10 April 2011

നിലാവിന്റെ പൊയ്കയില്‍ (ചെറുകഥ)

ഷാര്‍ജയിലെ ഒരു മള്‍ട്ടീനാഷണല്‍ കമ്പനിയിലെ ബിസിനസ് എക്സിക്യുട്ടീവാണ് കിഷോര്‍. നല്ല ഹ്യൂമര്‍ സെന്‍സുള്ള ആരോടും എന്തും പറഞ്ഞു ജയിക്കാന്‍ കഴിവുള്ള ഒരു സുന്ദര-സരസ-കോമളന്‍. ഭാര്യ പ്രിയ ഷാര്‍ജയിലെ ഒരു ഹോസ്പിറ്റലില്‍ നേഴ്സാണ്.

അവരുടേത് ഒരു ഇന്റ്റര്‍കാസ്റ്റ് മ്യാരേജ് ആയിരുന്നു. ഉന്നതകുല ജാതിയില്‍പ്പെട്ട ഒരു നായ(ര്) യുവതിയെ വെറും ഒരു കൃസ്ത്യാനി ചെക്കന്‍ തട്ടിക്കൊണ്ടു പോയി കല്യാണം കഴിക്കും എന്ന് പേടിച്ചു വിരണ്ട അവളുടെ തന്തപ്പടി കേണപേക്ഷിച്ചു തന്നെ കൊണ്ടു കെട്ടിക്കുകയായിരുന്നെന്നു കിഷോറും, അതല്ല സീമന്ത പുത്രിയുടെ ഒരാഗ്രഹത്തിനും എതിരുനില്‍ക്കാത്ത സ്നേഹസമ്പന്നനായ അച്ഛന്‍ മകളുടെ ആഗ്രഹം മാത്രം മുന്നില്‍ കണ്ടു വേറെ നിവര്‍ത്തിയില്ലാതെ വെറുമൊരു നസ്രാണി ചെക്കന് കൈപിടിച്ചു കൊടുക്കുകയായിരുന്നു എന്നും അവര്‍ തമ്മില്‍ ദിവസവും ഘോരം ഘോരം വാദിക്കുന്നു. തീര്‍പ്പ് കല്‍പ്പിക്കാന്‍ വേറാരും ഇല്ലാത്തതിനാല്‍ തര്‍ക്കം പൂര്‍വ്വാധികം ശക്തിയോടെ തന്നെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

കല്യാണം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞപ്പോഴേ ഇരുവരും ഷാര്‍ജയില്‍ എത്തിയതാണ്. വാടകക്കാണെങ്കിലും താമസിക്കുന്ന ഒറ്റ മുറി ഫ്ലാറ്റ് അവരുടെ സ്വര്‍ഗമാണ്. ദേഷ്യം വരുമ്പോള്‍ 'പോടാ പട്ടീ' എന്ന് അവള്‍ അവനെയും, 'പട്ടീ ന്നു നിന്റെ ഉന്നതകുല ജാതനായ രവീന്ദ്രന്‍ നായ(രെ) യെ പോയി വിളിക്കെടീ പുല്ലേ...' എന്ന് അവനും പറയുമെങ്കിലും സ്നേഹം മാത്രം നിറഞ്ഞു തുളുമ്പുന്ന ഒരു കുഞ്ഞു സന്തുഷ്ട കുടുംബമായിരുന്നു അവരുടേത്.

അങ്ങനെയിരിക്കെയാണ് ഓഫീസില്‍ കിഷോറിന് ഒരു പുതിയ ‍ ശത്രു വന്നത്, ഒരു രഞ്ജിത്ത്. ഓഫീസില്‍ വന്ന അതെ ദിവസം തന്നെ, കിഷോറിന്റെ തമാശക്ക് ജീവിതത്തിലാദ്യമായി 'ഉരുളക്കു ഉപ്പേരി പോലെ' ഒരു മറുപടി കൊടുക്കുമെന്ന് ആരും തന്നെ കരുതിയില്ല. പുതുതായി ഓഫീസില്‍ വന്ന ഒരുത്തന്‍ അന്ന് തന്നെ ഇമ്മാതിരി പണി തരും പാവം കിഷോര്‍ സ്വപ്നത്തില്‍ പോലും കരുതിയാതെ ഇല്ല. എല്ലാവരുടെയും പൊട്ടിച്ചിരി കൂടി കേട്ടപ്പോള്‍ മുറിഞ്ഞു പോയ വാല് തപ്പി നോക്കേണ്ട അവസ്ഥയായി കിഷോറിന്.

