09 January 2014

ജീവനാഡികള്‍

ലേബര്‍റൂമിന് പുറത്ത്, അഭിമാനത്തോടും അക്ഷമയോടും കൂടി തന്റെ അനന്തരാവകാശിയെ കാത്തിരിക്കുമ്പോഴും മനസ്സ് നിറയെ പ്രാര്‍ത്ഥനകള്‍ മാത്രായിരുന്നു. പൂര്‍ണ്ണ ആരോഗ്യവാനായ കുഞ്ഞിനു വേണ്ടി, തന്റെ പ്രിയതമയ്ക്ക് വേണ്ടി ഒക്കെയുള്ള പ്രാര്‍ഥനകള്‍...

എന്റെ പ്രതീക്ഷയ്ക്കനുസരിച്ചു ഒരു ആണ്കുഞ്ഞു തന്നെയാവുമെന്ന് മനസ്സില്‍ ഞാന്‍ ഉറപ്പിച്ചു. അവനെ എന്റെ കൈയ്യില്‍ ഏറ്റുവാങ്ങുന്ന നിമിഷത്തെക്കുറിച്ച് മാത്രമായിരുന്നു പിന്നെ എന്റെ ചിന്ത മുഴുവന്‍. ഇത്രയും ആകാംക്ഷ നിറഞ്ഞ ഒരു ത്രില്‍ ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല..

സിനിമയിലൊക്കെ ഇത്തരം സന്ദര്‍ഭങ്ങളില്‍ നായകന്‍റെ ചുണ്ടില്‍ പുകയുന്ന ഒരു സിഗരറ്റ് ഉണ്ടാവും. ഇങ്ങനെ ഒരു ശീലമില്ലാതത്തില്‍ ജീവിതത്തില്‍ ആദ്യമായി നിരാശ തോന്നിയ നിമിഷം. ലേബര്‍റൂമിന് പുറത്തുള്ള ബഞ്ചില്‍ ഇരിക്കുമ്പോള്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് വിട നല്‍കിക്കൊണ്ട് ഒരു നേഴ്സ് പുറത്തേക്കു വന്നു. അവരുടെ കൈയില്‍, തുണിയില്‍ പൊതിഞ്ഞ എന്റെ സ്വന്തം ചോരയും! കുഞ്ഞിനെ എന്റെ കൈയിലേക്ക്‌ തന്നുകൊണ്ട് അവര്‍ പറഞ്ഞു, 'മോനാണ്'.

കുഞ്ഞിനെ തിരിയെ എല്പ്പിച്ചപ്പോഴാണ് ഞാനവരുടെ മുഖം ശ്രദ്ധിച്ചത്, ഓര്‍മ്മകളില്‍ നിന്ന് ഞാനവളെ തിരിച്ചറിഞ്ഞപ്പോഴേക്കും അവള്‍ റൂമിനകത്തെക്ക് പോയിമറഞ്ഞിരുന്നു. ലേഖ! അവള്‍ എങ്ങനെ ഇവിടെ? എനിക്കാദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. ഒരുനിമിഷം എന്റെ മനസ്സ് ആ ഹോസ്പിറ്റലില്‍ നിന്ന് കോളേജ് ലൈഫിലേക്ക് പോയി...

കോളേജിലെ എന്റെ അവസാന വര്‍ഷക്കാലതായിരുന്നു, പുതുതായി കോളെജിലെത്തിയ അവളെ ഞാന്‍ ആദ്യമായി കാണുന്നത്. എന്നെ സംബന്ധിച്ചിടത്തോളം 'ലവ് ഈസ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതായിരുന്നു ആ കണ്ടുമുട്ടല്‍. കാഴ്ചക്ക് സുന്ദരിയായ പെണ്‍കുട്ടി ആയിരുന്നു ലേഖ. അവള്‍ക്കു ചന്ദനത്തിന്റെ നിറവും ചൈതന്യം തുളുമ്പുന്ന കണ്ണുകളും ധാരാളം മുടിയും ഉണ്ടായിരുന്നു.

