18 November 2012

മാപ്പര്‍ഹിക്കാത്ത പ്രതികാരം!

ഞാന്‍ +1 പഠിക്കുമ്പോഴുള്ള ഒരു അനുഭവമാണ് ഇവിടെ പങ്കുവയ്ക്കാന്‍ പോകുന്നത്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ചെയ്ത ഒരു പ്രതികാരവും അതിന്റെ അനന്തര ഫലങ്ങളുമാണ് വിഷയം. എന്റെ പ്രതികാരത്തിന്റെ അനന്തകൊടിയില്‍ സ്വന്തം സുഹൃത്തിനോട് ചെയ്ത ക്രൂരത... IPC സെക്ഷന്‍ 203 ആണോ 307 ആണോ എന്നറിയില്ല, അല്ല സെക്ഷന്‍ ഇപ്പൊ എന്തര് പുല്ലായാലും സംഗതി 6 മാസം വരെ സുഖചികില്‍സ കിട്ടേണ്ട കേസായിരുന്നു. പക്ഷേങ്കി, സാഹചര്യങ്ങളുടെയും, എങ്ങനെയോ അവസാനം കുറ്റം ഉദ്ദേശശുദ്ധി കൈവരിക്കുകയും ചെയ്തതിനാല്‍ എന്റെ മനസ്സിന്റെ കോടതിയില്‍ ഞാന്‍ കുറ്റവിമുക്തനായി ( എന്റെ മനസ്സിന്റെ കോടതിയുടെ വിധി, നീതിനിഷ്ടവും അന്തിമവും ആയിരിക്കും. അതുകൊണ്ടു വേറെ ഒരു തെണ്ടിക്കും 'ഐ ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍' എന്ന് പറയാന്‍ ഞാന്‍ സമ്മതിക്കൂല!!)


പത്താം ക്ലാസ്സിനു ശേഷം ഞാന്‍ എത്തിപ്പെട്ട പുതിയ സ്കൂള്‍, കര്‍ശന നിയമങ്ങളാല്‍ തന്നെ ഒരു ജയിലിന്റെ പ്രതീതിയാണ് ഞങ്ങളില്‍ ഉണ്ടാക്കിയത്. പ്രീഡിഗ്രി മാറ്റി +2 ആക്കി മാറ്റിയവനെയും അവന്റെ ഇടവകക്കാരെയും തെറിയും വിളിച്ചു സ്വയം ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ച നാളുകള്‍.

അപ്പോഴാണ്‌ 'ഇടി വെട്ടിയവനെ പാമ്പ് കടിച്ചു' എന്ന് പറയും പോലെ നമ്മുടെ ക്ലാസ്സിലേയ്ക്ക് ഒരു പുതിയ സര്‍ കെട്ടിയെഴുന്നള്ളുന്നത്. നമ്മുടെ ക്ലാസ് ഒരു 'മാതൃകാ ക്ലാസ്' ആക്കിമാറ്റുക എന്ന ലക്‌ഷ്യത്തോടെ അദ്ദേഹം നടപ്പിലാക്കിയ ആദ്യ പരിഷ്ക്കരണം, നഴ്സറി കുട്ടികളെ പോലും ലജ്ജിപ്പിക്കുന്ന വിധത്തില്‍ ഒന്നായിരുന്നു. സംസാരിക്കുന്നവരുടെ പേര് എഴുതുക, അതും ബ്ലാക്ക് ബോര്‍ഡില്‍! മാത്രമോ, പേര് ബോര്‍ഡില്‍ വരുന്നവര്‍ ഒരു രൂപ ഫൈന്‍ കൊടുക്കണം. ഈ കാശ് ക്ലാസ്സിന്റെ സോഷ്യല്‍ ആക്ടിവിറ്റിക്കു ഉപയോഗിക്കും. ഒരു രൂപയല്ലേ ഉള്ളൂ എന്ന് കരുതി ഇതിനെ പുച്ചിച്ചിരുന്ന പലരുടെയും ഫൈന്‍ മാസാവസാനം നോക്കിയപ്പോള്‍ 30 - 40 ഒക്കെയാണ്. അധികം സംസാരിക്കാത്ത ഞാനും മാസം തോറും കൊടുത്തിരുന്നു 15 - 20 വച്ച്!

ഇതിനുവേണ്ടി ക്ലാസ് ലീഡര്‍ എന്ന പേരില്‍ ഒരുത്തനെ നിയോഗിക്കുകയും ചെയ്തിരുന്നു. അവനാണ് ഈ കഥയിലെ നമ്മുടെ നായകന്‍. അവന്‍ ഭാവിയില്‍, മുത്തൂറ്റ്, മണപ്പുറം ഒക്കെ പോലെ പുതിയ വല്ല സ്ഥാപനവും തുടങ്ങും എന്നാണു ഞങ്ങളെല്ലാം കരുതിയത്‌. പക്ഷേ എന്തുകൊണ്ടോ അതുണ്ടായില്ല!!

