19 June 2011

സാന്ധ്യമേഘങ്ങള്‍ (നീണ്ട കഥ!)

എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. അവള്‍ പതിയെ മേശപ്പുറത്തു തപ്പി മൊബൈല്‍ ഫോണ്‍ എടുത്തു സമയം നോക്കി. കോഴി കൂവാന്‍ ഇനിയും സമയമുണ്ട്, മണി നാല് കഴിഞ്ഞതേ ഉള്ളു.

പഠിക്കുന്ന സമയത്ത് രാവിലെ മൂടിപ്പുതച്ച് കിടന്ന് ഉറങ്ങുമ്പോഴാണെങ്കില്‍ അന്നൊക്കെ വേഗം നേരം പുലരും, ആ കാലത്ത് സമയത്തിന് പതിവിലും വേഗതയാണ്. പക്ഷേ ഇന്ന് നേരം പുലരാന്‍ വല്ലാതെ മടി കാണിക്കുന്നതുപോലെയും സമയം ഒട്ടും നീങ്ങാത്തത് പോലെയുമൊക്കെ അവള്‍ക്കു തോന്നി. അവളുടെ ഈ പരിഭവങ്ങള്‍ക്കൊക്കെ ഒരു കാരണമുണ്ട്, ഇന്ന് അവളുടെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് അവളുടെ പെണ്ണുകാണല്‍ ചടങ്ങ് നടക്കാന്‍ പോവുകയാണ്! അവള്‍ അവന്റെ ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളു. ആ ഫോട്ടോ കണ്ടാല്‍ തന്നെ ഒരു ഇഷ്ടമൊക്കെ തോന്നാനുള്ള വകയുണ്ട്. ഗവ.ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ അസിസ്റ്റന്റ് സര്‍ജനാണ് ഹരിശങ്കര്‍. മനസ്സില്‍ ഒരായിരം മധുരക്കിനാവുകളുടെ സഹായത്താല്‍ ഒരുവിധം അവള്‍ നേരം വെളുപ്പിക്കുകയായിരുന്നു.

ആകാരവടിവൊത്ത ശരീരം, അത്യാവശ്യത്തിനു ഉയരം, തിളക്കമുള്ള കണ്ണുകള്‍, നീണ്ട് ഇടതൂര്‍ന്ന തലമുടി. എല്ലാം കൊണ്ടും ഗൗരി ആള് കാണാന്‍ സുന്ദരിയാണ്. അവള്‍ സംസാരിച്ചു തുടങ്ങിയാല്‍ ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല, ആരെയും വലയിലാക്കുന്ന സംസാരം. ആളൊരു വായാടിയാണ്. അതുകൊണ്ടു തന്നെ കാ‍ന്താരി എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത് തന്നെ! അല്‍പ്പം പരിഷ്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരി, അതായിരുന്നു ഗൗരി. പക്ഷെ അവളുടെ പരിഷ്ക്കാരം വേഷത്തിലായിരുന്നില്ല, അത് സ്വഭാവത്തിലും സംസ്കാരത്തിലുമായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ബോള്‍ഡ് ആന്റു ബ്യൂട്ടിഫുള്‍. അതുകൊണ്ടു തന്നെ പെണ്ണുകാണാന്‍ വരുന്നത് ആരായാലും ശരി പ്രഥമദൃഷ്ടിയാല്‍ തന്നെ ഗൗരിക്കു മുന്നില്‍ ഫ്ലാറ്റ് ആവും എന്നതില്‍ ആര്‍ക്കും ഒരു സംശയവുമില്ല.

അങ്ങനെ അവളുടെ നീണ്ട കാത്തിരിപ്പിന് ശേഷം നേരം പുലര്‍ന്നു. ചെറുക്കനും അവന്റെ അമ്മാവനും പിന്നെ ഒരു സുഹൃത്തും ഉള്‍പ്പെടെ ആകെ മൂന്ന് പേര്‍ മാത്രമേ വരുന്നുള്ളൂ. ഏകദേശം പത്തു-പതിനൊന്നു മണിയോടുകൂടി അവര്‍ എത്തും. ഗൗരി എഴുന്നേറ്റ് എന്നത്തേയും പോലെ നേരെ അടുക്കളയിലെത്തി അമ്മയില്‍ നിന്ന് കാപ്പിയും വാങ്ങി മുത്തശ്ശിയോട് കിന്നരിക്കാനായി അടുത്തു പോയിരുന്നു. അപ്പോള്‍ മുത്തശ്ശി പറഞ്ഞു...

'കാപ്പിയും കുടിച്ച് ഇവിടെ ചടഞ്ഞിരിക്കാതെ പോയി കുളിച്ചു നല്ല വൃത്തിയായി ഒരുങ്ങി വാ കുട്ടീ.. ആ ചെക്കന് നിന്നെ കാണുമ്പോള്‍ ബോധിച്ചോട്ടെ...'

'ഓഹ് പിന്നെ പൊന്നും കുടത്തിനു ഇനി പൊട്ടു വേണോ? എന്നെ മേക്കപ്പില്ലാതെ കാണുന്നവര്‍ കണ്ടാല്‍ മതി... വരാന്‍ പോകുന്നത് ഹൃത്വിക് റോഷന്‍ ഒന്നുമല്ലല്ലോ...'

'ങേ, അതാരാടീ കൊച്ചേ ..?'

ഈ മുത്തശ്ശിയുടെ ഒരു കാര്യം. എന്നൊക്കെ ഞാന്‍ ഈ പേര് പറഞ്ഞിട്ടുണ്ടോ അന്നൊക്കെ ഇതേ ചോദ്യം തന്നെ എന്നോടു ചോദിച്ചിട്ടുണ്ട്. 'ഞാന്‍ അന്നൊരിക്കല്‍ കമ്പ്യൂട്ടറില്‍ ഫോട്ടോ കാണിച്ചു തന്നില്ലേ ഒരു പൂച്ചക്കണ്ണന്‍ സിനിമാ നടനെ.. അയാളാ മുത്തശ്ശീ...' എന്ന് പറഞ്ഞു ഒരു നൂറു തവണ ഞാന്‍ പറഞ്ഞു കൊടുത്തിട്ടുമുണ്ട്. എന്നാലും വീണ്ടും ചോദിക്കും ആരാന്ന്?' എന്ന് അവള്‍ പരിഭവത്തോടെ പതിയെ പറഞ്ഞു.

'എന്താടീ ഇരുന്നു പിറുപിറുക്കുന്നത്?'

'അല്ല മുത്തശ്ശീ, ഇങ്ങനെ പാടുപെടാതെ പണ്ടത്തെ സ്വയംവരം മതിയായിരുന്നു അല്ലെ? കുറെ ശാരീരിക-മാനസിക മത്സരങ്ങള്‍ ഒക്കെ നടത്തി അതില്‍ ജയിക്കുന്നവരെ നിരത്തി ഇരുത്തിയിട്ട് ഞാന്‍ എനിക്ക് ഇഷ്ടമുള്ള ഒരാള്‍ക്ക്‌ മാല ചാര്‍ത്തുന്നതും... ആലോചിക്കുമ്പോള്‍ തന്നെ എന്ത് രസമാ അല്ലെ ഹി ഹി?'

'എങ്കില്‍ നീ നിന്റെ അച്ഛനോട് പറഞ്ഞു അങ്ങനെ ചെയ്തോളു...!'

'മുത്തശ്ശി തന്നെ ഒന്ന് പറഞ്ഞു സമ്മതിപ്പിക്കോ? പ്ലീസ്!'

'തറുതല പറയാതെ എണീറ്റ്‌ പോയി കുളിക്കാന്‍ നോക്ക് പെണ്ണേ, രാവിലെ എന്റെന്ന് മേടിക്കാതെ... ആഹ് പിന്നെ, മുടിയൊക്കെ പാറിപറത്തി ഇടാതെ നല്ല പോലെ കെട്ടിയൊതുക്കണം...' അത് അവളുടെ അമ്മയുടെ ശബ്ദമായിരുന്നു.

'ഇതെന്താ മിസ്സ്‌ കേരളാ മത്സരത്തിനു പോവാനാണോ ഇത്രയ്ക്കു അണിഞ്ഞൊരുങ്ങാന്‍..?'

'നിന്നെ ഞാന്‍...' എന്ന് പറഞ്ഞ് കൈയില്‍ കിട്ടിയ ഒരു തവിയുമായി അമ്മ വന്നപ്പോള്‍ അവള്‍ അടുക്കളയില്‍ നിന്ന് പുറത്തേക്കോടി...

'നീ സൂക്ഷിച്ചോ! ഇന്ന് വരാന്‍ പോകുന്നത് ഒരു എല്ല് ഡോക്ടറാ... നിന്റെ അധികമുള്ള ഒരെല്ല് അവന്‍ ശരിയാക്കി എടുക്കും...' അവള്‍ക്കു ഒരു താക്കീത് എന്നോണം മുത്തശ്ശി പറഞ്ഞു.

'ആരുടെ എല്ലാ ഊരുക എന്ന് നമുക്ക് കാണാം...!' എന്നുകൂടി പറഞ്ഞിട്ടേ അവള്‍ അവിടുന്നു പോയുള്ളൂ

കുളിച്ച് റെഡിയായി അവള്‍ നേരെ കണ്ണാടിക്കു മുന്നിലെത്തി. ഒരുപാടു സമയം കഴിഞ്ഞിട്ടും അവളെ കാണാത്തത് കൊണ്ടാവണം 'നീ ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ?' എന്ന് ചോദിച്ചുകൊണ്ട് അമ്മ വന്നത്.

'നന്നായി ഒരുങ്ങിയാലല്ലേ അമ്മെ ചെക്കന് നല്ലോണം ബോധിക്കൂ? അതുകൊണ്ടാ...!' അവള്‍ വിനയത്തോടെ പറഞ്ഞു.

'ഇങ്ങനെയാണോ ഞാന്‍ നിന്നോടു മുടി കെട്ടാന്‍ പറഞ്ഞത്?' എന്ന് ചോദിച്ചുകൊണ്ട് അമ്മ തന്നെ ഭംഗിയായി അവള്‍ക്കു മുടി കെട്ടി കൊടുത്തു. ഏകദേശം പറഞ്ഞ സമയത്ത് തന്നെ ചെക്കനും കൂട്ടരും എത്തി. കാപ്പിയും പലഹാരങ്ങളുമൊക്കെ റെഡിയാക്കി വച്ചിട്ട് അമ്മ അവളെ വിളിക്കാനെത്തി.

'ഒന്ന് നില്‍ക്കമ്മേ, ഞാനൊന്ന് നോക്കട്ടെ ആളിനെ..' എന്ന് പറഞ്ഞു അവള്‍ ജനാലയുടെ കര്‍ട്ടന്‍ നീക്കി ഒന്ന് നോക്കി. അതെ നിമിഷം തന്നെ ആ ഗ്യാപ്പിലൂടെ ഹരിയും അവളെ നോക്കി. ആ ഒരു ചമ്മല്‍ മാറ്റാനായി എന്തോ എടുക്കാനായി വന്നതുപോലെ ഒന്ന് ചുറ്റിപ്പറ്റി നിന്നിട്ട് പതിയെ അവള്‍ അകത്തേക്ക് വലിഞ്ഞു.

എന്നിട്ട് അച്ചടക്കമുള്ള കുട്ടിയായി അമ്മ ഏല്‍പ്പിച്ച ട്രേയില്‍ ചായയുമായി, മുഖത്ത് ചെറിയ നാണം ഒക്കെ വരുത്തി അവള്‍ രംഗത്തെത്തി. ടീപ്പോയില്‍ ട്രെയോടുകൂടി ചായ വച്ചിട്ട് തന്റെ ജോലി കഴിഞ്ഞെന്ന ഭാവത്തില്‍ തിരിഞ്ഞതും, 'അതൊന്നു എടുത്തു കൊടുക്ക് മോളെ..' എന്ന് ആരോ മന്ത്രിച്ചു.

അവള്‍ ഒരോര്‍ത്തര്‍ക്കായി ചായക്കപ്പ് നീട്ടി. ആദ്യം കൊടുത്തത് ചെക്കന് തന്നെ. അപ്പോള്‍ ഉള്ളിലുള്ള നാണം മുഴുവന്‍ മുഖത്ത് വരുത്താന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു! എന്നിട്ട് സിനിമയിലൊക്കെ കാണും പോലെ, ചെറിയ നാണത്തോടെ അമ്മയുടെ പിന്നില്‍ പോയി നിന്നു.

'കുട്ടികള്‍ക്ക് എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍...' എന്ന് ആരെങ്കിലും ചോദിക്കും എന്ന് പ്രതീക്ഷിച്ച് ഗൗരി നില്‍ക്കുമ്പോള്‍ അവളുടെ ഭാഗ്യത്തിന് ആരോ അത് ചോദിച്ചു. പ്രതീക്ഷയോടെ അവള്‍ ഹരിയുടെ മുഖത്ത് നോക്കിയപ്പോള്‍ പുള്ളിക്കാരന്‍ വലിയ കാര്യത്തില്‍ ചായ കുടിക്കുന്നു! കൂടെ വന്ന കൂട്ടുകാരന് പോലും എന്തെങ്കിലും സംസാരിച്ചാല്‍ കൊള്ളാം എന്നുള്ളതായി അവള്‍ക്കു തോന്നി. പക്ഷെ സംസാരിക്കേണ്ട ആള്‍ ഒരു കൂസലുമില്ലാതെ ഇരിക്കുകയാണ്.

'ചായ നന്നായിട്ടുണ്ട് കേട്ടോ...' ഗൗരിയുടെ മുഖത്ത് നോക്കിയുള്ള ഹരിയുടെ ആ ഡയലോഗ് അവള്‍ ഒട്ടും പ്രതീക്ഷിച്ചില്ല.

'അത് അമ്മയുടെയും ആസാം ആപ്പിള്‍വാലി ടീയുടെയും കഴിവാ, എന്റെയല്ല...' എന്ന് മനസ്സില്‍ പറഞ്ഞിട്ട് അവന്റെ മുഖത്ത് നോക്കി ദേഷ്യം കലര്‍ന്ന ഒരു പുഞ്ചിരിക്ക് ശേഷം അവള്‍ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞു ചെക്കനും കൂട്ടരും പോവുകയും ചെയ്തു.

'നിനക്ക് ഇഷ്ടായോ മോളെ അവനെ?' എന്ന് ചോദിച്ച് അവളുടെ മനസ്സറിയാന്‍ വന്നത് മുത്തശ്ശി ആയിരുന്നു.

'കാണാനൊന്നും വല്യ തരക്കേടില്ല. പക്ഷെ ഒന്ന് ചിരിച്ചെന്നു കരുതി മാനം ഇടിഞ്ഞു വീഴുമോ? എന്താ ഒരു മസിലുപിടുത്തം... എനിക്കാണെങ്കില്‍ ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു. അപ്പോള്‍ ഒടുക്കത്തെ ഒരു കാപ്പി കുടി. അതുകണ്ടാല്‍ കാപ്പി കുടിക്കാനാ വന്നത് എന്ന് തോന്നും...'

'അപ്പോള്‍ ഇഷ്ടക്കുറവു ഒന്നുല്ല എന്നര്‍ത്ഥം..?'

'അത് പിന്നെ... എനിക്കറിയില്ല...' എന്ന് പറഞ്ഞു അവള്‍ എസ്കേപ്പായി!

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍, ഹരിക്ക് കുട്ടിയെ ഇഷ്ടായെന്നും അമ്മയും മറ്റുമായി വന്നുകണ്ടു കാര്യങ്ങള്‍ ഉറപ്പിക്കാം എന്ന് പറഞ്ഞു ചെക്കന്റെ വീട്ടില്‍ നിന്നു ആളെത്തി.

