച്ചു,

'ആന്‍സി ഇപ്പോള്‍ ഇവിടെയാണോ താമസം?' പക്ഷേ മറുപടിയായി ഞാനൊന്ന് മൂളുക പോലും ചെയ്തില്ല.

'ഇപ്പോഴും ആന്‍സിക്ക് എന്നോടു വെറുപ്പായിരിക്കും അല്ലെ?'

'എനിയ്ക്കാരോടും വെറുപ്പുമില്ല, എനിക്കൊന്നും കേള്‍ക്കുകയും വേണ്ട.'

'ഭര്‍ത്താവിനേയും വേണ്ടപ്പെട്ടവരെയും ഉപേക്ഷിച്ചു മറ്റൊരാളോടൊപ്പം പോയ ഒരുവള്‍ സ്വാഭാവികമായും എല്ലാവരാലും വെറുക്കപ്പെട്ടവളായിരിക്കും. കല്യാണം കഴിയുന്നതുവരെ എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നല്ലോ നീ. അതുകൊണ്ടു എനിക്ക് പറയാനുള്ളത് നീ എങ്കിലും കേട്ടേ പറ്റൂ...

കല്യാണം കഴിഞ്ഞു ആദ്യത്തെ കുറെ മാസങ്ങള്‍ എല്ലാവരേയും പോലെ സന്തോഷം നിറഞ്ഞതായിരുന്നു എന്റെ ജീവിതം. പക്ഷെ പതിയെ അയാള്‍ മാറുകയായിരുന്നു. എന്നോടു അധികം സംസാരിക്കാറില്ല, ആകെ മിണ്ടുന്ന കുറച്ചു വാക്കുകള്‍ എന്നോടു ദേഷ്യപ്പെടാന്‍ മാത്രായിരിക്കും. അയാളുടെ സ്നേഹം കുറ്റപ്പെടുത്തലായും ശകാരങ്ങളായും മാറുമ്പോള്‍ അതെന്റെ ഹൃദയത്തില്‍ തീയായി പതിച്ചിരുന്നു. തുടര്‍ന്നുപഠിക്കാന്‍ സമ്മതിക്കാതെ എന്നെ ആ വലിയ വീട്ടില്‍ തളച്ചിടുകയായിരുന്നു. ക്രമേണ എന്നോടുള്ള അകല്‍ച്ച നമ്മുടെ ഉറക്കം രണ്ടു ബെഡ്റൂമില്‍ ആയി. യാതൊരുവിധ ലഹരിയുടെയും പിന്‍ബലത്തില്‍ ആയിരുന്നില്ല ഇതൊന്നും. അതോ ഇനി എന്നോടു വല്ല സംശയരോഗവും ഉണ്ടായിരുന്നോ എന്നും എനിയ്ക്കറിയില്ല.

ഞാന്‍ ഇതൊക്കെ വീട്ടില്‍ പറഞ്ഞപ്പോള്‍ ആരും തന്നെ അതത്ര സീരിയസായി എടുക്കാന്‍ കൂട്ടാക്കിയില്ല. ഉയര്‍ന്ന ജോലിയും സമൂഹത്തില്‍ അറിയപ്പെടുന്നവനുമായ അയാള്‍ അവരുടെ ഒക്കെ മുന്നില്‍ എന്നും ഒരു നല്ല മരുമകന്‍ ആയിരുന്നു. ജീവിതമാകുമ്പോള് ‍പലതും സഹിച്ചും പൊരുതപ്പെട്ടും കഴിയേണ്ടത് ഒരു പെണ്ണിന്റെ കടമയാണെന്നൊക്കെയുള്ള അമ്മയുടെയും മറ്റും ഉപദേശം മനസ്സാവരിച്ച് ഞാനെല്ലാം സഹിച്ചു.

പിന്നീട് ഞങ്ങള്‍ക്കൊരു മോളുണ്ടായി. അതോടെ നമ്മുടെ ജീവിതത്തിനു കുറച്ചെങ്കിലും മാറ്റമുണ്ടാകുമെന്നു കരുതി. പക്ഷെ എന്റെ മോളെ സ്നേഹിക്കുകയോ ഒന്ന് എടുക്കുക പോലും ചെയ്യില്ലായിരുന്നു. അതെന്നെ ആകെ തളര്‍ത്തി. മോളുകൂടി ആയതിനാല്‍ ആത്മഹത്യ എന്ന വഴിയും എനിക്ക് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു.