ക്ലാസ്സിലെ ഈ ദുരിതത്തില്‍ നിന്ന് ഞങ്ങള്‍ക്കുള്ള ഏക ആശ്വാസം സെക്കന്റു ലാങ്ങുവേജ് ക്ലാസ് ആണ്. രണ്ടു ഡിവിനുകളിലെയും ചേര്‍ത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉണ്ടായിരുന്നത് മലയാളതിനായിരുന്നു. ആ പിരീഡാണ് ഞങ്ങള്‍ക്ക് സമാധാനമായി ആരെയും പേടിക്കാതെ കൊച്ചുവര്‍ത്തമാനം പറയാനും സൈഡ് ബിസിനസ് നടത്താനും കഴിയുന്നത്‌.

അങ്ങനെ ഒരു മലയാളം ക്ലാസ്സില്‍ എന്റടുത്ത് ഇരുന്നത് നമ്മുടെ ലീഡര്‍ ആയിരുന്നു (തല്ക്കാലം പേര് പറയുന്നില്ല. ലവന്‍ ഇനി ഇതെങ്ങാനും വായിച്ചാല്‍ പണി പാളും! എന്റെ പല കഥകളുമായി അവനും വന്നാലോ!!) അതുകൊണ്ടു തല്ക്കാലം അവനെ നമുക്ക് "ശശി' എന്ന് വിളിക്കാം. കേരളത്തിലെ പ്രിയപ്പെട്ട പേരായി 'ശശി' അംഗീകരിക്കപ്പെട്ടതിനാല്‍ ഇവിടെയും ശശി തന്നെ മതി!

പതിവിനു വിപരീതമായി ഒരുദിവസം നോക്കുമ്പോള്‍ മലയാളം ക്ലാസ്സില്‍ ഞങ്ങളോട് അലമ്പാതെ അവന്‍ ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കുന്നു. ഞങ്ങളാരും അവനെ ശല്യം ചെയ്യാനും പോയില്ല. പക്ഷേ അവന്റെ തല മാത്രമാണ് ടീച്ചറിന് നേരെയെന്നും അവന്റെ കണ്ണുകള്‍ രണ്ടും, ക്ലാസ്സിനു പുറത്തായി നില്‍ക്കുന്ന മൂന്ന് പെണ്‍കുടികളുടെ നേര്‍ക്കാനെന്നുമുള്ള സത്യം പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. ഉടനെ തന്നെ ഞാനും അവനു കമ്പനിയായി വായിനോട്ടത്തില്‍ പങ്കാളിയായി!

ഞാനും കൂടി അതില്‍ പങ്കുചേര്‍ന്നു എന്നറിഞ്ഞപ്പോള്‍, അവളോടുള്ള പ്രേമത്തിന്റെ ദാഹം പാവം ശശി എന്നോടു തുറന്നു പറഞ്ഞു! രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ലവളോടവന് ലബ്ബ് തുടങ്ങിയതാണ്‌. ആദ്യമൊക്കെ അവളും അവനെ നോക്കി ചിരിക്കുമായിരുന്നു, ഒരിക്കല്‍ അവന്‍ ചെന്ന് അവളുടെ പേരൊക്കെ ചോദിച്ചു പരിചയപ്പെട്ടു. എന്താന്നറിയില്ല അടുത്ത ദിവസം മുതല്‍ അവള്‍ അവനെ കണ്ടാല്‍ ചിരിക്കാതെ ആയി! എനിക്കത് കേട്ടിട്ട് ചിരിയാണ് വന്നത്!

നമ്മുടെ ശശിയെ പറ്റി പറഞ്ഞാല്‍ ആളൊരു സംഭവമാണ്. മൊബൈല്‍ ടവര്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന മുള്ളന്‍ തലമുടി, അലസമായി ധരിച്ച വസ്ത്രങ്ങള്‍, പേടിപ്പെടുത്തുന്ന ക്യൂട്ട് സ്മൈല്‍, മൊത്തത്തില്‍ ഏതു പെണ്ണും നോക്കിപ്പോകുന്ന ഒരു സുന്ദരക്കുട്ടപ്പന്‍! ഇവന്റെ ഈ രൂപവും സംസാരവും വച്ചിട്ട് സഹിക്കാന്‍ ഞങ്ങള്‍ക്ക് തന്നെ വലിയ പാടാ അപ്പോഴാ ആദ്യമായി പരിചയപ്പെടുന്ന ആ പെങ്കൊച്ചിന്! പക്ഷെ എന്റെ ചിരി ഞാന്‍ പുറത്തുകാണിക്കാതെ കണ്ട്രോള്‍ ചെയ്തു. അതൊരിക്കലും അവനെ വിഷമിപ്പിക്കെണ്ട എന്ന് കരുതി അല്ല, അതിനു വേറൊരു കാരണം ഉണ്ട്!