വൈകുന്നേരം ഫ്ലാറ്റില്‍ സംസാരിക്കുന്ന കൂട്ടത്തില്‍ ചെറിയൊരു വിഷാദത്തോടെ അവന്‍ പ്രിയയോടു പറഞ്ഞു,

'ഓഫീസില്‍ പുതിയൊരു തെണ്ടി വന്നു, നമ്മുടെ കോമഡി ഒന്നും അവനോടു ചെലവാകുന്നില്ല. ഇന്നൊന്നു ചെറുതായി ചമ്മി..'

'ഹ ഹ ഹ! നന്നായി! എന്തായാലും ഓഫീസിലെ എല്ലാവരും അതിപുരാതനമായ കോമഡികളില്‍ നിന്ന് ഇനിയെങ്കിലും രക്ഷപ്പെടുമല്ലോ...ഒരു പുതിയ മാറ്റം അത്യാവശ്യം തന്നെ. നമുക്ക് അയാളെ വിളിച്ചു ഒരു ട്രീറ്റ് കൊടുക്കണം ട്ടോ..'

'അവനു മത്രാമാക്കണ്ടടീ നിന്റെ അപ്പനെയും കൂടി വിളിക്ക്...!!'

'ഈശ്വരാ അവന്‍ എല്ലാവരുടെയും മുന്നില്‍ ഹീറോ ആകണേ... പുണ്യാളന് ഒരു ഗ്രാമിലെ ഒരു പൊന്നിന്‍ കുരിശ് നേര്‍ന്നെക്കാവേ...' എന്ന് പറഞ്ഞിട്ട് അവള്‍ അകത്തേക്ക് ഓടി.

'ഇന്ന് നാലുപാടു നിന്നും അടിയാണല്ലോ കര്‍ത്താവേ.. ഇന്ന് ഏതു ഗതികെട്ടവനെയാണാവോ കണി കണ്ടത്...' കിഷോര്‍ അറിയാതെ മനസ്സില്‍ പറഞ്ഞു പോയി.

അടുത്ത ദിവസം മുതല്‍ കിഷോര്‍ ഒരു ഉറച്ച തീരുമാനം എടുത്തു. ഇനി ഒരിക്കലും അവനോടു മാത്രം ഒരു കളിയാക്കലിനും പോകില്ല. എന്തിനാ വെറുതെ അവനു ഗോള്‍ അടിക്കാനായി ഞാന്‍ തന്നെ ബോള്‍ എന്റെ കോര്‍ട്ടില്‍ വച്ച് കൊടുക്കുന്നത്! കിഷോറിന് പിന്നെ അസൂയ കലര്‍ന്ന ഒരു ഇഷ്ടം അവനോടു തോന്നി. അവനുമായി ചങ്ങാത്തം കൂടാനും തീരുമാനിച്ചു. ക്രമേണ അവര്‍ നല്ല സുഹൃത്തുക്കളായി മാറി. രഞ്ജിത്തിനെ വീടിലേക്ക്‌ ക്ഷണിച്ചു. അടുത്ത വെള്ളിയാഴ്ച വീട്ടില്‍ വന്നെ പറ്റൂ എന്ന് നിര്‍ബന്ധിച്ചു സമ്മതിപ്പിച്ചു.

'വെള്ളിയാഴ്ച രഞ്ജിത്ത് വീട്ടില്‍ വരും നീ ഇവിടെ ഉണ്ടാവണം' എന്ന് അന്ന് തന്നെ പ്രിയയോടു പറഞ്ഞു. മൂന്നാല് ദിവസം മുന്‍പ് പറഞ്ഞത് അന്ന് അവള്‍ നിര്‍ബന്ധമായും അവിടെ ഉണ്ടാവാന്‍ വേണ്ടിയായിരുന്നു. എന്നിട്ട് ഒരു അപേക്ഷയും.,,

'അവന്‍ വരുമ്പോള്‍ ചുമ്മാ ചിലപ്പോള്‍ ഞാന്‍ പറഞ്ഞൂന്നു പറഞ്ഞു നിന്നെ പറ്റി പലതും പറയും. ദേഷ്യം വന്നു 'പട്ടീ' എന്നൊന്നും വിളിച്ചേക്കരുതെ. അറിയാലോ ഇപ്പോള്‍ ഓഫീസില്‍ എനിക്ക് പുല്ലു വിലയായി. ' ഒരു കള്ള ചിരിയോടെ ഇല്ല എന്ന് അവള്‍ വാക്ക് കൊടുത്തു.

കുറച്ച് കഴിഞ്ഞു കിഷോര്‍ അടുക്കളയിലായിരുന്ന പ്രിയയുടെ അടുത്തു പോയി സീരിയസ് ആയി ഒരു കാര്യം കൂടി പറഞ്ഞു. 'ആഹ് പിന്നെ, അന്ന് എപ്പോഴും വിളിക്കും പോലെ 'കിച്ചു' അല്ല, കിച്ചുവേട്ടനാ..കിച്ചുവേട്ടന്‍!... പ്ലീസ്!!' അവള്‍ അടുക്കളയില്‍ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ചിരിയടക്കിക്കൊണ്ട് തലയാട്ടി.

