14 August 2010

ഓണം

പണ്ട് ഇല്ലായ്മയുടെ കാലത്ത്, അന്നൊക്കെ അധികം പേരും കൃഷി ഒക്കെയായിരുന്നല്ലോ... അവരുടെ വിളവെടുപ്പൊക്കെ കഴിഞ്ഞ് ഒത്തുചേരലിന്‍റെ, സന്തോഷത്തിന്‍റെ, ഒരു കാലമായിരുന്നു ശരിക്കും ഓണം. അന്നൊക്കെ 'സദ്യ' കഴിക്കലൊക്കെ ഓണത്തിനു തിരുവോണം നാളിലൊക്കെ മാത്രമായിരുന്നു. പക്ഷേ ഇന്ന് എപ്പോള്‍ വേണേലും അതൊക്കെ ആവാം എന്നായിരിക്കുന്നു.

ശരിക്കും ഓണത്തിന്‍റെ സന്തോഷം ഏറ്റവും കൂടുതല്‍ കാണുന്നതും ആസ്വദിക്കുന്നതുമൊക്കെ കുട്ടികളാണു, ആ കാലത്താണു. രാവിലെ എണീറ്റ് പറമ്പിലൊക്കെയുള്ള പൂക്കളൊക്കെ ശേഖരിച്ച് അയല്പക്കത്തെ കുട്ടികളൊക്കെ ചേര്‍ന്ന് പൂക്കളമൊരുക്കലും ഊഞ്ഞാലാടലും, നാടന്‍ ഓണക്കളികള്‍, ഓണക്കോടി, ഓണസദ്യ ഇതൊക്കെ കുട്ടികള്‍ക്ക് ഒരു വലിയ ആഘോഷമായിരുന്നു, പണ്ടൊക്കെ. ഇന്ന് പുതിയ വസ്ത്രങ്ങളും സദ്യയുമൊക്കെ എപ്പോഴും കിട്ടുന്നതിനാല്‍ കുട്ടികള്‍ക്ക് ഓണത്തിനു അതൊന്നും ഒരു പുതിയ സംഭവമല്ല.

പഴയ പോലെ ഒരു ഓണക്കാലം ഇന്ന് കുട്ടികള്‍ക്ക് കിട്ടിയാല്‍ അവരത് ആസ്വതിക്കുമെന്നത് തീര്‍ച്ചയാണു. എനാല്‍ അതിനുള്ള ഒരു സാഹചര്യം അവര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ഇന്നത്തെ തിരക്കുള്ള ജീവിത സാഹചര്യം കണ്ട് വളരുന്ന കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗയിമും മറ്റുമായി അവരുടെ കുട്ടിക്കാലവും ഓണവുമൊക്കെയായി പൊരുത്തപ്പെട്ട് തുടങ്ങിയിരിക്കുന്നു. സ്വന്തം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ഓണം അതാണു അവരും പിന്തുടരുന്നത്. അതില്‍ കുട്ടികളെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം!

എന്‍റെയൊക്കെ കുട്ടിക്കാലത്ത് പഴയ പോലൊരു ഓണമൊന്നും എനിക്കും കൊണ്ടാടാന്‍ പറ്റീട്ടില. പിന്നൊരു ഊഞ്ഞാല്‍, ഓണക്കോടി, കുറച്ച് ഓണക്കളികള്‍ ഇതൊക്കെ മാത്രേ കിട്ടീട്ടുള്ളു. പിന്നെന്താ പഴയ ഓണം എങ്ങനായിരുന്നു, ആ സന്തോഷമെന്തായിരുന്നു എന്നൊക്കെ കുറെ ഒക്കെ മനസ്സിലാക്കന്‍ കഴിഞ്ഞു എന്നത് മാത്രമാണു എന്‍റെ ഓണസ്മൃ തികള്‍.