പിന്നെ കല്യാണതീയതി കുറിക്കാന്‍ അധികം താമസം വന്നില്ല. ഏറ്റവും അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് ഹരി ഗൗരിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

പതിവ് പോലെ, കൊച്ചു കുട്ടികള്‍ മുതല്‍ വല്യപ്പന്മാരെ വരെ അവരോടൊപ്പം നിര്‍ത്തി കതിര്‍ മണ്ഡപത്തില്‍ വച്ച് തന്നെ ഒന്നാം റൗണ്ട് ഫോട്ടോ-വീഡിയോ ഷൂട്ട്‌ കഴിഞ്ഞ് എല്ലാവരും ഊണ് കഴിക്കാന്‍ പോയി. ഊണ് കഴിക്കുന്നതും കൈ കഴുകുന്നതും വരെ വിവിധ ഫ്രെയിമിലെ ക്യാമറകള്‍ക്ക് മുന്നില്‍. തീര്‍ന്നില്ല, ഇനി നടക്കാന്‍ പോകുന്നത് വധൂവരന്മാര്‍ മാത്രമുള്ള ഔട്ട്ഡോര്‍ ഷൂട്ട്‌ ആണ്. മരത്തിനു ചുവട്ടിലും കായല്‍ക്കരയിലും പാറപ്പുറത്തും അങ്ങനെ ക്യാമറാമാന്‍ പറയുന്നിടത്തൊക്കെ നിന്നും ഇരുന്നും ഒക്കെ പോസ് ചെയ്യണം.

ഈ നിമിഷം വരെ അവര്‍ക്ക് പരസ്പരം ഒരക്ഷരം മിണ്ടാന്‍ പോലുമുള്ള അവസരം ആരും കൊടുത്തിട്ടില്ല. ഹരിയാണെങ്കില്‍ അവരോടൊപ്പം ചേര്‍ന്ന് വ്യത്യസ്തങ്ങളായ പല ഐഡിയകളും പറഞ്ഞു ആ രീതിയില്‍ പോസ് ചെയ്തു കൊച്ചുകുട്ടികളുടെ ആവേശത്തിലാണ്. ഗൗരിക്കു അതുകൂടി കണ്ടപ്പോള്‍ ആകെ ദേഷ്യമാണ് തോന്നിയത്. എപ്പോള്‍ തുടങ്ങിയ ഏര്‍പ്പാടാണിത്. ക്യാമറ ഫ്ലാഷ് അടിച്ചു അവളുടെ മേക്കപ്പ് മങ്ങി തുടങ്ങിയിരിക്കുന്നു, വെയിലടിച്ചിട്ടു മുല്ലപ്പൂ വാടിക്കരിയാനും തുടങ്ങി!!

കുറച്ചു കഴിഞ്ഞ്, 'അതേ, പുറപ്പെടാന്‍ നേരായി. രാഹുകാലത്തിനു മുമ്പേ ഇറങ്ങണം..' എന്ന് പറഞ്ഞ് കാരണവരാരോ വന്നു വിളിക്കുമ്പോഴാണ് ഒരുപാടു നേരമായുള്ള ആ ഷൂട്ടിംഗ് കഴിഞ്ഞത്.

അവരുടെ നാട്ടുനടപ്പനുസരിച്ച് ആദ്യരാത്രി പെണ്ണിന്റെ വീട്ടിലായതിനാല്‍ അങ്ങോട്ടേക്കാണ് ഹാരവും റോസാ പൂക്കളുമൊക്കെ വച്ച് മനോഹരമായി അലങ്കരിച്ച ഇന്നോവ കാര്‍ നീങ്ങിയത്.

ആരതിയൊക്കെ ഉഴിഞ്ഞു വധൂ-വരന്മാരെ സ്വീകരിച്ച ശേഷം അടുത്ത ചടങ്ങ് പാലും പഴവും കൊടുക്കലാണ്. അങ്ങനെ ഗൗരിയുടെ അമ്മ ഒരു ഗ്ലാസ് പാല്‍ ഹരിയുടെ കൈയില്‍ കൊടുത്തു. ഭര്‍ത്താവിന്റെ സ്വത്തിലും എല്ലാത്തിലും തുല്യ അവകാശം ഉറപ്പു വരുത്തുന്നതിന്റെ ആദ്യഘട്ടം എന്ന നിലയിലേക്ക് പകുതി പാല്‍ വാങ്ങി കുടിക്കുന്നവരുടെ കാലഘട്ടമാണെങ്കിലും, ഭര്‍ത്താവിന്റെ സുഖ-ദുഃഖങ്ങള്‍ ഷെയര്‍ ചെയ്യാന്‍ എന്ന നല്ല ഉദ്ദേശത്തോടെ തന്നെ ഹരി കുടിച്ചതിന്റെ ബാക്കി പാലിനായി ഗൗരി ആകാംക്ഷയോടെ ഹരിയുടെ കൈയിലെ ഗ്ലാസ്സില്‍ നോക്കിയിരിക്കുകയാണ്.

പക്ഷേ പകുതി കഴിഞ്ഞ് ഗ്ലാസ്സിലെ പാലിന്റെ അളവ് പിന്നെയും പിന്നെയും കുറഞ്ഞു വരികയാണ്. അവസാനം ഏകദേശം ഒരു കവിള്‍ പാല്‍ മാത്രം ബാക്കിയായപ്പോള്‍ ഹരി ഗ്ലാസ് ഗൗരിക്കു നീട്ടി. അവള്‍ അത് വാങ്ങി ഗ്ലാസ്സിലേക്ക്‌ നോക്കി, പേരിനു മാത്രം കുറച്ചു പാലുണ്ട് അതില്‍. സാധാരണ ആദ്യം ഒരുകവിള്‍ പാല്‍ മാത്രം കുടിച്ചിട്ട് ബാക്കി ഭാര്യക്ക് കൊടുത്തു ‍ഷൈന്‍ ചെയ്യുന്ന ഭര്‍ത്താക്കന്‍മാരെയാണ് സിനിമയിലൊക്കെ അവള്‍ കണ്ടിട്ടുള്ളത്. ഇത് ചിലപ്പോള്‍ ഒരു ഫോര്‍മാലിറ്റി ഒഴിവാക്കാനോ അല്ലെങ്കില്‍ കുടിച്ചപ്പോള്‍ കാല്‍ക്കുലേഷന്‍ തെറ്റിയതോ ആവും എന്ന് കരുതി അവള്‍ സമാധാനിച്ചു. ഗ്ലാസ് ഒന്ന് ചുണ്ടില്‍ അടുപ്പിച്ചു ചടങ്ങ് തീര്‍ത്ത് ഗ്ലാസ് അമ്മയെ ഏല്‍പ്പിച്ചു.

അടുത്ത ചടങ്ങ് പഴം വച്ചിട്ടാണ്. അതിലും ഹരിയുടെ കരവിരുത് പുറത്തു വന്നു. പേരിനുമാത്രം കുറച്ചു ബാക്കി വച്ച് അവള്‍ക്കു നേരെ നീട്ടി. കൈയില്‍ വാങ്ങുമ്പോള്‍ ആദ്യം അവള്‍ക്കു തൊലി മാത്രമാണെന്നാണ് തോന്നിയത്! 'ഹോ തീറ്റപ്പണ്ടാരം! ഇതുമാത്രം ബാക്കി വച്ചതെന്തിനാ, അതുകൂടി കഴിക്കാമായിരുന്നില്ലേ..?' എന്ന് മനസ്സില്‍ പറഞ്ഞിട്ട്, അവള്‍ ഉള്ളതുകൊണ്ട് ഓണമാക്കി!

വൈകുന്നേരത്തെ റിസപ്ഷന്‍ ഒക്കെ കഴിഞ്ഞ് ആളും ബഹളവുമൊക്കെ ഒതുങ്ങിയപ്പോള്‍, ഇനിയെങ്കിലും ഒന്ന് സ്വസ്ഥമായി ആദ്യരാത്രിയിലോട്ടു കടക്കാം എന്ന് ചിന്തിച്ചു മുല്ലപ്പൂവൊക്കെ വിതറിയ കട്ടിലില്‍, കൈയില്‍ പാലുമായി നാണത്തോടെ കടന്നു വരാന്‍ പോകുന്ന ഗൗരിയെയും സ്വപ്നംകണ്ട് ഹരി അങ്ങനെ ചാരി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ നാണവിവശയായി ഗൗരി മുറിയിലേക്ക് വന്നു. അപ്പോഴാണ്‌ സിനിമയിലെ വധുവില്‍ നിന്ന് എന്തോ ഒരു കുറവ് ഹരിക്ക് ഫീല്‍ ചെയ്തത്. അത് ആദ്യരാത്രിയില്‍ ഒഴിച്ചുകൂടാനാവാത്ത പാലായിരുന്നു എന്ന് പെട്ടെന്ന് തന്നെ അവനു മനസ്സിലായി!