നിറഞ്ഞൊഴുകുന്ന കണ്ണീരല്ലാതെ മറ്റൊരു സാന്ത്വനവുമില്ലാതിരുന്ന കാലം, ആ സമയത്താണ് ഞാന്‍ എബിയെ പരിചയപ്പെടുന്നത്. എന്റെ അവസ്ഥകളറിഞ്ഞു ഒരര്‍ത്ഥത്തില്‍ എബി എന്നെ അവിടുന്നു രക്ഷിക്കുകയായിരുന്നു. ഹൃദയത്തിന്റെ അഗാധങ്ങളില്‍ ദൈവം സന്തോഷത്തിന്റെ അംശങ്ങള്‍ അവശേഷിപ്പിച്ചിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത് അദ്ദേഹത്തെ കണ്ടുമുട്ടിയതിനു ശേഷമാണ്. ഇങ്ങനെ നശിച്ച ഒരു ഭര്‍ത്താവിനെക്കള്‍ വില സ്വന്തം കണ്ണുനീരിനും മോളുടെ ഭാവിക്കുമാണെന്ന തിരിച്ചറിവാണ് എന്നെ എബിയോടോപ്പം പോകാന്‍ പ്രേരിപ്പിച്ചത്, ഒപ്പം നൊമ്പരങ്ങള്‍ നേടിത്തന്ന ആത്മധൈര്യവും.

എല്ലാം ഉപേക്ഷിച്ചു അന്ന് ഞാന്‍ പോയത്, ഒരു പക്ഷി കൂടുപേക്ഷിച്ചു സ്വതന്ത്രയായത് പോലെയായിരുന്നു. മറ്റുള്ളവരുടെ കണ്ണില്‍ ഞാന്‍ ആത്മാര്‍ഥതയുള്ള, ബഹുമാന്യയായ ഭാര്യയായിരുന്നപ്പോള്‍ വാസ്തവത്തില്‍ മനസ്സില്‍ ഞാന്‍ വെറുക്കപ്പെട്ടവളും ശപിക്കപ്പെട്ടവളുമായിരുന്നു. ഇന്ന് ഞാന്‍ ആത്മാവില്‍ പരിശുദ്ധയും സന്തുഷ്ടയുമാണ്. പക്ഷേ മറ്റുള്ളവരുടെ അഭിപ്രായത്തില്‍ ഞാന്‍ ദുഷിച്ചവളായിരിക്കാം.

കേരളം വിട്ടു ഹൈദരാബാദില്‍ എത്തിയപ്പോള്‍, എന്റെ പരിമിതികളുടെ തടവില്‍ നിന്നും ഞാനൊരു പുതിയ ലോകത്തെത്തിയ അനുഭൂതിയായിരുന്നു അപ്പോള്‍. അതുപറഞ്ഞാല്‍ ഒരുപക്ഷെ നിനക്ക് മനസ്സിലായെന്നു വരില്ല, കാരണം ചില അനുഭവങ്ങള്‍ നമ്മള്‍ ജീവിതത്തില്‍ അഭിമുഖീകരിച്ചാല്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയു.'

 പുറത്തേക്കു വന്ന കണ്ണുനീര്‍, ഹൃദയത്തിന്റെ ആഴങ്ങളിലെവിടെയോ ഒളിപ്പിച്ചുകൊണ്ടാണവള്‍ ഇത്രയും പറഞ്ഞത്. പിന്നീട് കണ്ണുനീര്‍ വാക്കുകള്‍ക്കു പകരമാവുകയും അവ അവളുടെ മനസാക്ഷിക്ക് വേണ്ടി സംസാരിക്കുകയും ചെയ്തു. അവളുടെ അഡ്രസ്സ് എഴുതിയ ഒരു കഷണം പേപ്പര്‍ എന്റെ കൈയില്‍ വച്ചിട്ട് അവള്‍ മോളുമായി തിരിഞ്ഞു നടന്നു.

അവളെ ഒന്ന് രണ്ടു പ്രാവശ്യം തിരികെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ ശബ്ദം പുറത്തു വന്നില്ല. ദൂരേയ്ക്ക് നടന്നകലുന്നതുവരെ ഞാന്‍ അവളെത്തന്നെ നോക്കിനിന്നു. നിറഞ്ഞ കണ്ണുകള്‍ക്ക്‌മുമ്പില്‍ എന്റെ കാഴ്ച അപ്പോഴേക്കും മങ്ങിയിരുന്നു. കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ട്രെയിന്‍ വന്നു. ബാഗുകളൊക്കെ ഭദ്രമായി വച്ചതിനു ശേഷം ഞാന്‍ എന്റെ സീറ്റില്‍ പോയി ഇരുന്നു.