പണ്ടൊക്കെ ഓണത്തിന്‍റെ ഒരു പ്രത്യേകത, പൂക്കളങ്ങള്‍ക്ക് പറമ്പിലൊക്കെയുള്ള തുമ്പപ്പൂ പോലുള്ള പൂക്കളും, ഒരു വെജിറ്റേറിയന്‍ സദ്യയുമൊക്കെയായിരുന്നെങ്കില്‍ ഇന്ന് ഒരല്പ്പം പരിഷ്ക്കാരത്തോടെ തമിഴ്നാടന്‍ പൂക്കളും നോണ്‍വെജ് സദ്യയൊക്കെ ആയി മാറിയിരിക്കുന്നു. എന്നാല്‍ അടുത്ത തലമുറയില്‍ ചൈനീസ് നിര്‍മ്മിത റെഡിമെയ്ഡ് പൂക്കളവും ബിരിയാണി പോലുള്ള ഓണവിഭവങ്ങളുമൊക്കെയാവും കാണാനാവുക. പിന്നെ ഓണ്‍ത്തിനു സ്പൈഡര്‍മാനെ ഒക്കെ പോലെ അമാനുഷിക ശക്തിയുള്ള ഒരു കഥാപാത്രമായി മഹാബലി നായകനാകുന്ന ഒരു അനിമേഷന്‍ സിനിമ ഒക്കെ ആകും ഓണത്തിന്‍റെ ഹൈലൈറ്റ് ആവുക.

പണ്ടത്തെ പോലൊന്നും ഇന്ന് പറ്റില്ല, കാലം മാറി.. ഒക്കെ ശരിയാണു. എന്നാലും ഒരു കുഞ്ഞ് പൂക്കളം, ഒരു ഊഞ്ഞാല്‍, ഓണക്കോടി, അടുത്ത ബന്ധുക്കളൊക്കെയായി ഒരു ഒത്തുകൂടല്‍, വാഴയിലയില് നിലത്തിരുന്ന് എല്ലവരും ഒരുമിച്ചൊരു സദ്യ... ഇത്രയെങ്കിലും വരും തലമുറക്കു പകര്‍ന്ന് കൊടുക്കണം എന്ന ആഗ്രഹത്തോടെ...

18 May 2010

ചോദിച്ചുവാങ്ങിയ സമ്മാനം

ഞാന്‍ എഴുതിയ ചിലതൊക്കെ വായിച്ചിട്ട് നന്നായിട്ടുണ്ടെന്ന് ആദ്യമായി പറഞ്ഞ ഒരാള്‍ ( തല്ക്കാലം പേര് പറയുന്നില്ല, എന്താ കാര്യമെന്ന് ഇത് വായിച്ചു തീരുമ്പോള്‍ മനസ്സിലാകും. ) അവളെ പറ്റിയും എന്തെങ്കിലും എഴുതാമോ എന്ന് ചോദിച്ചപ്പോള്‍ [ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഞാന്‍ അത് സാധിച്ചു കൊടുക്കും, പണ്ടെ എന്‍റെ ശീലം അതായി പോയി! പക്ഷെ കാശ് മാത്രം ആരും ചോദിക്കരുത് പ്ലീസ്, ഞാന്‍ തരൂല്ല!! ] 'പിന്നെന്താ ആയിക്കോട്ടെ' എന്നു വലിയ ജാടയില്‍ ഞാന്‍ പറഞ്ഞെങ്കിലും, ഞാന്‍ ചിന്തിച്ചപ്പോള്‍ എന്താ ഇപ്പോള്‍ അവളെ പറ്റി   എഴുതാന്‍.. അതിനുമാത്രം ഒരു സംഭവവും കിട്ടുന്നില്ലല്ലോ.

ഞങ്ങള്‍ പരിചയപ്പെട്ടിട്ട് ഏകദേശം മൂന്നു വര്ഷം ആകുന്നു. ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നത് സില്‍ര്‍ എന്നൊരു സൈറ്റില്‍ നിന്നാണ് . അവിടെ ഒരു കൊച്ച് ചാന്‍സീറാണിയായി അവള്‍ വാഴുമ്പോളാണു ഉല്‍സവപറമ്പില്‍ ഒറ്റപെട്ടുപോയ ഒരു ബാലന്‍റെ നിഷ്കളങ്കതയോടെ ഞാന്‍ ചെന്ന് പെട്ടത്. ഞാനപ്പോള്‍ ചാറ്റിംഗ് ഒക്കെ തുടങ്ങിയ സമയമാണ്. ആദ്യമൊക്കെ എന്നിലെ നിഷ്കളങ്കനെ അവള്‍ ശരിക്കും മുതലെടുത്തു.. പിന്നെ പിന്നെ ആ പരിചയം ഓര്‍ക്കുട്ട്, ജീടാക്ക് വരെ ആയി. എനിക്കിട്ട് അത്യാവശ്യം നന്നായി പണി തരുന്നതില്‍ ആദ്യമൊക്കെ അവള്‍ വിജയിച്ചിരുന്നു. പിന്നെ അതു നേര്‍ക്കുനേര്‍ പോരാട്ടമായി. ഒരാളെ പറ്റി ഒരു വിധം നന്നായി മനസിലാക്കിയിട്ട് തനി സ്വരൂപം കാട്ടി ആക്രമിച്ച് കീഴ്പ്പെടുത്തുക എന്നതായിരുന്നു എന്‍റെ യുദ്ധതന്ത്രം. ഇവിടേയും...

പരിചയപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും എനിക്ക് തോന്നുന്നത് ഇത്രക്ക് കമ്പനിയായത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ്. . ആദ്യമൊക്കെ കാണൂമ്പോള്‍ ചുമ്മാ എന്തൊക്കെയോ സമയം പോകാന്‍ സംസാരിക്കും എന്നുമാത്രം. അല്ല നമ്മള്‍ ചാറ്റിനു വരുന്നത് ശരിക്കും അതിനാണല്ലോ!! അവളുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് മനസ്സറിഞ്ഞ പ്രോത്സാഹനം തന്നെയാണു. എവിടെ തിരിഞ്ഞാലും അഹങ്കാരി.. അഹങ്കാരി എന്നുള്ള വിളീകള്‍ക്കെതിരെയുള്ള എന്‍റെ പോരാട്ടം ഓര്‍ക്കുട്ടില്‍ പേരു 'അഹങ്കാരി' എന്നാക്കിയാണു ഞാന്‍ മതിയാക്കിയത്. എന്‍റെ ആ തീരുമാനത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച് പ്രോത്സാഹിപ്പിക്കുന്നതിലും അതിനു വേണ്‍ട പബ്ലിസിറ്റി നല്‍കുന്നതിലും എന്നും മുന്‍പന്തിയില്‍ അവള്‍ ഉണ്ടായിരുന്നു. ആ നന്ദിയും കടപ്പാടും ഉപകാരസ്മരണയുള്ള ഞാന്‍ മറന്നാല്‍ അതു ഈശ്വര കോപത്തിനു ഇടവരുത്തില്ലേ...

എന്‍റെ നന്ദി പ്രകാശിപ്പിക്കാന്‍ ഒരു അവസരം ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്താണെന്നറിയില്ല അവള്‍ക്കു ചിലപ്പോള്‍ എന്നെ ഒടുക്കത്തെ ഇഷ്ടാണു. കാരുണ്യ നിധിയായ അവള്‍ ഓരോ ദിവസവും മനോഹരങ്ങളായ ഓരോ പേരും എനിക്ക് വാരിക്കോരി തരുന്നുണ്ടായിരുന്നു. അവസാനം തന്ന പേരു ഒട്ടകം ആയിരുന്നു, അതെനിക്കിഷ്ട്ടായില്ല. എന്നിട്ടും അവള്‍ ഒട്ടകത്തിന്റെ പേരില്‍ പാട്ടുവരെ പാടി എന്നെ കളിയാക്കാന്‍ ശ്രമിച്ചുകൊണ്ടെയിരുന്നു. പാവം ഞാന്‍!! പെട്ടെന്നായിരുന്നു അത് സംഭവിച്ചത്, എന്‍റെ ക്ഷമയുടെ നെല്ലിപ്പലക ഒടിഞ്ഞു. ഒട്ടകപുണ്യാളന്മാരുടെ അനുഗ്രഹത്താല്‍ ആ നിമിഷം എന്‍റെ മനസ്സിലെ നന്ദിയും കടപ്പാടും ചേര്‍ത്ത് സ്നേഹനിധിയായ അവള്‍ക്ക് ഞാന്‍ ഒരു പേരിട്ടു. നല്ല ഓമനത്തമുള്ള ഒരു പേരു, 'ചാള മേരി'. പെറ്റ് നെയിം ആയി വേണേല്‍ cm എന്നും വിളിക്കാം. അതു കേട്ട അവളുടെ സന്തോഷ പ്രകടനങ്ങള്‍ ഒന്നു കാണേണ്ടതായിരുന്നു. ആ സന്തോഷപ്രകടനങ്ങളില്‍ നിന്ന് ആ പേരു നന്നേ ബോധിച്ചെന്ന് മനസ്സിലായി.