'പാലെവിടെ?' അവന്‍ ചോദിച്ചു.

'പാലോ? അത് പിന്നെ... ആരും തന്നില്ല. നേരത്തെയല്ലേ കുടിച്ചത്... അതുകൊണ്ടു ഞാന്‍ ചോദിക്കാനും പോയില്ല...'

'പാലില്ലാത്ത ആദ്യ രാത്രിയോ..?' ഹരി ആകെ മൂഡ്‌ ഓഫ്‌ ആയി. ഒന്നും മിണ്ടാതെ കട്ടിലില്‍ പോയി കിടന്നു.

'ദൈവമേ! ഇതെന്താ പാലില്‍ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ? ചേച്ചിയുടെ മകള്‍ മൂന്ന് വയസ്സുള്ള ദേവൂട്ടി പോലും പാലിന് ഇത്രയും വാശി പിടിക്കില്ല....' അവളാകെ നിരാശയോടെ അവന് സമീപം പോയി കിടന്നു.

കുറച്ചു കഴിഞ്ഞ് ലൈറ്റുകള്‍ അണഞ്ഞപ്പോള്‍ ഹരി ഗൗരിയെ തന്നോടൊപ്പം ചേര്‍ത്ത് കിടത്തി. ഒന്നും മനസ്സിലാകാതെ അവളും അവനോടൊപ്പം ചേര്‍ന്ന് കിടന്നു...

അടുത്ത ദിവസം രാവിലെ എണീക്കാന്‍ അല്‍പ്പം വൈകിയ ഹരി ഉണര്‍ന്ന് സമയം നോക്കുമ്പോള്‍ 7 .30. എന്നിട്ടും കട്ടിലില്‍ നിന്ന് എണീക്കാതെ; കുളിച്ചു സുന്ദരിയായി ഒരുകപ്പ് ചായയുമായി വരുന്ന ഗൗരിയേയും പ്രതീക്ഷിച്ചു അങ്ങനെ കിടന്നു. കുറച്ചു കഴിഞ്ഞ് ഗൗരി വന്നു തനിക്കു നേരെ നീട്ടിയത് ചായക്ക്‌ പകരം ഒരു ഗ്ലാസ് പാല്‍!!

'ഇനി രാവിലെ തന്നെ പാല്‌ കിട്ടാഞ്ഞിട്ട് വിഷമിക്കേണ്ട..' എന്ന് പറഞ്ഞ് ഗ്ലാസ് മേശപ്പുറത്തു വച്ചു.

'ഹ ഹ ഹ...' ഹരിക്ക് ചിരി സഹിക്കാന്‍ കഴിഞ്ഞില്ല. അവളെ കട്ടിലില്‍ പിടിച്ച് ഇരുത്തിയിട്ട് അവന്‍ പറഞ്ഞു...,

'കല്യാണത്തിന് മുമ്പേ നിന്റെ സ്മാര്‍ട്ട്നസ്സിനെ പറ്റിയും കുസൃതികളെ പറ്റിയുമൊക്കെ ഞാന്‍ ഒത്തിരി കേട്ടു. നിന്റെ ചേച്ചിയുടെ കല്യാണത്തിന് കിട്ടിയ ഗിഫ്റ്റുകളില്‍ നിന്ന് എല്ലാ ക്ലോക്കുകളും എടുത്തു രാത്രിയിലെ പല സമയങ്ങളില്‍ അലാറം സെറ്റ് ചെയ്തു അവരുടെ ആദ്യരാത്രി കുളമാക്കിയതും ഒക്കെ. അതൊക്കെ കേട്ടപ്പോള്‍ ഞാന്‍ ഒപ്പിച്ച ഒരു ചെറിയ തമാശയാ 'പാലും പഴവും' സംഭവം. അത് ഒന്നൂടെ കൊഴുപ്പിക്കാന്‍ വേണ്ടിയാ ആദ്യ രാത്രിക്ക് വീണ്ടും പാല് ചോദിച്ചതും. അല്ലാതെ ഞാന്‍ പാല് കുടിക്കാറെ ഇല്ല. നീ ഇതൊക്കെ ഒരു ഫണ്‍ ആയി കാണുമെന്നല്ലേ ഞാന്‍ കരുതിയെ. നീ ഇത്രയ്ക്കു മണ്ടി ആണെന്ന് ഞാനറിഞ്ഞോ?? ആ പോട്ടെ ഫീല്‍ ആവണ്ട ട്ടോ...!!'

ഹോ ഇതാണോ ഒരു ചെറിയ തമാശ! ആ ചമ്മലിന്റെ ഹാങ്ങ്‌ ഓവര്‍ അവളെ വിട്ടു പോകുന്നില്ല. അതൊരു തമാശ അല്ലായിരുന്നെങ്കില്‍ എന്ന് പോലും അവള്‍ക്കു തോന്നി പോയി. 'ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്' എന്ന് പറയുന്നത് നേരാണെന്ന് അവള്‍ക്കു മനസ്സിലായി. പക്ഷേ ഇതില്‍ ഈനാമ്പേച്ചി ആരാ മരപ്പട്ടി ആരാ എന്ന് മാത്രം അവള്‍ക്കൊരു കണ്‍ഫ്യൂഷന്‍! പാവം ഗൗരി അവള്‍ തലയില്‍ കൈ വച്ച് പോയി...

കുറച്ചു കഴിഞ്ഞു കാപ്പി കുടിക്കാന്‍ ഡൈനിംഗ് ടേബിളിനു മുന്നില്‍, ചേച്ചിയോടും ഭര്‍ത്താവിനോടും ഒപ്പം ഹരി സംസാരിച്ചിരിക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ വേറെന്തോ ചിന്തിക്കുന്ന ഗൗരിയോട് ചേച്ചി ചോദിച്ചു,

'എന്താടീ ഒന്നും മിണ്ടാതിരിക്കുന്നെ? കല്യാണം കഴിഞ്ഞ് ഇത്ര പെട്ടെന്ന് നീ നല്ല കുട്ടി ആയോ?'

'ഹേയ്‌ അത് വേറൊന്നും കൊണ്ടല്ല ചേച്ചീ, ഇന്നലെ ഞാന്‍ കുടിച്ചിട്ട് കൊടുത്ത പാലിന്റെ അളവ് കുറഞ്ഞു പോയതിന്റെ പരിഭവമാ...' എന്ന് മറുപടി പറഞ്ഞത് ഹരി ആയിരുന്നു. പിന്നെ അവിടെ ഒരു കൂട്ടച്ചിരി ഉണ്ടാവാന്‍ അധികം നേരം വന്നില്ല.

ഗൗരി ഹരിക്ക് മുന്നില്‍ കാപ്പി കൊണ്ടു വച്ചിട്ട് വേറാരും കേള്‍ക്കാതെ ദേഷ്യത്തില്‍ പതിയെ പറഞ്ഞു, 'അതിനിടക്ക് അത് എല്ലാവരോടും വിളമ്പിയോ? അധികം അങ്ങനെ ആളാവണ്ടാ ട്ടോ.."

'ഓഹ് വേണ്ട ഗൗരി, കാപ്പി തണുപ്പിക്കേണ്ട എനിക്ക് ചൂടാ ഇഷ്ടം!!'

അവള്‍ക്കു അതുകൂടി കേട്ടപ്പോള്‍ ശരിക്കും കലി വന്നു. ആരും കാണാതെ അവന്റെ കാലില്‍ നന്നായി അമര്‍ത്തി ചവിട്ടി. പക്ഷേ ഒന്നും സംഭവിക്കാത്ത രീതിയില്‍, ഹരി പെണ്ണ് കാണാന്‍ വന്നപ്പോഴത്തെ അതേ സ്റ്റൈലില്‍ കാപ്പി ഊതി കുടിക്കുകയാണ്. ഒടുവില്‍ ഹരിയുടെ തൊലിക്കട്ടിക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചു പാവം ഗൗരി അകത്തേക്ക് പോയി.