അടുത്ത ദിവസം രാവിലെ എണീറ്റ്‌ വന്ന ഉടന്‍ കിഷോര്‍ കാണുന്നത് ഒരു പഴയ ഗ്രൂപ്പ് ഫോട്ടോ എടുത്തു മേശപ്പുറത്തു വച്ച് അതില്‍ തന്നെ നോക്കിയിരിക്കുന്ന പ്രിയയെയാണ്. അപ്പോഴാണ് ഇന്ന് ഫ്രണ്ട്ഷിപ്‌ ഡേ ആണെന്ന് അവന്‍ ഓര്‍ത്തത്‌. സാധാരണ ഇതേ ദിവസം ഇങ്ങനെയൊരു കലാ പരിപാടി ഇവിടെ സ്ഥിരമാണ്. അതുകൊണ്ടു ഈ ദിവസം ഓര്‍മ്മിക്കാനെങ്കിലും അവനു കഴിയുന്നു.

'എടീ ഇന്ന് രക്തസാക്ഷി ദിനമൊന്നുമല്ലല്ലോ... പിന്നെന്തിനാ ആ സ്മാരകവും പൊക്കിപ്പിടിച്ച് അവിടെ ഇങ്ങനെ ഇരിക്കുന്നത്...?'

'ഓ ഒരു വലിയ തമാശ... അതെ, ഒന്നിങ്ങ് വരാവോ...?' ഒലിപ്പിക്കുന്ന ആ വിളി കേട്ടപ്പോഴേ അവനു കാര്യം പിടികിട്ടി.

'ദേ, ഇതെന്താണെന്നറിയാവോ..?'

'പിന്നെ! ഒരു പഴഞ്ചന്‍ ഫോട്ടോ അല്ലെ? ആ കുട്ട്യോള്‍ക്കു കണ്ണ് വീഴാണ്ടിരിക്കാനാണോ നടുവില്‍ ആ ജന്തുവിനെ പിടിച്ചു ഇരുതിയിരിക്കുന്നെ..?'

അവള്‍ കണ്ണുരുട്ടിക്കൊണ്ട് 'പോടാ പട്ടീ' ന്നു വിളിക്കും മുന്നേ അവന്‍ തുടര്‍ന്നു..

'ഞാന്‍ പറയാം ഞാന്‍ പറയാം... ദേ, ഈ ഇരിക്കുന്ന ഫോട്ടോ കണ്ടോ? ആദ്യം കാണുന്നത് ശ്രീജ, അവസാനത്തേത്‌ സ്മിത, പിന്നെ നടുവിലത്തെത് ഈ ഞാനും. ഞങ്ങള്‍ തിരുവനന്തപുരം മെഡി.കോളേജില്‍ നേഴ്സിംഗിനു പഠിച്ചിരുന്നപ്പോള്‍ എടുത്ത ഫോട്ടോയാ. മൂന്നു ജില്ലകളില്‍ നിന്ന് വന്ന ഞങ്ങള്‍ എത്ര പെട്ടെന്നാ ഇത്ര കമ്പനിയായത് എന്നറിയോ? എവിടെയും എന്തിനും ഒരുമിച്ച്... കോളേജ് ലൈഫില്‍ ഞങ്ങള്‍ എന്തൊക്കെ വേലത്തരങ്ങള്‍ ഒപ്പിച്ചതാന്നറിയോ? ആഹ് അതൊക്കെ ഒരു കാലം! കോളേജ് കഴിഞ്ഞു പലരും പല വഴിക്കാവുമ്പോഴും അവസാനം ഓര്‍മ്മയ്ക്ക്‌ ഈ ഒരു ഫോട്ടോ മാത്രം ആകുമെന്ന് ആരെങ്കിലും അറിഞ്ഞോ... ' കൊച്ചു കുട്ടികള്‍ ഗുണന പട്ടിക കാണാതെ പറയും പോലെ അതെ താളത്തില്‍ ഇത്രയും പറഞ്ഞിട്ട്, 'ഇതല്ലേ നീ പറയാന്‍ പോകുന്നത്..? കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ ദിവസം ഞാനിത് മുടങ്ങാതെ ഇതേ പോലെ തെന്നെ കേള്‍ക്കുന്നുണ്ട്. ഇപ്രാവശ്യം വല്ല പുതിയ ഡയലോഗും ഉണ്ടോ പറയാന്‍..!!?'