എടുത്തുപറയുമ്പോള്‍ നിസ്സാരമെന്നു തോന്നുന്ന അവളുടെ പെരുമാറ്റത്തിന്റെ സവിശേഷതകളായിരുന്നു പിന്നീടവളെ എന്നിലേക്ക്‌ കൂടുതല്‍ ആകര്‍ഷിച്ചത്. പക്ഷെ ആ സ്നേഹം പ്രാവര്‍ത്തികമാക്കാന്‍ ഒരുപാടു നാളുകള്‍ എനിക്ക് അവളുടെ പുറകെ നടക്കേണ്ടി വന്നു. എന്നിരുന്നാലും ഒടുവില്‍ അവളുടെ സ്നേഹം എനിക്ക് അനുകൂലമാവുകയായിരുന്നു.

അവസാനവര്‍ഷ തിരക്കിട്ട പഠനത്തിനിടയിലും കഴിയുന്നത്ര സമയം അവളോടൊപ്പം ചിലവിടാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഒരു മരംചുറ്റി പ്രേമത്തിനപ്പുറം ആത്മബന്ധമുള്ള ഒരു റിലേഷനായിരുന്നു നമ്മുടേതെന്നു തിരിച്ചറിഞ്ഞത് ഒരിക്കല്‍ ബീച്ചില്‍ വച്ച് എന്റെ പഴയകാല ജീവിതത്തെക്കുറിച്ചും ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളെപറ്റിയും സംസാരിച്ച കൂട്ടത്തിലാണ്. എന്റെ നഷ്ടബോധങ്ങളെ പറ്റി പറഞ്ഞപ്പോള്‍ എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു അവള്‍ എന്റെ കണ്ണുകളിലേക്കു നോക്കി. ഒരു ആശ്വാസത്തിന്റെ നാളമായി അവളുടെ ചുണ്ടുകള്‍ ചലിച്ചില്ലെങ്കിലും ആ കണ്ണുകള്‍ എന്റെ നഷ്ടങ്ങള്‍ ഒപ്പിയെടുക്കുന്ന പോലെ എനിക്ക് തോന്നി. അന്ന് എന്റെ ഏറ്റവും വലിയ സ്വപ്നത്തെപ്പറ്റിയും ഞാനവളോട് പറഞ്ഞു. കടലിലേക്ക് നമ്മെ ആകര്‍ഷിക്കുന്ന തിരമാലകള്‍ പോലെ അവളുടെ കണ്ണുകള്‍ എന്നെ അവളിലേക്ക്‌ ആവാഹിക്കുകയായിരുന്നു.

ആരെതിര്‍ത്താലും ഒന്നിച്ചു ജീവിക്കും എന്ന തീരുമാനിക്കും വിധം ഞങ്ങളുടെ പ്രേമം വളര്‍ന്നു. എന്റെ എക്സാം കഴിഞ്ഞതില്‍ പിന്നെ എനിക്കവളെ കാണാന്‍ കഴിഞ്ഞില്ല, വെക്കെഷനായതിനാല്‍ അവള്‍ ഏതോ ബന്ധുവീട്ടിലും ആയിരുന്നു. അതിലപ്പുറം കൂടുതലൊന്നും അറിയാനും സാധിച്ചില്ല. പക്ഷെ കോളേജ് തുറന്നിട്ടും അവള്‍ കോളേജില്‍ വന്നിട്ടില്ലെന്ന് ഞാനറിഞ്ഞു. പിന്നീട് അവളുടെ ഒരു കൂട്ടുകാരി വഴിയാണ് ബാക്കി വിവരങ്ങള്‍ ഞാനറിയുന്നത്.

വെക്കേഷന്‍ സമയത്ത് അവള്‍ക്കെന്തോ അസുഖം വന്നെന്നും യൂട്രസ് റിമൂവ് ചെയ്ത അവള്‍ക്കിനി ഒരിക്കലും അമ്മയാവാന്‍ കഴിയില്ലെന്നും പറഞ്ഞു. ഒരു ആണ്‍കുഞ്ഞെന്ന മോഹത്തെ പറ്റിയൊക്കെ വാതോരാതെ സംസാരിച്ചിരുന്ന എനിക്ക് മുന്നില്‍ ഇതൊന്നും തുറന്നു പറയാന്‍ കഴിയാത്തതിനാല്‍ എന്നില്‍ നിന്നും അവള്‍ ഒളിച്ചോടുകയായിരുന്നു. പഠിത്തം മതിയാക്കി വേറേതോ സ്ഥലത്തേക്ക് അവള്‍ പോയി എന്നതിനപ്പുറം അവളെ പറ്റി കൂടുതലൊന്നും അറിയാനും എനിക്ക് കഴിഞ്ഞില്ല.

ഈ ഒരു കാരണം കൊണ്ടു എന്നെ മനസ്സിലാക്കാന്‍ നില്‍ക്കാതെ എന്നില്‍ നിന്നും ഒളിച്ചോടിയ അവളോടു ദേഷ്യമായിരുന്നില്ല ഒരുതരം മരവിപ്പായിരുന്നു അപ്പോള്‍ മനസ്സില്‍. ഇനി ജീവിതത്തില്‍ ഒരു പെണ്ണിന് സ്ഥാനമില്ല എന്ന തീരുമാനത്തോടെ അങ്ങനെ ഞാന്‍ ബാംഗ്ലൂരിലേക്ക് ചേക്കേറുകയായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ വാശികള്‍ കാറ്റില്‍ പറത്തിക്കൊണ്ടു എന്റെപോലും അനുവാദത്തിനു കാത്തുനില്‍ക്കാതെ വീണ്ടും ഒരു പെണ്‍കുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ഇന്ന് അവളെനിക്കെന്റെ മോനെയും സമ്മാനിച്ചു.

പക്ഷെ ലേഖയെ ഇന്ന് ഇവിടെ വച്ച് കണ്ടപ്പോള്‍ ഒരു ഞെട്ടലാണ് തോന്നിയത്. എല്ലാ അര്‍ത്ഥത്തിലും എന്നെ സന്തോഷിപ്പിക്കാന്‍ കഴിയില്ലെന്ന ഒരു മണ്ടന്‍ സിദ്ധാന്തവുമായി എന്നില്‍ നിന്നും ഒളിച്ചോടിയ അവള്‍ സേവനത്തിന്റെ വഴി സ്വീകരിച്ചു ഒരു നേഴ്സ് ആയതില്‍ അത്ഭുതം തോന്നാതിരുന്നില്ല. എനിക്കൊരു കുഞ്ഞിനെ തരാന്‍ കഴിയാത്തതിന്റെ പേരില്‍ എന്നെ വിട്ടുപോയ അവളുടെ കൈയില്‍ നിന്നുതന്നെ എനിക്ക് എന്റെ മോനെ സമ്മാനിക്കാന്‍ വേണ്ടിയാവണം ബി. എസ്. സി. ബോട്ടണി പഠിച്ചിരുന്ന അവളെ ദൈവം നഴ്സിന്റെ കുപ്പായമണിയിപ്പിച്ചത്.

ദൈവം ചിലപ്പോള്‍ അങ്ങനെയാണ്, ചില നഷ്ടങ്ങള്‍ മറ്റൊരു തലത്തിലൂടെ അവന്‍ നമുക്ക് നേടിത്തരും...

2 comments:

  1. ദൈവം ചിലപ്പോള്‍ അങ്ങനെയാണ്, ചില നഷ്ടങ്ങള്‍ മറ്റൊരു തലത്തിലൂടെ അവന്‍ നമുക്ക് നേടിത്തരും...വളരെ ശരി.. അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക.. നന്നായി എഴുതി

    ReplyDelete
  2. താങ്ക്സ് ഇക്കാ...

    ReplyDelete