അന്ന് വൈകുന്നേരം തന്നെ അവര്‍ ഹരിയുടെ വീട്ടിലേക്കു പോയി. കുറച്ചു ദിവസത്തെ വിരുന്നു സല്‍ക്കാരങ്ങള്‍ക്ക് ശേഷം ലീവൊക്കെ കഴിഞ്ഞ് ഹരി അവന്റെ തിരക്കുകളിലേക്ക് മടങ്ങി. എങ്കിലും എല്ലാവിധ സന്തോഷങ്ങളോടും കൂടി അവരുടെ ദാമ്പത്യം മുന്നോട്ടു നീങ്ങി. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഒരു ദിവസം ടിവിയില്‍ ഏതോ സിനിമ കണ്ടപ്പോള്‍, അതിലെ നായികാ-നായകന്മാര്‍ പിണങ്ങുന്നതും പിന്നീട് നായകന്‍ നായികയുടെ പരിഭവം മാറ്റാന്‍ വേണ്ടി പുറകെ നടക്കുന്നതുമൊക്കെ കണ്ടപ്പോള്‍ ഗൗരിക്കും ഒരു മോഹം. അതിലെ നായികാ-നായകന്മാരുടെ സ്ഥാനത്ത് ഗൗരിയെയും ഹരിയെയും അവള്‍ സങ്കല്‍പ്പിച്ചു നോക്കി. അവള്‍ക്കു ഒരു രസം തോന്നി. അന്ന് തന്നെ എന്തെങ്കിലും കാര്യം ഉണ്ടാക്കി ഹരിയോട് പിണങ്ങാന്‍ അവള്‍ തീരുമാനിച്ചു. പക്ഷെ അവള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഹരി അതൊന്നും മുഖവുരക്ക് എടുത്തേ ഇല്ല!

അവസാനം അവള്‍ കാര്യം പറഞ്ഞു. അങ്ങനെയൊക്കെ ഉണ്ടെങ്കിലല്ലേ ജീവിതത്തിനു ഒരു രസമൊക്കെ ഉണ്ടാവൂ... ചട്ടിയും കലവും ആകുമ്പോള്‍ തട്ടിയും മുട്ടിയും ഇരിക്കണമെന്നാ...!!

'പിണങ്ങിയാല്‍ മാത്രം മതിയോ? അതോ സിനിമയിലെ നായകനെ പോലെ ഞാന്‍ നിന്റെ പുറകെ നടക്കുകയും വേണോ??' എന്ന് പറഞ്ഞുള്ള ഹരിയുടെ കളിയാക്കല്‍ അവള്‍ക്കു തീരെ പിടിച്ചില്ല. അവള്‍ മുഖം വീര്‍പ്പിച്ചു മാറിയിരുന്നു.

'ഭര്‍ത്താവ് പിണങ്ങാത്തതിനു ദേഷ്യപ്പെടുന്ന ലോകത്തെ ആദ്യ ഭാര്യ നീ ആയിരിക്കും...! എന്തായാലും നിന്റെ ഒരു ആഗ്രഹമല്ലേ ഒരു ദിവസം നമുക്ക് പിണങ്ങാം ട്ടോ...' എന്ന് പറഞ്ഞു ഹരി ഗൗരിയെ സമാധാനിപ്പിച്ചു.

ഒരു ദിവസം ജോലി കഴിഞ്ഞു മടങ്ങി വന്ന ഹരി ആകെ ദേഷ്യത്തിലാണ്. അവള്‍ എന്ത് ചോദിച്ചാലും ദേഷ്യം. കൂടുതല്‍ ഒന്നും സംസാരിക്കുന്നുമില്ല. അന്ന് പിണങ്ങാന്‍ പറഞ്ഞതിന്റെ റിയാക്ഷനാണോ അതോ ഒറിജിനല്‍ ആണോ എന്ന് അവള്‍ക്കു ആകെ കണ്ഫ്യൂഷന്‍.

അന്ന് രാത്രിയും അവന്‍ അവളോടു ഒന്നും മിണ്ടിയില്ല. പിന്നെ അവളും ഒന്നും മിണ്ടാന്‍ പോയില്ല. ഒരേ കട്ടിലില്‍ രണ്ടു ദിശകളിലായി അവര്‍ കിടന്നു. രാവിലെ ഭക്ഷണം കഴിക്കുമ്പോഴോ ജോലിക്ക് പോകുമ്പോഴോ പോലും ഒരക്ഷരം പോലും ഹരി അവളോടു സംസാരിച്ചതേയില്ല. ഇടക്കെപ്പോഴോ അവള്‍ ഫോണില്‍ വിളിച്ചെങ്കിലും അവന്‍ എടുത്തില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മെസ്സേജ് അയച്ചു. 'എന്താ? എന്ത് വേണം?' അതുകൂടി കണ്ടപ്പോള്‍ അവള്‍ക്കു ശരിക്കും ദേഷ്യവും സങ്കടവും ഒക്കെക്കൂടിയുള്ള ഒരവസ്ഥ ആയി.

വൈകുന്നേരം ഹരി വന്നപ്പോള്‍ ചായ മേശപ്പുറത്തു വച്ചിട്ട് ഒന്നും മിണ്ടാതെ ഒരു പുസ്തകമെടുത്തു എന്തോ സീരിയസായി വായിക്കാന്‍ തുടങ്ങി. ഹരി അതൊന്നും ശ്രദ്ധിക്കാതെ ചായ കുടിച്ചിട്ട് എഴുന്നേറ്റു പോയി. ഗാഡമായ വായനയിലാണെന്ന അഭിനയം ഒട്ടും വിശ്വസിച്ചില്ലെന്ന് ഗൗരിക്കും ബോധ്യായി!

കുറച്ചു കഴിഞ്ഞപ്പോള്‍ കുളിച്ചു ഫ്രഷായി ഹരി നേരെ ടിവിയുടെ മുന്നില്‍ എത്തി. റിമോര്‍ട്ടിലെ കീകളില്‍ ഹരിയുടെ വിരലുകള്‍ മാറുന്നതിനിടയില്‍ ഗൗരി വന്ന് അവന്റെ അടുത്തിരുന്നു. അവന്‍ അതൊന്നും ശ്രദ്ധിക്കാതെ ടോം & ജെറിയില്‍ ടോം ജെറിയെ ഓടിക്കുന്ന രംഗം കൗതുകത്തോടെ നോക്കിയിരിക്കുകയാണ്.

'ഒന്ന് മതിയാക്കുന്നുണ്ടോ ഈ മൗനവ്രതം? എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ... എന്താ ഉദ്ദേശം??' അവള്‍ പൊട്ടിത്തെറിച്ചു. കുറച്ചു സമയം മിണ്ടാതിരുന്നിട്ടു ഹരി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

'ഓഹ്, എനിക്ക് ചിരിയൊന്നും വരുന്നില്ല...'

'അങ്ങനെ പറയല്ലേ, പ്ലീസ് ഒന്ന് ചിരിക്കൂ... നിനക്കല്ലേ ഞാന്‍ പിണങ്ങുന്നില്ല എന്ന പരാതി. ഇപ്പോള്‍ എല്ലാ പരാതിയും മാറിയല്ലോ ല്ലേ? പക്ഷേ സിനിമയില്‍ നായകന്‍ പുറകെ നടന്നെങ്കില്‍ ഇവിടെ തിരിച്ചാണ് സംഭവിച്ചത് എന്ന് മാത്രം...!'

'ആഹ് എങ്കില്‍ നായകന്‍ പുറകെ വരുന്നത് ഞാന്‍ കാട്ടിത്തരാം...!' എന്ന് പറഞ്ഞു അവള്‍ അരിശത്തോടെ അകത്തേക്ക് പോയി.

'അയ്യോ വേണ്ടാ, ഞാന്‍ ഒരു തമാശ ഒപ്പിച്ചതല്ലേ...ഇനി പിണക്കമൊന്നും വേണ്ട. ഇന്ന് ഞാന്‍ ഭക്ഷണം വിളമ്പാം...' എന്ന് പറഞ്ഞു ഒരുവിധം ഹരി പ്രശനം സോള്‍വ് ചെയ്തു.