'പോടാ പട്ടീ... എന്റെ ഫീലിംഗ്സിനെ പറ്റിയാണോ തമാശ..? എന്ന് പറഞ്ഞിട്ട് പിന്നെ വിളിച്ചതൊക്കെ അല്‍പ്പം കടുത്ത വാക്കുകളായി പോയി.

'ഒരു കാര്യം ചെയ്യാം അടുത്ത വര്‍ഷം മുതല്‍ നിന്റെ ഫീലിങ്ങ്സ്‌ ഞാന്‍ ഏറ്റെടുത്തിട്ട് നിനക്ക് പകരം ആ ഫോട്ടോയും എടുത്തു ഞാന്‍ ഇത്പോലെ പറയാം.. എന്തെ?'

'തമാശിച്ചോ തമാശിച്ചോ... എന്റെ ഫീലിങ്ങ്സ്‌ കേള്‍ക്കാനൊന്നും ഇവിടാരുല്ലാലോ....'

'പഠിച്ചിരുന്ന കാലത്തും അല്ലാതെയും ഇണ പിരിയാത്ത സുഹൃത്തുക്കളായിരുന്നു നിങ്ങള്‍ എന്നെനിക്കറിയാം. പക്ഷെ എങ്ങനെയൊക്കെയോ ഇപ്പോള്‍ ഇങ്ങനെയായി. നിന്റെ കൈയിലാണേല്‍ ഇപ്പോള്‍ അവരുടെ ആരെയും അഡ്രസ്സ് പോലുമില്ല. ആകെ അറിയാവുന്നത് സ്ഥലം മാത്രം. അവരുടെ ഒക്കെ കല്യാണം കഴിഞ്ഞു ഇപ്പോള്‍ എവിടെ ആയിരിക്കുമെന്ന് ആര്‍ക്കാ അറിയുക. വെറും സ്ഥലം മാത്രം അറിഞ്ഞിട്ടു ഇവിടിരുന്നു എങ്ങനെ കണ്ടെത്താനാ അവരെ? ഫ്രണ്ട്ഷിപ്‌ ഒക്കെ എനിക്കും മനസ്സിലാവും എന്ന് കരുതി നീ പറയുന്നതും കേട്ട് ഞാനും കൂടി ആ ഫോട്ടോ നോക്കി നിന്റെ കൂടെ ഇരുന്നാല്‍ അവരെ കിട്ടുമോ? ഇപ്പോള്‍ ഈ ദിവസം ഇതൊക്കെ കാണുമ്പോ എനിക്ക് ശരിക്കും ചിരിയാ വരുന്നത്. ഈ സമയത്ത് ഇപ്പോഴുള്ള ഫ്രണ്ട്സിന് ഒരു വിഷ് എങ്കിലും ചെയ്തൂടെ? ഹി ഹി ഇല്ലെങ്കില്‍ അടുത്ത വര്ഷം ഫോട്ടോയുടെ എണ്ണം ചിലപ്പോള്‍ കൂടും..!!'

'ഹോ അല്ലെങ്കിലും എന്തിനും ഒരു മറുപടു ഉണ്ടല്ലോ.. എല്ലാം എന്റെ വിധി അല്ലാണ്ടെന്താ.. ഞാന്‍ സഹിച്ചോളാം...' എന്ന് പറഞ്ഞിട്ട് അവള്‍ എണീറ്റ് പോയി.

പറഞ്ഞതുപോലെ തന്നെ വെള്ളിയാഴ്ച രഞ്ജിത്ത് കിഷോറിന്റെ വീട്ടില്‍ പോയി. തമാശയൊക്കെ പറയുന്ന കൂട്ടത്തില്‍ രണ്ടുപേരുടെയും ഇര പാവം കിഷോര്‍ തന്നെയായിരുന്നു. എന്നാലും കിഷോറിന് മുന്നില്‍ അച്ചടക്കമുള്ള ഒരു പാവം വീട്ടുകാരി കുട്ടിയാവാന്‍ പ്രിയക്ക് കഴിഞ്ഞു. ഇടക്കിടക്ക് കിഷോറിനെ 'കിച്ചുവേട്ടാ' എന്ന് പറഞ്ഞു സംബോധന ചെയ്യാനും അവള്‍ മറന്നില്ല. സംസാരത്തിനിടയില്‍ പ്രിയ രഞ്ജിത്തിന്റെ ഫാമിലിയെ പറ്റി ചോദിച്ചു.

'ഫാമിലിയൊക്കെ നാട്ടിലാ. ഭാര്യയും അമ്മയും അച്ഛനും അനിയനും ഒക്കെയുണ്ട് വീട്ടില്‍. ..'