ഒരിക്കല്‍ ഞങ്ങളെല്ലാം കൂടി സംസാരിക്കുന്നതിനിടയില്‍, 'നിനക്ക് വല്ലപ്പോഴും ഒന്ന് നനച്ചു കുളിച്ചു വൃത്തിയായി നടന്നൂടെ?' എന്നൊരു ഡയലോഗ് ശശിയുടെ മുഖത്തുനോക്കി എവനോ കാച്ചി. 'ഞാന്‍ ദിവസവും രണ്ടു നേരം കിളിക്കുന്നതാടാ ഡേഷ് മോനെ...' എന്നൊക്കെ പറഞ്ഞു ലവനങ്ങനെ ചമ്മി നില്‍ക്കുമ്പോള്‍, 'എനിക്കത് വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്' എന്ന് എന്റെ കഷ്ടകാലത്തിനു ഞാന്‍ പറഞ്ഞു പോയി. നേരത്തെ പറഞ്ഞതിനും ഒക്കെ ചേര്‍ത്ത് ഓര്‍ക്കാപ്പുറത്ത് അവന്‍ എന്റെ മുതുകിനിട്ടു ഒറ്റയിടി, എന്നിട്ട് ഒരു ഡയലോഗും 'ഇനി നിനക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ല'! എല്ലാം വളരെ പെട്ടെന്നായിരുന്നു. അല്ലെങ്കിലും ചാഞ്ഞ മരത്തില്‍ ഓടിക്കയറാന്‍ എളുപ്പാണല്ലോ. പാവം ഞാന്‍! പോരാത്തതിന് ആ പന്ന തെണ്ടി അന്നേ ദിവസം പേരെഴുതി രണ്ടു രൂപയാ എന്നില്‍ നിന്ന് അടിച്ചെടുത്തത്‌.! അതിനു ശേഷം അവനോടു എന്തെങ്കിലും പറയുമ്പോള്‍ ഒരു നിശ്ചിത അകലം പാലിച്ചിട്ടെ പറയൂ, അല്ലെങ്കില്‍ ഒരക്ഷരം മിണ്ടെ ഇല്ല. ഇങ്ങനെയുള്ള എല്ലാ വിധ പകയും എന്റെ മനസ്സില്‍ കിടന്നു പെറ്റുപെരുകുംപോഴാണ് സുന്ദരമായ ഒരു വഴി എന്റെ മുന്നില്‍ തെളിഞ്ഞത്.

അങ്ങനെ അവന്റെ പ്രേമത്തിന് ഞാന്‍ 100 % പിന്തുണ പ്രഖ്യാപിച്ചു. 'ഇതൊക്കെ മനസ്സില്‍ കൊണ്ട് നടക്കാന്‍ പാടില്ല. എങ്ങനെ എങ്കിലും അവളെ അറിയിക്കൂ, ഛെയ് രണ്ടു വര്ഷം നീ പാഴാക്കി കളഞ്ഞല്ലോടാ...' എന്നൊക്കെ പറഞ്ഞു അവനെ ഞാന്‍ ഇളക്കി വിട്ടു. അവന്റെ പേടിയും പരിഭവവും കാണുമ്പോള്‍ എനിക്ക് രസം കൂടി! ഇങ്ങനെ ഒക്കെ അല്ലെ എന്റെ പ്രതികാരം പൂവണിയിക്കാന്‍ പറ്റൂ. കാരണം അവള്‍ക്കു അവനെ ഇഷ്ടല്ല എന്ന് എനിക്ക് ആദ്യമേ മനസ്സിലായി. അല്ലെങ്കിലും പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതാണ് അതിന്റെ ഒരു രസം!!