അങ്ങനെയിരിക്കെയാണ് ഒരു മലയോര പ്രദേശത്ത് രണ്ടു ദിവസത്തെ ക്യാമ്പിനായി ഹരിക്ക് പോകേണ്ടി വന്നത്. അന്നാണ് ആദ്യമായി അവര്‍ തമ്മില്‍ പിരിഞ്ഞിരിക്കുന്നത്. മൊബൈലില്‍ വിളിച്ചാല്‍ റെയ്ഞ്ച് കിട്ടാത്ത ഒരിടത്തായിരുന്നു ക്യാമ്പ്. അതുകൊണ്ടു ഫോണില്‍ പോലും സംസാരിക്കാന്‍  കഴിയാതെയായി.

അടുത്ത ദിവസം രാവിലെ ജോലിയൊക്കെ കഴിഞ്ഞു ബോറഡി മാറാന്‍ ടിവി ഓണ്‍ ചെയ്തപ്പോഴാണ് അന്ന് വാലന്റൈന്‍സ് ഡേ ആണെന്ന കാര്യം അവള്‍ ഓര്‍ത്തത്‌. 'സ്നേഹം പ്രകടിപ്പിക്കാനും ഒരു ദിവസമോ' എന്നൊക്കെ പറഞ്ഞു പണ്ടു ആ ദിവസത്തെ അവളും ഒരുപാടു പുച്ഛത്തോടെ കണ്ടിട്ടുണ്ടെങ്കിലും, വിവാഹം കഴിഞ്ഞ് ആദ്യത്തെ വാലന്റൈന്‍സ് ഡേയ്ക്ക് ഹരിയുടെ ഒരു വിഷ്, ഒരു കുഞ്ഞു ഗിഫ്റ്റ് ഒക്കെ അവളും ആഗ്രഹിച്ചു. പക്ഷേ അങ്ങോട്ട്‌ പോലും ഒരു വിഷ് ചെയ്യാന്‍ കഴിയാതെ അവളാകെ വിഷമിച്ചു.

അവള്‍ ടിവി ഓഫ്‌ ചെയ്തു ബെഡ് റൂമിലേക്ക്‌ പോയി. അവള്‍ ഹരിയുടെ മേശ തുറന്നു. അതിനകത്ത് ഉണ്ടായിരുന്ന പഴയ ഓട്ടോഗ്രാഫുകളും ബുക്കുകളുമൊക്കെ ചുമ്മാ മറിച്ചു നോക്കി. അപ്പോഴാണ്‌ ആ കൂട്ടത്തില്‍ നിന്ന് ഒരു ഡയറി അവള്‍ക്കു കിട്ടിയത്. അത് ആ വര്‍ഷത്തെ പുതിയ ഡയറി ആയിരുന്നു. അവളതു മറിച്ചു നോക്കി. അപ്പോഴാണ്‌ ഹരി ഡയറി എഴുതുന്ന കാര്യം അവള്‍ അറിയുന്നത് തന്നെ. സ്ഥിരമായി എഴുതാറില്ലെങ്കിലും ഇടക്കൊക്കെ പ്രാധാന സംഭവങ്ങള്‍ ചുരുക്കി എഴുതിയിട്ടുണ്ട്. അവള്‍ ഓരോ പേജായി വായിച്ചു തുടങ്ങി.

അവളെ കുറിച്ച് എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയാന്‍ അവളുടെ കണ്ണുകള്‍ ഡയറിയാകെ പരതി. ഒടുവില്‍ അവളെ പറ്റി പരാമര്‍ശിച്ചു തുടങ്ങുന്ന പേജ് അവള്‍ കണ്ടെത്തി...

'ജൂണ്‍ 12 തിങ്കള്‍...

എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ് കാണല്‍ ചടങ്ങിനായി ഇന്ന് പോയത് ഒരു തമാശ എന്ന രീതിയില്‍ മാത്രമായിരുന്നു. പക്ഷേ ഇടക്കെപ്പോഴോ അടുത്ത മുറിയുടെ നേരിയ ഇരുട്ടില്‍, ജനലഴികള്‍ക്ക് ഇടയിലൂടെ ഞാന്‍ കണ്ട രണ്ടു തിളങ്ങുന്ന കണ്ണുകള്‍... ആ തിളക്കം തുളച്ചു കയറിയത് എന്റെ ഹൃദയത്തിലേക്കായിരുന്നു. ആളിനെ കാണുന്നതിനു മുമ്പ് തന്നെ മനസ്സില്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു, ആ കണ്ണുകളിലെ തിളക്കം എനിക്ക് വേണം എന്ന്....'

അത് വായിച്ച് ഗൗരിയുടെ കണ്ണുകള്‍ ഒന്നുകൂടി തിളങ്ങി. അവള്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തെ ഒരു വാലന്റൈന്‍സ് ഡേ ഗിഫ്റ്റ് ആ വരികളിലൂടെ അവള്‍ക്കു കിട്ടുകയായിരുന്നു. അവള്‍ ശ്വാസമടക്കി പിടിച്ചു ആവേശത്തോടെ പേജുകള്‍ മറിച്ചു നോക്കി. പക്ഷേ പിന്നീട് ഒരു പേജില്‍ കൂടി മാത്രമേ അവള്‍ക്കു അവളെ പറ്റി എഴുതിയിട്ടുള്ളത് കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ.

'ഒക്ടോബര്‍ 14 ശനി...

ഗൗരി. എന്റെ മനസ്സ് ചിന്തിക്കുന്നത് അവള്‍ക്ക് വാക്കുകളായി കോറിയിടാന്‍ സാധിക്കുന്നു. എന്റെ ചിന്തകള്‍ക്കതീതമായ അവളുടെ വാക്കുകളെക്കാള്‍ എന്നെ അവളിലേക്കടുപ്പിക്കുന്നത് എന്റെ മനസ്സിനൊപ്പം സഞ്ചരിക്കുന്ന അവളെയാണ്. എന്റെ പ്രതീക്ഷകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അതീതമായി എനിക്ക് കിട്ടിയ സമ്മാനം...'

അവള്‍ക്ക് അന്ന് വളരെയധികം സന്തോഷം തോന്നിയ ദിവസമായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഹരിയെ കാത്ത് ഒരു ഹാപ്പീന്യൂസ് കൂടി അവള്‍ സൂക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷേ വന്നയുടനെ, കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല എന്ന് പറഞ്ഞു ഹരി നേരെ കട്ടിലിലേക്ക് മറിഞ്ഞു.

ഉച്ചകഴിഞ്ഞ്, കുളിച്ചു ഫ്രെഷ് ആയി ഊണ് കഴിക്കാനായി വന്നപ്പോള്‍ ഗൗരി ഹരിയോട് ചോദിച്ചു,

'ഇന്നിനി പുറത്ത് പോകുന്നുണ്ടോ? ഇല്ലെങ്കില്‍ ഒരു ജോലി തരാം..'

'ജോലിയോ... എന്ത് ജോലി? ഇന്നിനി ഒരു ജോലിക്കും ഞാനില്ല.'

'ഇത് അങ്ങനത്തെ ജോലി അല്ല, പറഞ്ഞാല്‍ പറ്റില്ല എന്ന് പറയില്ല.'

'ഓഹോ എങ്കില്‍ അതൊന്നു കേള്‍ക്കട്ടെ...'

'അതെ, നമ്മുടെ മോള്‍ക്ക്‌ ഇടാന്‍ പറ്റിയ ഒരു നല്ല പേര് കണ്ടു പിടിക്ക്...!'

അന്ന് പിന്നെ ആ വീട്ടില്‍ ഒരു ഉത്സവത്തിന്റെ ലഹരി ആയിരുന്നു. അന്നുമുതല്‍ ഹരിയുടെ കമ്പ്യൂട്ടറില്‍ എപ്പോഴും' മധുവിധു രാവുകളില്‍ സുരഭില യാമങ്ങളില്‍ എനിക്കൊരാണ്‍പൂവിനെ താ...' എന്ന പാട്ടും ഗൗരിയുടെ മൊബൈലില്‍ 'എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ..' എന്ന പാട്ടും മാത്രമായി!

അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോകവെയാണ് ഗൗരി ഹരിയുടെ ഡയറിയെ കുറിച്ച് ഓര്‍ത്തത്‌. ഹരി ഇല്ലാത്ത സമയത്ത് അവള്‍ ഡയറി എടുത്തു നോക്കി. അതില്‍ ഫെബ്രുവരി 16 ലെ കുറിപ്പ് വായിച്ചപ്പോള്‍ അവള്‍ ആശ്ചര്യപ്പെട്ടു പോയി. അല്ലെങ്കിലും ആ ഡയറിയിലെ ഓരോ കുറിപ്പുകളും അവളുടെ പ്രതീക്ഷകളേക്കാള്‍ വലിയ സസ്പെന്‍സുകളായിരുന്നു.

'ഫെബ്രുവരി 16 ചൊവ്വ...

ഇന്ന് ഞാനൊരു അച്ഛനാവാന്‍ പോകുന്നു എന്ന് ഗൗരി പറഞ്ഞപ്പോള്‍ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഏതൊരു പുരുഷനും ജീവിതത്തില്‍ ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം. അവളുടെ മുന്നില്‍ ഒരു ആണ്‍കുഞ്ഞ് മതി എന്ന് പറഞ്ഞു വാശി പിടിക്കുമ്പോഴും എന്റെ മനസ്സില്‍ പെണ്‍കുഞ്ഞ് എന്ന മോഹം തന്നെയായിരുന്നു. നമ്മുടെ വാവ... അവള്‍ ഗൗരിയെ പോലെയിരിക്കണം. ആ കണ്ണുകള്‍, മൂക്ക്, അങ്ങനെ സ്വഭാവം പോലും അവളെ പോലെ ആവണം. അവളുടേത്‌ പോലെ ഓമനത്തമുള്ള ഒരു പേര്, അതുകൊണ്ട് 'അമ്മു' എന്ന പേരിടാം എന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷേ ഇതൊക്കെ ഗൗരിക്ക് ഒരു സസ്പെന്‍സ് ആവണം!!'

ആ ഡയറി മടക്കി വയ്ക്കുമ്പോള്‍ എന്തിനെന്നറിയാതെ അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു.... അന്ന് വൈകുന്നേരം സംസാരിക്കുന്ന കൂട്ടത്തില്‍ അവള്‍ ഹരിയോട് പറഞ്ഞു,

'വീട്ടിലും സ്കൂളിലുമായി രണ്ട് പേര് വേണ്ട, നല്ല ക്യൂട്ട് ആയ ഒരു നെയിം മതി മോള്‍ക്ക്‌. ഞാന്‍ അവള്‍ക്ക് ഒരു പേര് കണ്ടു വച്ചിട്ടുണ്ട്'

'നീ കണ്ടു വച്ചതൊക്കെ നിന്റെ മനസ്സില്‍ തന്നെ ഇരുന്നാല്‍ മതി. എന്റെ മോന് പറ്റിയ നല്ല ഒന്നാന്തരം പേര് എന്റെ മനസ്സിലുണ്ട്. അതൊക്കെ സസ്പെന്‍സ് ആണ്, എല്ലാവരും അറിയുമ്പോള്‍ നീയും അറിഞ്ഞാല്‍ മതി...!'

'അമ്മു... നല്ല പേരല്ലേ?' അവന്‍ ഒന്നും പറഞ്ഞില്ല. അവന്റെ മനസ്സില്‍ പെട്ടെന്ന് ഡയറിയെ പറ്റി ഒരു ഉള്‍വിളി ഉണ്ടായി.

മാസങ്ങള്‍ കടന്നു പോയി. ഒക്ടോബര്‍ മാസം മൂന്നാം തീയതി ഗൗരി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ഹരി തന്നെ അവളെ ആദ്യം അമ്മു എന്ന് വിളിച്ചു.

അമ്മുവിന്‍റെ വരവോടു കൂടി അവരുടെ ജീവിതത്തിനു പിന്നീട് പുതിയ നിറഭേദങ്ങള്‍ ഉണ്ടായി. പക്ഷേ ഗൗരി എത്ര തപ്പി നോക്കിയിട്ടും ഹരിയുടെ ഡയറി കണ്ടെത്താന്‍ അവള്‍ക്ക് പിന്നെ കഴിഞ്ഞില്ല. അവനതു എവിടെയോ ഒളിപ്പിച്ചതാവണം. പതിയെ പതിയെ അമ്മു സംസാരിച്ചു തുടങ്ങി. പിച്ചവച്ചു തുടങ്ങി അവള്‍ വളരാന്‍ തുടങ്ങിയിരിക്കുന്നു. അവളുടെ ഒന്നാം പിറന്നാള്‍ കെങ്കേമമായി തന്നെ അവര്‍ ആഘോഷിച്ചു,

അങ്ങനെ സന്തോഷകരമായ അവരുടെ ജീവിതം മുന്നോട്ടു പോകുമ്പോഴായിരുന്നു ഒരു ദുരന്ത വാര്‍ത്ത‍ ഗൗരിയെ തേടി വന്നത്. ഒരു ആക്സിഡന്റില്‍ കെ.എസ്.ആര്‍.ടി.സി ബസ് എന്നെന്നേക്കുമായി ഗൗരിയില്‍ നിന്ന് ഹരിയെ തട്ടിയെടുത്തു.

മനസ്സിന് പ്രതീക്ഷയേക്കാള്‍ അപ്പുറം ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവമായിരുന്നു ഗൗരിക്കത്. അപ്പോഴും അവള്‍ക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ല. വല്ലാത്ത വേദനയോടെ ഒരു തേങ്ങല്‍ അവളുടെ ചങ്കില്‍ കുരുങ്ങിക്കിടന്ന് പിടക്കുകയായിരുന്നു. അധികനേരം പിടിച്ചു നിര്‍ത്താനാവാതെ ഒരു വിതുമ്പലായി അത് പുറത്തേക്കൊഴുകി.

അപ്പോള്‍ അമ്മുവിന് മൂന്ന് വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങള്‍ കഴിയുമ്പോള്‍ അച്ഛനെ കുറിച്ചുള്ള അമ്മുവിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നിലാണ് ഗൗരി ശരിക്കും തളര്‍ന്നു പോയത്. കരഞ്ഞാല്‍ തീരുന്ന സങ്കടമായിരുന്നില്ല അവള്‍ക്കത്. മനസ്സിനെ എപ്പോഴും ഞെരിച്ചമര്‍ത്തുന്ന പോലെ ഒരു അവസ്ഥ ആയിരുന്നു അത്.

ഇപ്പോഴത്തെ അവളുടെ അവസ്ഥകളില്‍ നിന്ന് ഒരു മോചനത്തിനായിട്ടാണ് ഗൗരിയെ അവളുടെ അമ്മയുടെ വീട്ടിലേക്കു കൊണ്ടു പോയത്. പോകുന്നതിനു മുമ്പ് ആ വീട്ടില്‍ നിന്ന് അവള്‍ ഒന്ന് മാത്രേ തിരഞ്ഞുള്ളൂ, ഹരിയുടെ ഡയറി. ഒരുപാടു നേരത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഡയറി കിട്ടിയത് അലമാരയില്‍ ഗൗരിയുടെ കല്യാണസാരിക്കുള്ളില്‍ നിന്നാണ്.

അമ്മുവിനേയും നെഞ്ചോടടക്കി പിടിച്ചു പടി കയറി ചെന്നപ്പോള്‍ വീട്ടില്‍ എല്ലാവരുടെ കണ്ണുകളിലും ഒരു സഹതാപത്തിന്റെ ഭാവം അവള്‍ക്ക് ഫീല്‍ ചെയ്തു.