'ഓഹ് മാരീഡാണല്ലേ...? സോറി ഞാനത് അറിഞ്ഞില്ല...'

'ഞാന്‍ മാരീഡാണെന്ന് പറഞ്ഞാല്‍ അധികം ആരും വിശ്വസിക്കില്ല, എന്ത് ചെയ്യാനാ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നെയില്ലാ...!!' അതുകേട്ടു കിഷോര്‍ കളിയാക്കി ചുമച്ചു.

'അവള്‍ക്കിവിടെ ഒരു റിസോര്‍ട്ടില്‍ ഒരു ജോലി ശരിയായിട്ടിട്ടുണ്ട്. ഈ മാസം തന്നെ ഇങ്ങോട്ട് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇപ്പോഴല്ലേ റൂമൊക്കെ ശരിയായത്...'

'ആഹ് ഞാന്‍ വൈഫിനെ പറ്റി ചോദിക്കാനൊരുങ്ങായിരുന്നു... അതേതായാലും നന്നായി എനിക്കിവിടെ ഒരു കൂട്ടാവുമല്ലോ...'

അങ്ങനെ അവര്‍ ആഹാരമൊക്കെ കഴിച്ചു സസന്തോഷം പിരിഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം രഞ്ജിത്തിന്റെ ലാപ്ടോപ്പ് വാങ്ങി എന്തോ ചെയ്യുന്നതിനിടയിലാണ് ഡസ്ക്ടോപ്പില്‍ രഞ്ജിത്തിന്റെ മ്യാരേജ് ഫോട്ടോ കിഷോര്‍ കണ്ടത്. അത്യാവശ്യമായതിനാല്‍ ആ ജോലിത്തിരക്ക് കാരണം അതിനെ പറ്റി ഒന്നും ചോദിക്കാനും കഴിഞ്ഞില്ല. പിന്നെ രണ്ടു ദിവസത്തിന് ശേഷം, അടുത്തയാഴ്ച വൈഫ് വരുന്നുണ്ടെന്നു രഞ്ജിത്ത് പറയുമ്പോഴാണ് കിഷോര്‍ അതിനെ പറ്റി ഓര്‍ക്കുന്നത് തന്നെ.

കിഷോര്‍ രഞ്ജിത്തിനോട് വൈഫിനെ പറ്റി കൂടുതല്‍ ചോദിച്ചു. സ്ഥലവും ജോലിയും ഒക്കെ. പേര് ശ്രീജ, ശ്രീ എന്ന് വിളിക്കും എന്നുപറഞ്ഞു സ്ഥലവും വിദ്യാഭ്യാസവും ഒക്കെ പറഞ്ഞു. പെട്ടെന്ന് കിഷോറിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.

'അതെ, അന്ന് ലാപ്ടോപ്പില്‍ നിങ്ങളുടെ കല്യാണഫോട്ടോ കണ്ടപ്പോഴേ എനിക്കൊരു സംശയം തോന്നിയതാ, പക്ഷെ അന്നത് ചോദിക്കാനും മറന്നു.' ഒന്നും മനസ്സിലാവാതെ അന്തം വിട്ട രഞ്ജിത്തിനോട് കിഷോര്‍ കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കി. പ്രിയയുടെ സുഹൃത്തുക്കളുടെ കാര്യവും അതിലെ ശ്രീജയാണ് തന്റെ ഭാര്യ ശ്രീ എന്നുമുള്ള സത്യം പറഞ്ഞു കൊടുത്തു.

പേരൊന്നും ഓര്‍മ്മയില്ലെങ്കിലും രണ്ടു കൂട്ടുകാരികളുടെ കാര്യം ശ്രീ പലപ്പോഴും പറഞ്ഞിട്ടുള്ളതായി രഞ്ജിത്തും ഓര്‍ക്കുന്നു. എന്തായാലും തല്‍ക്കാലം ഇത് അവരിപ്പോള്‍ അറിയണ്ട, ഒരു സസ്പെന്‍സായി പിന്നെ പറയാം എന്ന ധാരണയില്‍ അവര്‍ പിരിഞ്ഞു.

അന്ന് തന്നെ കിഷോര്‍ പ്രിയയോടു രഞ്ജിത്തിന്റെ വൈഫ് അടുത്തയാഴ്ച വരുന്നുണ്ടെന്നു പറഞ്ഞു. ഇവിടെ വേറെ ആരെയും പരിച്ചയമില്ലാത്തതല്ലേ വന്നാലുടനെ ഇങ്ങോട്ട് ക്ഷണിക്കണമെന്നും പറഞ്ഞു. റിസോര്‍ട്ടിലെ ജോലി ഒക്കെ ആവുമ്പോള്‍ അവള്‍ ചിലപ്പോള്‍ അല്‍പ്പം ജാടയും പത്രാസും ഒക്കെ ആയിരിക്കും അങ്ങനെയെങ്കില്‍ നീ അതൊന്നും ശ്രദ്ധിക്കാന്‍ പോണ്ടാ ഒന്നുമല്ലേല്‍ നമ്മുടെ ഗസ്റ്റ് അല്ലെ എന്നൊക്കെ പറഞ്ഞു പ്രിയക്ക് ഒരു ചെറിയ മുന്നറിയിപ്പും കൊടുത്തു.