കുറേനേരം ഇരുന്നു മുഷിഞ്ഞപ്പോള്‍, ഞാന്‍ ബാഗില്‍ നിന്ന് നേരത്തെ വാങ്ങിയ മാസിക എടുത്തു മറിച്ചുനോക്കി. "സ്ത്രീ' എന്ന തലക്കെട്ടോടെയുള്ള ഒരു ഫീച്ചറാണ് ആദ്യം എന്റെ കണ്ണില്‍ പെട്ടത്. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ തുടങ്ങിയ ഫീച്ചറിന്റെ അവസാനഭാഗം ഇങ്ങനെയായിരുന്നു,

"യുവാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും നിയന്ത്രണത്തിലുള്ള ഒരു കര്‍മ്മമായി ഇന്ന് വിവാഹം മാറിയിരിക്കുന്നു. ഇണചേരാനും പ്രസവിക്കാനുമുള്ള ഒരു സമ്മതപത്രമല്ല വിവാഹം, അതൊരു പങ്കാളിത്തമാണ്. ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്കു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാവുന്ന ഒരു കച്ചവടചരക്കാണ് ഇന്ന് സ്ത്രീ. കാലക്രമേണ അവളുടെ സൗന്ദര്യം മാഞ്ഞുപോവുകയും ഇരുണ്ട കോണുകളില്‍ ഉപേക്ഷിക്കപ്പെടുന്ന ഒരു വീട്ടുപകരണമായി അവള്‍ മാറുകയും ചെയ്യുന്നു. പക്ഷേ ആധുനിക സംസ്കാരം സ്ത്രീയെ അല്‍പ്പംകൂടി ബുദ്ധിയുള്ളവളാക്കിയിട്ടുണ്ട്. എന്നാല്‍ പുരുഷന്റെ അത്യാഗ്രഹം അവളുടെ നിലയെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. ഇന്നലെ അവള്‍ പ്രകാശത്തില്‍ അന്ധയായി നടന്നു, പക്ഷെ ഇന്നവള്‍ ഇരുട്ടില്‍ തുറന്ന കണ്ണുകളുമായി നടക്കേണ്ടി വരുന്നു..."

ആ ഫീച്ചര്‍ വായിച്ചുനിര്‍ത്തുമ്പോള്‍ എന്റെ മനസ്സ് നിറയെ പ്രിയയായിരുന്നു. സ്ത്രീയെ സൗന്ദര്യത്താലും, പരിശുദ്ധവും യഥാര്‍ത്ഥവുമായ പ്രേമത്താലും അലങ്കരിക്കുന്ന പുരുഷന് ചുറ്റും അവളുടെ ആത്മാവ് ചിറകടിച്ചു പറക്കും. അപ്പോള്‍ പിന്നെ ദുരന്തപൂര്‍ണ്ണമായ അവളുടെ ആ അവസ്ഥയില്‍, മനസ്സിന്റെ സന്തോഷവും ആഗ്രഹങ്ങളും തടഞ്ഞുനിര്‍ത്തി സ്വയം വഞ്ചിതയാകാന്‍ അവള്‍ ശ്രമിക്കാതിരുന്നത് എങ്ങനെ ഒരു കുറ്റമാവും? ദുഷിച്ചവള്‍ എന്ന് ആക്ഷേപിക്കുന്നവര്‍, ദുഃഖത്തില്‍ വെന്ത ഹൃദയത്തിന്റെ നിഷ്കളങ്കതയും വിശുദ്ധിയും അറിഞ്ഞിട്ടില്ല.

സത്യാവസ്ഥ അറിയാന്‍ ശ്രമിക്കാതെ ഇത്രയും കാലം അവളെ കൊള്ളരുതാത്തവളായി കരുതിയതില്‍ എനിയ്ക്ക് കുറ്റബോധം തോന്നി. വായിച്ചുകൊണ്ടിരുന്ന മാസിക മടക്കിവച്ച് ശൂന്യമായ മനസ്സോടെ കണ്ണുകളടച്ച്‌ സീറ്റിലേയ്ക്ക് ചാരിയിരുന്നു. അപ്പോഴും ട്രെയിനിന്റെ ശക്തിയായ താളം പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു...

No comments:

Post a Comment