ഒടുവില്‍ അവന്‍ പോയി അവളുടെ കൂട്ടുകാരിയോട് കാര്യം അവതരിപ്പിച്ചു. 'എനിക്ക് ഇത്തരം കാര്യങ്ങളൊന്നും അവളോടു പറയാന്‍ പറ്റില്ല, നേരിട്ട് പോയി പറഞ്ഞാല്‍ മതി.' എന്ന് പറഞ്ഞിട്ട് അവള്‍ ഒരു പോക്ക്. പാവം അവന്റെ മനസ്സില്‍ അപ്പോള്‍ ലഡ്ഡുവിനു പകരം പൊട്ടിയത് പ്രതീക്ഷകളാകുന്ന ബാലൂണുകളായിരുന്നു. അവന്‍ ഇക്കാര്യം വന്നു എന്നോടു പറഞ്ഞപ്പോള്‍, ലഡ്ഡു ആണോ ജിലേബി ആണോ എന്നറിയില്ല എന്തോ ഒന്ന് എന്റെ മനസ്സില്‍ പൊട്ടി!! 'ഇതൊക്കെ ഇതിന്റെ കൂടെ ഉള്ളതാടാ.. ഇതൊന്നും അത്ര വലിയ കാര്യമല്ല. കുറച്ചൊക്കെ ബുദ്ധിമുട്ടാതെ കാര്യം നടക്കില്ല. ഇനി ഒനും നോക്കേണ്ട നീ പോയി അവളോടു നേരിട്ട് കാര്യം പറ...' എന്നുപറഞ്ഞു അവനു ധൈര്യം കൊടുത്തു. അല്ലെങ്കിലും ഉപദേശിക്കാന്‍ ഒരു പാടും ഇല്ലല്ലോ!!

അങ്ങനെ ഒരു ദിവസം ഇവന്റെ മണ്ടത്തരങ്ങള്‍ ഒക്കെ പറഞ്ഞു ഞങ്ങളങ്ങനെ രസിച്ചു നില്‍ക്കുംപോഴുണ്ട് ഫ്ലാഷ് ന്യൂസുമായി ഒരുത്തന്‍ വന്നു. 'ടാ, നമ്മുടെ ശശിക്ക് അവള്‍ വീണെടാ..!' ഷോക്ക് കാരണം ആദ്യം ഞങ്ങളാരും അത് വിശ്വസിച്ചില്ല. പക്ഷെ സംഗതി സത്യമായിരുന്നു. പോയി നോക്കുമ്പോള്‍ രണ്ടു യുവമിഥുനങ്ങളെ പോലെ, യൂക്കലിപ്റ്റസ് മരങ്ങള്‍ക്ക് പകരം പൈപ്പിന്റെ ചുവട്ടില്‍ നിന്ന് രണ്ടും കൂടി പഞ്ചാരയടിക്കുന്നു. ആ കാട്ടുമാക്കാന്‍ തെണ്ടിയുടെ നാണമായിരുന്നു ഒന്ന് കാണേണ്ടത്! പിന്നെ ഓരോ ദിവസങ്ങള്‍ കഴിയുന്തോറും എല്ലാ അര്‍ത്ഥത്തിലും അവന്‍ ഞങ്ങളെ ഞെട്ടിക്കുകയായിരുന്നു. വേഷത്തിലും നടപ്പിലും വരുത്തിയ പരിഷ്ക്കാരങ്ങളായിരുന്നു അതില്‍ ആദ്യത്തേത്!

ഇപ്പോള്‍ അവനെ കണ്ടാല്‍ കുളിക്കാത്തവന്‍ എന്ന് ആരും പറയില്ല. തലമുടി ചീകി തുടങ്ങി, അതിനു വേണ്ടി ഒരു ചീപ്പ് അവന്റെ പോക്കറ്റില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. അവന്റെ വീട്ടില്‍ അലമാരയില്‍, വര്‍ഷങ്ങളായി പൊടിപിടിച്ചു കിടന്ന ടൈഗര്‍ ബാമിന്റെയും കുട്ടിക്കൂറാ പൌഡര്‍ ടിന്നിന്റെയും സ്ഥാനത്ത് മുന്തിയ ഇനം ക്രീമുകളും പെര്‍ഫ്യൂമുകളും രംഗപ്രവേശം ചെയ്തു. ഒരു പെണ്ണ് കാരണം ഒരുത്തന്‍ നന്നാവും എന്ന് തെളിയിച്ച, എനിക്ക് പരിചയമുള്ള ആദ്യ വ്യക്തിയായി മാറി നമ്മുടെ ശശി അളിയന്‍!

24 വയസ്സിനുള്ളില്‍ അവളെ തന്നെ കല്യാണം കഴിച്ചു, അവളുടെ തന്തപ്പടിയുടെ കോടിക്കണക്കിനു സ്വത്തിന്റെ അവകാശിയായി, അവന്റെ തന്നെ കൊച്ചിന്റെ തന്തയായി ആശാന്‍ സുഖായി ജീവിക്കുന്നു! എന്റെ ഒരു കുഞ്ഞു പ്രതികാരം ശരിക്കും ഒരു ഉപകാരമായി മാറിയതോടെ 'ഉര്‍വ്വശീ ശാപം ഉപകാരം' എന്ന പഴമൊഴിക്കു ഒരു ഉത്തമ ഉദാഹരണം കൂടി ഈ പാവം ഞാന്‍ നമ്മുടെ തലമുറയ്ക്ക് നല്‍കിയിരിക്കുന്നു...!

No comments:

Post a Comment