അപ്പോഴാണ്‌ കിഷോറിന് ഒരു ബുദ്ധി തോന്നിയത്. അടുത്ത ദിവസം തന്നെ അത് രഞ്ജിത്തിനോട് പറഞ്ഞു..,

'നീ ശ്രീജയോടു കാര്യങ്ങളൊക്കെ പറഞ്ഞോളു. എന്നാല്‍ ഒരു തമാശ ഒപ്പിക്കാം. കണ്ടാല്‍ ശ്രീയജെ അവള്‍ക്കു മനസ്സിലാവാത്ത വിധം ഒരല്പം മോഡേന്‍ ആക്കാം...' രഞ്ജിത്ത് അത് വേണോ എന്ന രീതിയില്‍ ചിന്തിച്ചിട്ട് അവസാനം സമ്മതിച്ചു.

'അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം കിഷോര്‍, ശ്രീയോട് സത്യം പറയണ്ട. എങ്കില്‍ ചിലപ്പോള്‍ ഒരു ഒറിജിനാലിറ്റി കിട്ടിയെന്നു വരില്ല. മാത്രല്ല കാണുമ്പോള്‍ അവള്‍ എല്ലാം മറന്നു ആകെ കുളമാക്കുകയും ചെയ്യും. '

'പക്ഷെ അറിയിക്കാതെ ശ്രീയെ എങ്ങനെ മോഡേന്‍ ആക്കും?'

'അതിനൊരു വഴിയുണ്ട്, പ്രിയ അല്‍പ്പം പോങ്ങച്ചക്കാരിയാണെന്നും അതുകൊണ്ടു അല്‍പ്പം മോഡേന്‍ ആയിട്ട് പോയില്ലെങ്കില്‍ കുറച്ചിലാ എന്നൊക്കെ അങ്ങ് തട്ടി വിടാം.. ഇതുപോലെ താന്‍ പ്രിയയോടും ഇതേ നമ്പര്‍ ഇട്ടാല്‍ മതി...'

'അതുകൊള്ളാം.. അതാവുമ്പോള്‍ രണ്ടാളെയും ഒരുമിച്ചു പറ്റിക്കാം...!! എന്നാ ശ്രീജ വരുന്നത്?'

'അടുത്ത ബുധനാഴ്ച'

'എന്നാല്‍ നിങ്ങള്‍ വ്യാഴാഴ്ച വീട്ടില്‍ വരണം. അന്നാവട്ടെ പ്രോഗ്രാം. അന്ന് എന്റെ വിവാഹ വാര്‍ഷികമാണ്. അന്ന് ഇതിലപ്പുറം വലിയൊരു ഗിഫ്റ്റ് അവള്‍ക്കു സമ്മാനിക്കാന്‍ എനിക്ക് കഴിയില്ല...'

അങ്ങനെ എല്ലാം പ്ലാന്‍ ചെയ്തു അവര്‍ പിരിഞ്ഞു. അടുത്ത വ്യാഴാഴ്ച രഞ്ജിത്തിനേയും വൈഫിനെയും ഇങ്ങോട്ട് ക്ഷണിചിട്ടുണ്ടെന്നു അന്ന് തന്നെ പ്രിയയോടു പറയുകയും ചെയ്തു. അതുമാത്രല്ല ശ്രീജ അല്‍പ്പം പോങ്ങച്ചക്കാരിയാ അതുകൊണ്ടു നീയും അല്‍പ്പം മോഡേന്‍ ആയിരിക്കണമെന്ന് പ്രിയയെ കണ്‍വിന്‍സ് ചെയ്തു വിചാരിച്ചപോലെ സമ്മതിപ്പിച്ചു.

'അയ്യോ അന്ന് നമ്മുടെ വെഡിംഗ് ആന്‍വേഴസറി അല്ലെ...? അന്ന് പുറത്തൊക്കെ പോകണം എന്ന് വിചാരിച്ചിരുന്നതാ... നമുക്ക് അവരോടു വെള്ളിയാഴ്ച വരാന്‍ പറഞ്ഞുകൂടെ..?'

