14 August 2010

ഓണം

പണ്ട് ഇല്ലായ്മയുടെ കാലത്ത്, അന്നൊക്കെ അധികം പേരും കൃഷി ഒക്കെയായിരുന്നല്ലോ... അവരുടെ വിളവെടുപ്പൊക്കെ കഴിഞ്ഞ് ഒത്തുചേരലിന്‍റെ, സന്തോഷത്തിന്‍റെ, ഒരു കാലമായിരുന്നു ശരിക്കും ഓണം. അന്നൊക്കെ 'സദ്യ' കഴിക്കലൊക്കെ ഓണത്തിനു തിരുവോണം നാളിലൊക്കെ മാത്രമായിരുന്നു. പക്ഷേ ഇന്ന് എപ്പോള്‍ വേണേലും അതൊക്കെ ആവാം എന്നായിരിക്കുന്നു.

ശരിക്കും ഓണത്തിന്‍റെ സന്തോഷം ഏറ്റവും കൂടുതല്‍ കാണുന്നതും ആസ്വദിക്കുന്നതുമൊക്കെ കുട്ടികളാണു, ആ കാലത്താണു. രാവിലെ എണീറ്റ് പറമ്പിലൊക്കെയുള്ള പൂക്കളൊക്കെ ശേഖരിച്ച് അയല്പക്കത്തെ കുട്ടികളൊക്കെ ചേര്‍ന്ന് പൂക്കളമൊരുക്കലും ഊഞ്ഞാലാടലും, നാടന്‍ ഓണക്കളികള്‍, ഓണക്കോടി, ഓണസദ്യ ഇതൊക്കെ കുട്ടികള്‍ക്ക് ഒരു വലിയ ആഘോഷമായിരുന്നു, പണ്ടൊക്കെ. ഇന്ന് പുതിയ വസ്ത്രങ്ങളും സദ്യയുമൊക്കെ എപ്പോഴും കിട്ടുന്നതിനാല്‍ കുട്ടികള്‍ക്ക് ഓണത്തിനു അതൊന്നും ഒരു പുതിയ സംഭവമല്ല.

പഴയ പോലെ ഒരു ഓണക്കാലം ഇന്ന് കുട്ടികള്‍ക്ക് കിട്ടിയാല്‍ അവരത് ആസ്വതിക്കുമെന്നത് തീര്‍ച്ചയാണു. എനാല്‍ അതിനുള്ള ഒരു സാഹചര്യം അവര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ഇന്നത്തെ തിരക്കുള്ള ജീവിത സാഹചര്യം കണ്ട് വളരുന്ന കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിമും മറ്റുമായി അവരുടെ കുട്ടിക്കാലവും ഓണവുമൊക്കെയായി പൊരുത്തപ്പെട്ട് തുടങ്ങിയിരിക്കുന്നു. സ്വന്തം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ഓണം അതാണു അവരും പിന്തുടരുന്നത്. അതില്‍ കുട്ടികളെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം!

എന്‍റെയൊക്കെ കുട്ടിക്കാലത്ത് പഴയ പോലൊരു ഓണമൊന്നും എനിക്കും കൊണ്ടാടാന്‍ പറ്റീട്ടില. പിന്നൊരു ഊഞ്ഞാല്‍, ഓണക്കോടി, കുറച്ച് ഓണക്കളികള്‍ ഇതൊക്കെ മാത്രേ കിട്ടീട്ടുള്ളു. പിന്നെന്താ പഴയ ഓണം എങ്ങനായിരുന്നു, ആ സന്തോഷമെന്തായിരുന്നു എന്നൊക്കെ കുറെ ഒക്കെ മനസ്സിലാക്കന്‍ കഴിഞ്ഞു എന്നത് മാത്രമാണു എന്‍റെ ഓണസ്മൃ തികള്‍.

പണ്ടൊക്കെ ഓണത്തിന്‍റെ ഒരു പ്രത്യേകത, പൂക്കളങ്ങള്‍ക്ക് പറമ്പിലൊക്കെയുള്ള തുമ്പപ്പൂ പോലുള്ള പൂക്കളും, ഒരു വെജിറ്റേറിയന്‍ സദ്യയുമൊക്കെയായിരുന്നെങ്കില്‍ ഇന്ന് ഒരല്പ്പം പരിഷ്ക്കാരത്തോടെ തമിഴ്നാടന്‍ പൂക്കളും നോണ്‍വെജ് സദ്യയൊക്കെ ആയി മാറിയിരിക്കുന്നു. എന്നാല്‍ അടുത്ത തലമുറയില്‍ ചൈനീസ് നിര്‍മ്മിത റെഡിമെയ്ഡ് പൂക്കളവും ബിരിയാണി പോലുള്ള ഓണവിഭവങ്ങളുമൊക്കെയാവും കാണാനാവുക. പിന്നെ ഓണ്‍ത്തിനു സ്പൈഡര്‍മാനെ ഒക്കെ പോലെ അമാനുഷിക ശക്തിയുള്ള ഒരു കഥാപാത്രമായി മഹാബലി നായകനാകുന്ന ഒരു അനിമേഷന്‍ സിനിമ ഒക്കെ ആകും ഓണത്തിന്‍റെ ഹൈലൈറ്റ് ആവുക.

പണ്ടത്തെ പോലൊന്നും ഇന്ന് പറ്റില്ല, കാലം മാറി.. ഒക്കെ ശരിയാണു. എന്നാലും ഒരു കുഞ്ഞ് പൂക്കളം, ഒരു ഊഞ്ഞാല്‍, ഓണക്കോടി, അടുത്ത ബന്ധുക്കളൊക്കെയായി ഒരു ഒത്തുകൂടല്‍, വാഴയിലയില് നിലത്തിരുന്ന് എല്ലവരും ഒരുമിച്ചൊരു സദ്യ... ഇത്രയെങ്കിലും വരും തലമുറക്കു പകര്‍ന്ന് കൊടുക്കണം എന്ന ആഗ്രഹത്തോടെ...

2 comments: