15 January 2014
വഴിത്തിരിവ്
തിരക്കുകളിൽ നിന്ന് തിരക്കുകളിലേയ്ക്ക് സുഖഭോഗങ്ങൾ എത്തിപ്പിടിക്കാനുള്ള ഒരു ഓട്ടമായിരുന്നു എനിക്ക് ജീവിതം. എന്റെ സന്തോഷങ്ങൾക്കും സങ്കൽപ്പങ്ങൾക്കും അനുസരിച്ച് മാത്രം എന്നും ഞാൻ ജീവിച്ചു.
സമൂഹത്തിൽ അറിയപ്പെടുന്നവരും സ്വാധീനമുള്ളവരുമായ ഒത്തിരി സുഹൃത്തുക്കളും, നിശാക്ലബ്ബുകളിലെ പാർട്ടികളും, ബിസ്സിനസ്സ് ടൂറുകളും അങ്ങനെ ഒരു സമ്പന്നന്റെ എല്ലാവിധ ധാരാളിത്തത്തോടും കൂടി കഴിഞ്ഞിരുന്ന എനിക്ക് ശബ്ദകോലാഹലങ്ങളുടേയും ചലനാത്മകതയുടേയും നടുവിൽ ഏകാന്തമായ ഒരു നിമിഷം പോലും അസഹനീയമായിരുന്നു.
ഒരിക്കൽ സുഹൃത്തുക്കളോടൊപ്പം എന്തോ സംസാരിക്കുന്ന കൂട്ടത്തിൽ ഒരു തർക്കമുണ്ടായി. ആ തർക്കം ഏറ്റുപിടിച്ച എന്നോട് അവരിലൊരാൾ ചോദിച്ചു, "ഇന്റ്റർനെറ്റോ മൊബൈലോ മറ്റ് ആധുനിക സൗകര്യങ്ങളോ ഉപയോഗിക്കാതെ ഒരു ദിവസമെങ്കിലും ജീവിക്കാൻ നിനക്ക് കഴിയുമോ?" എന്ന്. അപ്പോൾ ആ ചോദ്യത്തിന് എന്തോ മറുപടി പറഞ്ഞ് വിഷയം അവസാനിപ്പിച്ചെങ്കിലും പിന്നീട് പലപ്പോഴും ആ ചോദ്യം എന്റെ മനസ്സിലേക്ക് കടന്നുവന്നു.
എന്തും ഒരു വെല്ലുവിളിയായി എടുത്തിരുന്ന ഞാൻ ഒരുപാടു നാളുകൾ അതിനെ പറ്റി കാര്യമായി തന്നെ ചിന്തിച്ചു. അങ്ങനെ, ഒരു വാശിയെന്നോണം എല്ലാ സുഖഭോഗങ്ങളും ഒഴിവാക്കി ശാന്തത നിറഞ്ഞ ഒരു കുഗ്രാമത്തിൽ രണ്ടു ദിവസം താമസിക്കാൻ തന്നെ തീരുമാനിച്ചു. ഒരുതരത്തിൽ പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഞാൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി!
സുഹൃത്തുക്കളോ മറ്റാരുമറിയാതെ ആദ്യം ചെയ്തത്, കുറച്ചു ദൂരെയായി കുന്നിൻ ചെരുവിൽ അരുവിയുടെ തീരത്ത് ഒരു വീട് സംഘടിപ്പിക്കുകയായിരുന്നു. താൻ പരിചയിച്ചിട്ടില്ലാത്ത പുതിയ ജീവിതരീതികളുമായി എത്രത്തോളം പൊരുത്തപ്പെടാൻ കഴിഞ്ഞേക്കും എന്നൊന്നും അപ്പോൾ ചിന്തിച്ചില്ല.
രണ്ടു ദിവസത്തെ ബിസിനസ് ടൂർ എന്ന് പറഞ്ഞ്, അത്യാവശ്യം വസ്ത്രങ്ങളും മറ്റുമായി നേരെ ബസ്സ് സ്റ്റാന്റിലേക്കു തിരിച്ചു. അങ്ങനെ ഒരുപാടു വർഷങ്ങൾക്കു ശേഷം ഞാൻ ബസ്സിൽ സഞ്ചരിച്ചു. എ.സി യുടെ തണുപ്പിൽ കാറിൽ സഞ്ചരിക്കുമ്പോൾ കണ്ടിരുന്ന പല കാഴ്ചകളും ഇപ്പോൾ കൂടുതൽ റിയലിസ്റ്റിക് ആയി തോന്നി.
ഗ്രാമത്തിൽ ബസ്സിറങ്ങിയ ശേഷം കുറച്ചു ദൂരം നടന്നാണ് ആ വീട്ടില് എത്തിയത്. നേരം സന്ധ്യകഴിഞ്ഞിരുന്നു. ഒറ്റ നോട്ടത്തിൽ അതൊരു തൊഴുത്താണെന്നാണ് ആദ്യം കരുതിയത്. പക്ഷെ ചുറ്റുപാടുകളുമായി താരതമ്യം ചെയ്തപ്പോൾ അതൊരു ഭേദപ്പെട്ട വീടാണെന്നു മനസ്സിലായി.
വൈദ്യുതിയോ അറ്റാച്ച്ഡ് ബാത്ത്റൂമോ ഇല്ലാത്ത ആ വീടുമായി പൊരുത്തപ്പെടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ മുറിയിലെത്തിയ ശേഷം, എത്രയും വേഗം കിടന്നുറങ്ങുക എന്നല്ലാതെ മറ്റൊന്നും അവിടെ എനിക്ക് ചെയ്യാനില്ലായിരുന്നു.
ഡീലക്സ് എ.സി റൂമുകളിൽ മാത്രം ഉറങ്ങിയിരുന്ന എനിക്ക് ഒരു ഫാൻ പോലുമില്ലാത്ത ആ മുറിയിൽ വല്ലാത്ത ഒരുതരം വീർപ്പുമുട്ടൽ ആയിരുന്നു. പലകകൾ കൊണ്ടുമാത്രം നിർമ്മിച്ച ജനാലകൾ തുറന്നപ്പോൾ അത്യാവശ്യം കാറ്റ് ലഭിച്ചു, പക്ഷെ ആ കാറ്റിനൊപ്പം ഒരുപാട് കൊതുകും ഉണ്ടായിരുന്നു! കൊതുകിനോടും ചൂടിനോടും മല്ലടിച്ച് രാത്രി ഏറെ വൈകി എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.
രാവിലെ മുഖത്ത് സൂര്യപ്രകാശം തട്ടിയപ്പോഴാണ് ഉണർന്നത്. ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള ഒരു അവസ്ഥയിലായിരുന്നു ഞാനപ്പോൾ. മുഖംതിരിച്ചു പിന്നെയും കുറച്ചു നേരം കൂടി ആ കിടപ്പ് കിടന്നു. അപ്പോൾ പക്ഷികൾ പാടുന്നതും മരച്ചില്ലകൾക്കിടയിലൂടെ ചിലച്ചുകൊണ്ട് ഓടിക്കളിക്കുന്ന അണ്ണാന്റെ ശബ്ദവുമൊക്കെ കൗതുകത്തോടെ ഞാൻ കേട്ടു.
ഉണർന്നെഴുന്നെൽക്കുമ്പോൾ പതിവുള്ള ബഡ്കോഫിയും പത്രവും അരികിൽ ഉണ്ടായിരുന്നില്ല. ഒരു ചായ കുടിക്കണമെങ്കിൽ കുറച്ചു ദൂരം രാവിലെ നടക്കേണ്ടി വരും. അതുകൊണ്ടു വർഷങ്ങൾക്കു മുമ്പത്തെ എക്സ്പീരിയന്സിന്റെ വിശ്വാസത്തിൽ ഒരു കാപ്പിയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. എന്നാൽ പൊട്ടിപ്പൊളിഞ്ഞ ഒരു വിറകടുപ്പായിരുന്നു അവിടെ ഉണ്ടായിരുന്നത്.
ഒരുപാടു നേരത്തെ ശ്രമങ്ങൾ വേണ്ടിവന്നു അടുപ്പൊന്ന് കത്തിക്കാൻ തന്നെ. ഒടുവിൽ എന്തോ ഒരു വലിയ കാര്യം ചെയ്ത മട്ടിൽ പുകച്ചുവയുള്ള ഒരുകപ്പ് കാപ്പി ഞാൻ ഉണ്ടാക്കി. സ്വന്തം സൃഷ്ടിയോടുള്ള താല്പ്പര്യവും ഗതികേടും കാരണം ആ കാപ്പി ഞാൻ കുടിച്ചു!
കുളിയായിരുന്നു അടുത്ത പ്രശ്നം. കാരണം, പൈപ്പ് തുറന്നാൽ ചൂടോ തണുത്തതോ ആയ വെള്ളം ഇവിടെ കിട്ടില്ല, കിണറ്റിൽ നിന്ന് കോരുക തന്നെ വേണം. തണുപ്പുള്ള ആ പ്രഭാതത്തിൽ ചൂടുവെള്ളം കിട്ടാത്തതിൽ പരിഭവം തോന്നിയെങ്കിലും കിണറ്റിലെ വെള്ളം ദേഹത്ത് വീണപ്പോൾ വിചാരിച്ച തണുപ്പ് അനുഭവപ്പെട്ടില്ല.
വീട്ടിലിരുന്നു മുഷിഞ്ഞപ്പോൾ കാടിന് നടുവിലൂടെ പോകുന്ന ഒറ്റയടിപ്പാതയിലൂടെ കുറെ ദൂരം നടന്നു. ഉള്ളിലേക്ക് കടക്കുന്തോറും പുറത്തുള്ള ബഹളം അലിഞ്ഞില്ലാതാകുന്നു. ഒടുവിൽ വിദൂരതയിൽ നിന്നും മുഴങ്ങിക്കേൾക്കുന്ന തിരിച്ചറിയാൻ കഴിയാത്ത നേരിയ ശബ്ദങ്ങൾ മാത്രമായി.
പച്ചിലച്ചാർത്തിനിടയിലും ആകാശം തെളിഞ്ഞ നീലനിറത്തിൽ കാണപ്പെട്ടു. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട കുപ്പികൾ സൂര്യപ്രകാശത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. വിദൂരതയിൽ നിന്ന് ഒരു കുയിൽനാദവും ഏതൊക്കെയോ പക്ഷികളുടെ ചിറകൊച്ചയും കേൾക്കാമായിരുന്നു.
നടന്നു നടന്ന് കുന്നിൻ ചെരുവിലുള്ള ഒരു പാറപ്പുറത്ത് പോയിരുന്നു. സ്വയം തീർത്ത ഒരു സ്വപ്നലോകത്തിലൂടെ ഒരു കുട്ടിയായി മാറി ഒരുപാടു സമയം ആ പ്രകൃതിയിൽ ലയിച്ച് ഞാനങ്ങനെ ഇരുന്നു. ഇതുവരെ കഴിഞ്ഞുപോയ തന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാനപ്പോൾ.
തനിക്കു ചുറ്റുമുണ്ടായിരുന്ന പരിചിതമായ ലോകം എനിക്കിപ്പോൾ തികച്ചും അന്യമായി തോന്നി. ഒരു വാശിപ്പുറത്ത് എല്ലാവരിൽ നിന്നുമുള്ള ഹ്രസ്വമായ വേർപാട്, പക്ഷെ ആ വേർപാട് നിമിത്തം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അത്ഭുതകരമായ ഒരു സ്വാതന്ത്ര്യം ലഭിച്ചതു പോലെ...
രാത്രി ഉറക്കം വരാതായപ്പോൾ എഴുന്നേറ്റു പൂമുഖത്ത് പോയിരുന്നു. ചുറ്റുപാടും എല്ലാവരും ഉറക്കമായി കഴിഞ്ഞിരുന്നു. എങ്ങും ശാന്തത മാത്രം. ആകാശത്ത് നിലാവും നക്ഷത്രങ്ങളും ഉണ്ടായിരുന്നു. പ്രകൃതിയുടെ സംഗീതം എന്നപോലെ, ഒഴുകുന്ന അരുവിയുടെ ശബ്ദം മാത്രമേ അപ്പോൾ എനിക്ക് ചുറ്റും ഉണ്ടായിരുന്നുള്ളൂ.
നിലാവിന്റെ കുളിർമയിൽ, രാത്രിയുടെ ആ നിശബ്ദ സൗന്ദര്യത്തിൽ ലയിച്ച് സ്വയം മതിമറന്നു ഒരുപാടു നേരം ഞാനാ പൂമുഖത്തിരുന്നു. രാത്രിക്ക് ഇത്രയും മനോഹാരിത ഉണ്ടായിരുന്നെന്ന കാര്യം ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്. രാത്രി ഏറെ വൈകിയാണ് ഞാൻ മുറിയിൽ പോയി കിടന്നത്.
ഈ വീടും നാടുമുപേക്ഷിച്ച് പുതിയ ജീവിതത്തിലേയ്ക്ക് ഞാൻ മടങ്ങണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അടുത്ത ദിവസം നേരം പുലർന്നത്. ഇന്ന് നടക്കാനിറങ്ങിയപ്പോൾ കുറച്ചുദൂരം കൂടുതൽ നടന്നു. കുന്നിൻചെരുവിലെ പാറപ്പുറത്ത് കയറി വിദൂരതയിലേയ്ക്കു നോക്കി ഒന്നും ചിന്തിക്കാതെ കുറെ സമയം ചുമ്മാ നോക്കിയിരുന്നു. ഏകാന്തതാബോധം അപ്പോൾ അവാച്യമായ ഒരു സുഖം തരുന്നപോലെ...
തിരിച്ചു വരുന്ന വഴി അപ്രതീക്ഷിതമായി മഴ പെയ്തു. കുട്ടിക്കാലത്തിന് ശേഷം ഇന്ന് വീണ്ടും ഒരിക്കൽ കൂടി മഴ നനഞ്ഞു. ചെറിയ ചാറ്റൽമഴ നനഞ്ഞാൽ തന്നെ തുമ്മലും കോൾഡും ഉണ്ടാകാറുള്ള ഞാൻ അതൊന്നും വകവയ്ക്കാതെ കോരിച്ചൊരിയുന്ന മഴയിൽ ഒരു കൊച്ചുകുട്ടിയുടെ സന്തോഷത്തോടെ മഴവെള്ളം ചവിട്ടിതെറുപ്പിച്ച് ആ വനവീഥിയിലൂടെ വീട്ടിലേയ്ക്ക് നടന്നു.
നനഞ്ഞൊട്ടിയ ദേഹത്തോടെ വീട്ടിലെത്തി കിണറ്റിൽ നിന്ന് വെള്ളം കോരി നന്നായൊന്നു കുളിച്ചു. അതിനുശേഷം, രണ്ടു ദിവസത്തെ തന്റെ ഏകാന്തവാസം അവസാനിപ്പിച്ച് വീണ്ടും പഴയ ജീവിതത്തിലേക്ക്...
യാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോൾ അവേശത്തോടെ സുഹൃത്തിന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകണമെന്ന ഉദ്ദേശത്തോടെയും വാശിയോടെയുമാണ് ഇറങ്ങി പുറപ്പെട്ടതെങ്കിലും മടങ്ങിയെത്തിയപ്പോൾ ആ യാത്രയെ കുറിച്ചുപോലും ആരോടും ഒന്നും പറയാൻ തോന്നിയില്ല.
രണ്ടു ദിവസത്തെ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞാൽ ഒരുപക്ഷേ അവർക്കാർക്കും ഒന്നും മനസ്സിലായെന്ന് വരില്ല. ഒരു സ്വകാര്യസുഖമായി ആ രണ്ട് ദിവസങ്ങൾ എന്റെ മനസ്സില് തന്നെ അവശേഷിക്കട്ടെ.
അപ്പോഴും കുന്നിൻചെരുവിലെ ഏകാന്തത നിറഞ്ഞുനിൽക്കുന്ന ആ പൂമുഖം എനിക്ക് സ്വാഗതമോതി സ്വീകരിക്കാൻ കാത്തുനിൽപ്പുണ്ടായിരുന്നു.
വരൂ... അകത്തേയ്ക്ക് വരൂ.
Subscribe to:
Post Comments (Atom)
തിരക്കില്‍ നിന്നകന്ന് ഒരു വിശ്രമജീവിതം!!
ReplyDeleteനന്നായിരിയ്ക്കും!!!
:)
ReplyDelete