'അതെങ്ങനാടീ ബുധനാഴ്ച എത്തിയിട്ട് വ്യാഴാഴ്ച എങ്കിലും വിളിച്ചില്ലെങ്കില്‍ മോശല്ലേ..? മാത്രല്ല ഞാന്‍ വ്യാഴാഴ്ച വരാന്‍ പറയുകയും ചെയ്തു..'

'ശോ.. എങ്കില്‍ ബുധനാഴ്ച തന്നെ വിളിക്കാമായിരുന്നില്ലേ..?'

'വന്ന ദിവസം തന്നെ യാത്രാക്ഷീണവും ഒക്കെ ആയിട്ട് എങ്ങനെയാ..? നമുക്ക് വൈകിട്ട് പുറത്തു പോകാം...പ്ലീസ്'

'ങ്ങും..' അവള്‍ സമ്മതിച്ചു.

അങ്ങനെ ബുധനാഴ്ച ദിവസം വന്നെത്തി. പ്ലാന്‍ ചെയ്ത പോലെ തന്നെ ലിപ്സ്റ്റിക്കും പൂശി, ഒരു കൂളിംഗ് ഗ്ലാസുമൊക്കെ ഫിറ്റ് ചെയ്യിച്ചു ശ്രീജയും കൂട്ടി രഞ്ജിത്ത് പറഞ്ഞ സമയത്ത് തന്നെ ഹാജരായി.

ശ്രീജയുടെ വേഷവിധാനങ്ങള്‍ കണ്ടു പ്രിയയും പ്രിയയുടെ കോലം കണ്ടു ശ്രീജയും ഒരുപോലെ അമ്പരന്നു. ഭര്‍ത്താക്കന്മാര്‍ പറഞ്ഞ പോലെ ഇവള്‍ക്ക് ഭയങ്കര ജാഡ ആണല്ലോ എന്ന് രണ്ടാളും മനസ്സില്‍ പറഞ്ഞു! ഈ സമയം രഞ്ജിത്ത് ഒന്നുമറിയാത്ത പോലെ കിഷോറിനും പ്രിയക്കും വെഡിംഗ് ആനിവേഴ്സറി വിഷ് ചെയ്തു.

ഇനിയും താമസിച്ചാല്‍ എല്ലാം പൊളിയും എന്ന് മനസ്സിലാക്കിയ കിഷോര്‍ ആ സമയത്ത് ഒരു ചുവന്ന റോസാ പൂവ് പ്രിയക്ക് സമ്മാനിച്ചു കൊണ്ടു കിഷോര്‍ പറഞ്ഞു..,

'നമ്മുടെ ഈ വെഡിംഗ് ആനിവേഴ്സറിക്ക് ഇതുവരെ ഞാന്‍ നിനക്ക് സമ്മാനിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും ഇതില്‍ കൂടുതല്‍ നീ ആഗ്രഹിക്കാത്തതും, ഒരു ഭര്‍ത്താവും ഒരു ഭാര്യക്കും കൊടുക്കാന്‍ പറ്റാത്തതുമായ ഒരു വില പിടിച്ച സമ്മാനം ദാ ഇവരെയൊക്കെ സാക്ഷിയാക്കി ഞാന്‍ എന്റെ പ്രിയതമക്ക് സമ്മാനിക്കുകയാണ്...'

അന്തംവിട്ടു നിന്ന പ്രിയയെയും അതുപോലെ തന്നെ ശ്രീജയെയും അമ്പരപ്പിച്ചുകൊണ്ട് കിഷോര്‍ ശ്രീജയെ പ്രിയയുടെ മുന്നില്‍ നിര്‍ത്തി കൂളിംഗ് ഗ്ലാസ് ഒക്കെ മാറ്റിച്ചിട്ടു, സംഭവങ്ങളുടെ ഫ്ലാഷ് ബാക്ക് മുഴുവന്‍ പറഞ്ഞു. കഥ പറഞ്ഞു മുഴുമിക്കും മുന്‍പ് തന്നെ അത് സംഭവിച്ചു...

'പോടാ പട്ടീ...' എന്ന് ഒരേ സമയം രണ്ടു സ്ത്രീ ശബ്ദങ്ങള്‍ രണ്ടു പുരുഷന്മാരെ കേന്ദ്രീകരിച്ചു ശബ്ദിച്ചു!! കിഷോറും രഞ്ജിത് ഒരേ സമയം പരസ്പരം വായും പൊളിച്ചു ചമ്മി നിന്ന് പോയി. പക്ഷെ അതില്‍ ഒരല്‍പം ആശ്വാസം കിഷോറിനായിരുന്നു, കാരണം ഈ വിളി തനിക്കു മാത്രമല്ലല്ലോ...!!