രാത്രിയില്‍ ഉറക്കം വരാത്ത വേളയില്‍ അമ്മുവിനെ ഉണര്‍ത്താതെ, ടേബിള്‍ ലാമ്പിന്റെ വെളിച്ചത്തില്‍ അവള്‍ ഹരിയുടെ ഡയറി തുറന്നു. അമ്മുവിന്‍റെ ചോറൂണ്, അവളുടെ ഒന്നാം പിറന്നാള്‍ അങ്ങനെ അവളെ പറ്റി മാത്രമാണ് പിന്നെ അവള്‍ക്ക് വായിക്കാനായി അതില്‍ ഉണ്ടായിരുന്നത്.

ഹരി മരിക്കുന്നതിനു കുറച്ചു ദിവസം മുമ്പ് എഴുതിയ ഒരു കുറിപ്പ് അവളുടെ ശ്രദ്ധ ആകര്‍ഷിച്ചു.

'സാധാരണ ചിന്തകളില്‍ കടന്നു വരാത്ത എന്തോ ഒന്ന് ഈയിടെയായി വല്ലാതെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ തന്നെ കാരണം. ഒരു ദിവസം പെട്ടെന്ന് ഞാന്‍ ഇല്ലാണ്ടായാല്‍... എന്താണിപ്പോള്‍ പെട്ടെന്ന് ഇങ്ങനൊരു ചിന്ത എന്ന് എനിക്കറിയില്ല. പക്ഷേ മനുഷ്യ ജീവിതമാണ്, അടുത്ത ഓരോ നിമിഷവും നമുക്ക് അവ്യക്തമാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാലും അമ്മുവിന്‍റെ കാര്യത്തില്‍ എനിക്ക് പേടിയില്ല, അവള്‍ക്ക് നീയുണ്ട്. അവള്‍ക്ക് എല്ലാമാവാന്‍ നിനക്ക് കഴിയും. അവളെ പറ്റി എനിക്ക് വലിയ സ്വപ്‌നങ്ങള്‍ ഒന്നുമില്ല. എന്നാല്‍ അവളുടെ സ്വപ്നങ്ങള്‍ക്കനുസരിച്ചു നീ അവളെ വളര്‍ത്തണം. എനിക്ക് നിന്നോടു ഒരു കാര്യമേ ഓര്‍മ്മിപ്പിക്കാനുള്ളൂ. സമൂഹത്തെയും കുടുംബക്കാരെയും പേടിച്ച്, അച്ഛനില്ലാത്ത ഒരു കുഞ്ഞിനെ വളര്‍ത്തുന്ന ഒരമ്മയുടെ മാനസികാവസ്ഥയില്‍ മാത്രം നീ അവളെ വളര്‍ത്തരുത്. അത് നിമിത്തം അവളുടെ ഒരാഗ്രഹവും നിഷേധിക്കുകയും അരുത്. 'അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കത് സാധിക്കുമായിരുന്നു' എന്ന് അവള്‍ക്ക് ഒരിക്കലും തോന്നാന്‍ പാടില്ല. അത് മാത്രം ശ്രദ്ധിച്ച് അവളെ നീ ഒരു മാലാഖയെ പോലെ വളര്‍ത്തണം.'

നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ചുകൊണ്ടാണ് പിന്നെയവള്‍ അടുത്ത പേജ് മറിച്ച് തുടങ്ങിയത്. ഹരി മരണം മുന്നില്‍ കണ്ട് എഴുതിയ വരികളായിട്ടാണ് അവള്‍ക്കു തോന്നിയത്. പിന്നെയവള്‍ കാണുന്നത് മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഹരി എഴുതിയ കുറിപ്പായിരുന്നു...

'എന്റെ ആത്മാവിന് ശരീരം വിട്ട് പുറത്തുവരാന്‍ സാധിക്കുമെങ്കില്‍, എന്റെ ആത്മാവ് ആദ്യം വരുന്നത് നിന്റെ അടുത്തായിരിക്കും. ഞാന്‍ പറയാന്‍ ബാക്കി വച്ച എന്തൊക്കെയോ നിന്നോടു പറയാന്‍...'

അപ്പോഴത്തെ അവളുടെ മനസ്സിന്റെ തേങ്ങല്‍ അവള്‍ക്കു സഹിക്കുന്നതിലും അപ്പുറമായിരുന്നു. ഡയറി മടക്കി വച്ച് അവള്‍ അമ്മുവിന്‍റെ അടുത്തു പോയി കിടന്നു. ഉറങ്ങിക്കിടന്ന അമ്മുവിനെ ചേര്‍ത്ത്പിടിച്ച് നെറ്റിയില്‍ ചുംബിക്കുമ്പോള്‍ നിറഞ്ഞൊഴുകിയ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ തുള്ളികള്‍ അവളുടെ നെറ്റിയില്‍ വീഴുന്നുണ്ടായിരുന്നു. ഉറങ്ങാന്‍ കഴിയാത്ത ആ രാത്രിയില്‍ അവളുടെ മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ മാത്രമായിരുന്നു. അവള്‍ ചിലതൊക്കെ തീരുമാനിച്ച് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

ഏകദേശം ഒരുവര്‍ഷത്തോളം അവളുടെ അമ്മയുടെ കൂടെ ആ വീട്ടില്‍ തന്നെ അവള്‍ കഴിഞ്ഞു. അതിനിടയില്‍ അവള്‍ക്കു ജോലി കിട്ടി. ആരുടെയും സഹതാപത്തിന് നില്‍ക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു. എല്ലാവരുടെയും സ്നേഹോപദേശങ്ങള്‍ അവഗണിച്ചുകൊണ്ടു ഹരിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ വീട്ടിലേക്കു തന്നെ അമ്മുവിനേയും കൂട്ടി അവള്‍ പുറപ്പെട്ടു.

ആ വീട്ടിലേക്കു തിരികെ എത്തിയപ്പോള്‍ തന്നെ വല്ലാത്തൊരു ധൈര്യം അവള്‍ക്കു കിട്ടുകയായിരുന്നു. അന്നുമുതല്‍ ഹരിയുടെ ഡയറിയില്‍ അവന്‍ ബാക്കി വച്ചിടത്ത് നിന്ന് അവള്‍ എഴുതി തുടങ്ങി. അങ്ങനെ ജീവിതത്തില്‍ അവളുടെ ആദ്യത്തെ ഡയറി കുറിപ്പ് അവിടെ തുടങ്ങി...

'ഹരിയേട്ടന്‍ എന്നോടു പറയാന്‍ ബാക്കി വച്ചതൊക്കെ സ്വപ്നങ്ങളായി ഇനി എന്റെ മുന്നിലെത്തും. നമ്മുടെ അമ്മുവിനെ ഹരിയേട്ടന്‍ ആഗ്രഹിച്ച പോലെ തന്നെ ഞാന്‍ വളര്‍ത്തും, അച്ഛനുള്ള കുട്ടിയായി തന്നെ. ഹരിയേട്ടന്റെ ആത്മാവ് എന്നും നമ്മളോടൊപ്പം ജീവിക്കും, എന്നിലെ ഞാനായി... എന്റെ ജീവനില്‍...'

6 comments:

  1. സംഭവം കൊള്ളാം ,നന്നായി പറഞ്ഞു എങ്കിലും കൂടുതല്‍ നീട്ടിവലിക്കാതെ ചുരുക്കി എഴുതാന്‍ ശ്രമിക്കണം.

    ReplyDelete
  2. നല്ല കഥ. ഹരിയുടെ സാമീപ്യം ഗൌരിക്ക് എന്നെന്നും 
    അനുഭവപ്പെടും 

    ReplyDelete
  3. കഥ കൊള്ളാം. പതിവു തീമെങ്കിലും എഴുത്തു നന്നായിട്ടുണ്ട്.

    ReplyDelete
  4. ഇഷ്ടായി.. നന്നായെഴുതി,ഒരുപാട് വലുതായെങ്കിലും.

    ReplyDelete
  5. @സിദ്ധീക്ക..
    @keraladasanunni
    @അനില്‍@ബ്ലോഗ് // anil
    @ഇലഞ്ഞിപൂക്കള്‍

    വായിക്കുകയും,അഭിപ്രായങ്ങള്‍ പറയുകയും,പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തതിന് നന്ദി...

    ReplyDelete
  6. നന്നായി....ഇനിയും ഉണ്ടാകട്ടെ ഇതുപോലെ ...

    ReplyDelete