പിന്നെ ശ്രീജയും പ്രിയയും കെട്ടിപ്പിടിച്ചു കരച്ചിലും ഒക്കെയായി കുറെ നേരം ഒരു ഒരു സീരിയലിന്റെ ക്ലൈമാക്സ് പോലെയായി. ഈ സമയം പഴയ ആ സ്മാരക ഫോട്ടോയുമായി വന്നു കിഷോര്‍ ഫ്രണ്ട്ഷിപ്‌ ഡേയിലെ തമാശ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കേള്‍പ്പിച്ചു. കണ്ണീരില്‍ കുതിര്‍ന്ന ഒരു കൂട്ടചിരിക്ക് ശേഷം ശ്രീജ പറഞ്ഞു..,

'ഇതിന്റെ ഒരു കോപ്പി എനിക്കും വേണം, എന്റേത് നഷ്ടപ്പെട്ടു പോയി...'

'ഹ ഹ ഹ നിനക്ക് അങ്ങനെ തന്നെ വേണമെടാ... കണ്ടുകിട്ടാന്‍ ഇനി ഒരുത്തി കൂടി ഉണ്ടല്ലോ... അടുത്ത ഫ്രണ്ട്ഷിപ്‌ ഡേക്ക് നിന്റെ കാര്യം കട്ടപ്പൊക...' എന്ന് പറഞ്ഞു കിഷോര്‍ രഞ്ജിത്തിനെ കളിയാക്കി പൊട്ടിച്ചിരിച്ചു..

പിന്നീടുള്ള അവരുടെ സംസാരം സ്മിതയെ പറ്റി ആയിരുന്നു. ശ്രീജക്കും അവളെ പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. സ്മിതയെ പറ്റിയുള്ള പരിഭവങ്ങള്‍ക്കും വിഷമങ്ങള്‍ക്കും ഒടുവില്‍ അടുത്ത നമ്മുടെ വെഡിംഗ് ആനിവേഴ്സറിക്ക് എന്റെ സമ്മാനമായി , സ്മിത ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്‌ ജീവിചിരിപ്പുണ്ടെങ്കില്‍  കണ്ടുപിടിച്ചു മുന്നില്‍ കൊണ്ടുവരുമെന്ന് രഞ്ജിത് ശ്രീജയ്ക്ക് വാക്ക് കൊടുത്തു. ഒരു തമാശക്കെന്നോണം ഒരു ആവേശത്തിന്റെ പുറത്തു കിഷോര്‍ അങ്ങനെ പറഞ്ഞെങ്കിലും..,

'അതെ എവിടെ ആയാലും സ്മിതയെ രഞ്ജിത് കണ്ടുപിടിച്ചു തന്നിരിക്കും... അവന്‍ വാക്ക് പറഞ്ഞാല്‍ പറഞ്ഞതാ...!!' എന്ന് പറഞ്ഞു കിഷോര്‍ രഞ്ജിത്തിനു ഒരു ഉഗ്രന്‍ പണി കൊടുത്തു. എന്നിട്ട് തനിക്കും ശ്രീമതിക്കുമായി ഇനിയുള്ള നിമിഷങ്ങള്‍ വിട്ടുതരണമെന്ന് പറഞ്ഞു രണ്ടാളെയും പറഞ്ഞു വിടാന്‍ കിഷോര്‍ തിടുക്കം കൂട്ടി.

അവര്‍ പോകാന്‍ ഇറങ്ങുമ്പോള്‍ കിഷോര്‍ രണ്ജിതിനോടു പറഞ്ഞു...,

'എന്തായാലും നീ ശ്രീജയെ കൊണ്ടുവന്നത് വഴി ഒരു വലിയ ഉപകാരമാണ് ചെയ്തത്. സ്മിതയുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കുക കൂടി ചെയ്തതോടെ ഏതായാലും ഞാന്‍ രക്ഷപ്പെട്ടു, ഇനി ഏതായാലും അടുത്ത ഫ്രണ്ട്ഷിപ്‌ ഡേക്കെങ്കിലും ആ സ്മാരകവും താങ്ങി പിടിച്ചുള്ള ഇവളുടെ കോമഡി ഷോ കാണണ്ടല്ലോ..!!' എന്ന് പറഞ്ഞു തന്റെ പഴയ സ്ഥാനം തിരിച്ചു പിടിച്ചെന്നു ആത്മഗതം ചെയ്യുന്നതിനിടയില്‍ പ്രിയയുടെ വിളി വന്നു...

'പോടാ പട്ടീ..ട്ടീ..ട്ടീ'

3 comments:

  1. ezhuththil iniyum orupaadu dooram povendiyirikkunnu.....sasneham

    ReplyDelete
  2. രസകരം. എനിക്കിഷ്ടമായി.
    (Please remove word verification from comments)

    ReplyDelete