പലര്‍ക്കും പല പേരുകളും ഇട്ടിട്ടുണ്ടെങ്കിലും മനസ്സിനു ഇത്ര സംതൃപ്തി തോന്നിയിട്ടുള്ള ഒരു പേരിടല്‍ വേറെ ഉണ്ടായിട്ടില്ല. പിന്നെ ഒരു വിഷമം എന്തെന്നാല്‍ ഒരു പബ്ലിസിറ്റി കൊടുക്കാന്‍ പറ്റിയില്ല എന്നതാണു. പക്ഷെ എനിക്കതിനു നിഷ്പ്രയാസം കഴിയുമായിരുന്നു. കാരണം, അവളുടെ ക്ലാസ്മേറ്റും ബെസ്റ്റ് ഫ്രണ്ടുമായ ഒരുത്തി ഓര്‍ക്കുട്ടില്‍ നമ്മുടെ കോമ്മണ്‍ ഫ്രണ്ടായി ഇവിടെ തന്നെ ഉണ്ട്. പക്ഷെ മനുഷ്യത്വമുള്ള ഈ ഞാന്‍ പാവം കരുതി അവളോടു പോലും പറഞ്ഞില്ല, പറയില്ല എന്ന് ഉറപ്പും കൊടുത്തു. അത്രക്കും പാവമായ എന്നോടു അവള്‍ ഒരു അതിബുദ്ധി കാണിച്ചു. അവള്‍ തന്നെ മറ്റവളോടു കാര്യങ്ങളൊക്കെ പറഞ്ഞു വേണ്ട രീതിയില്‍ സോപ്പിട്ടു. ' ഒരു പെണ്ണാണ് മറ്റൊരു പെണ്ണിന് പാര' എന്ന് തെളിയിച്ചുകൊണ്ട് ആ കൂട്ടുകാരി തന്നെ കോളേജില്‍ ഗെള്‍സിനിടയില്‍ ചാളമേരി ഫ്ലാഷ് ആക്കി. അങ്ങനെ കോളേജിലും അവള്‍ ചാളമേരി ആയി. കോളേജില്‍ 'ചാളമേരി' ഫ്ലാഷ് ആക്കി, അതൊരു വന്‍ വിജയമാക്കി മാറ്റിയ 'ഭരണിക്ക് ' ഈ അവസരത്തില്‍ ഞാനെന്റെ നന്ദി അറിയിക്കുന്നു!

ബന്ധങ്ങള്‍ നഷ്ടപ്പെടാന്‍ നിമിഷങ്ങള്‍ മതി. അപ്പോള്‍ പിന്നെ കാണാമറയത്തുള്ള ഒരു ചാറ്റ് ഫ്രണ്‍ട്.. എത്ര നാളുകള്‍ എന്നറിയാത്ത ഒരു ചങ്ങാത്തം. എന്നാലും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരിക്കലും മറക്കന്‍ കഴിയില്ല. കാരണം, അവള്‍ ഇനി ഏത് ലോകത്തായാലും എത്ര ഉയരത്തിലായാലും എവിടെ എങ്കിലും വച്ച് ഒരു മീന്‍കാരി ചേച്ചിയെ കാണുമ്പോഴോ, ചാള മീന്‍ കാണൂമ്പോള്‍.. കഴിക്കുമ്പോള്‍ ഒക്കെ മനസ്സില്‍ ചീത്ത വിളിക്കാനെങ്കിലും എന്നെ ഓര്‍ക്കും. ഒരു ചാള മീന്‍ കാണുമ്പോള്‍ ഒരു കള്ള ചിരിയോടെ ഞാനും!!

കടവും കടപ്പാടും നോക്കിയാല്‍ ഇപ്പോള്‍ ഉപകാരസ്മരണ കാട്ടേണ്ടത്‌ അവള്‍ എന്നോടാണു. വെറും ഒരു വായ്നോക്കി മണ്ണൂണ്ണി കഴുതയായ അവളെ ഇപ്പോള്‍ ഓര്‍ക്കുട്ടിലും പ്രണ്ട്സിനിടയിലും cm എന്ന ഒരു പൊളപ്പന്‍ പദവി ഉണ്ടാക്കിക്കൊടുത്തത് ഞാനല്ലേ... എന്നിട്ടും ഒരു ഗിഫ്റ്റോ, എന്തിനു ഒരു നന്ദി പോലും അവള്‍ പറഞ്ഞില്ല. എന്താ ചെയ്യ.. ഇക്കാലത്ത് ഒരു ഉപകാരം ചെയ്താലും ഇതൊക്കെ തന്നെയാ അവസ്ഥ!!!

17 May 2010

എന്‍റെ പ്രണയലേഖനം

ഞാന്‍ പത്തില്‍ പഠിക്കുമ്പോഴായിരുന്നു ആ ദുരന്തം സംഭവിച്ചത്. കൂടെയുള്ളവന്മാരുടെ ഒടുക്കത്ത പ്രേരണ ഒന്നുകൊണ്ടു മാത്രമാണു ഇങ്ങനെ സംഭവിച്ചത്. എന്‍റൊപ്പം എല്‍.പി.സ്കൂളില്‍ പഠിച്ചിരുന്ന കുട്ടിയായിരുന്നു.. എങ്ങനെയോ അവന്മാര്‍ അത് കുത്തിപ്പൊക്കി നിര്‍ബന്ധിച്ചപ്പോള്‍ ' ഈ പാവം ഞാന്‍' പെട്ടുപോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ!

 അങ്ങനെ ഞാന്‍ ഒരു കത്തെഴുതി. അതും എന്‍റേ ജീവിതത്തിലെ ആദ്യത്തെ കത്താണെന്നോര്‍ക്കണം, അതിനുമുന്നെ ഒരു പ്രേമലേഖനം കണ്ടീട്ടു പോലുമില്ലാത്ത ഈ ഞാന്‍! അന്ന് എല്‍.പി.സ്കൂളില്‍ പിരിഞ്ഞതിനു ശേഷം അവളെ ഞാന്‍ കണ്ടിട്ടു പോലുമില്ല. നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം.. അവള്‍ക്ക് ഞാനൊരു കത്തെഴുതി അവളുടെ വീടിനടുത്തുള്ള ഒരുത്തന്‍റേ കൈയില്‍ കൊടുത്തുവിട്ടു!

 അത് നേരെ ചെന്നെത്തിയത് എന്‍റേ ചേട്ടന്‍റേ കൈയില്‍, പിന്നെ ഒന്നും പറയണ്ടല്ലോ.. അത് അമ്മയൊക്കെ അറിഞ്ഞ് ആകെ നാശമായി. ഹൊ! രക്തമൊക്കെ വിയര്‍പ്പായി പോയ പോലെ!! അന്ന് രാത്രി ഞാന്‍ ഉറങ്ങി എന്നെ ഉള്ളു. പിറ്റേന്ന് ആ എഴുത്തെടുത്ത് കത്തിച്ച് കളഞ്ഞശേഷം മാത്രമാണു ശരിക്കുറങ്ങിയത്. എന്‍റുള്ളിലെ നന്മ കൊണ്ടാവണം ആ എഴുത്തില്‍ സാഹിത്യത്തിന്‍റേ ഒരംശം പോലുമില്ലായിരുന്നു എന്നു മാത്രമല്ല ആകെ കുറച്ച് വരികളേ ഉണ്ടായിരുന്നുള്ളു.. പലര്‍ക്കും പല ചമ്മലുകളുണ്ടായിട്ടുണ്ടാവും പക്ഷേ ഇങ്ങനെ ഒന്ന് ചുരുക്കം ചിലര്‍ക്കേ ഉണ്ടായിട്ടുണ്ടാവൂ.

 ഇപ്പോഴും 'ലൗ ലെറ്റര്‍' എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുക ഇതാണു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഞാന്‍ തന്നെ ചിരിച്ച് പോകുന്ന ഒരു തമാശ. പക്ഷേ അന്ന് ഞാനനുഭവിച്ചത് എനിക്ക് മത്രമല്ലേ അറിയൂ!! പക്ഷേ ആ സംഭവത്തില്‍ നിന്ന് എനിക്ക് ഒരുപാട് പഠിക്കാന്‍ പറ്റി. അനുഭവമാണു ഏറ്റവും വലിയ ഗുരു എന്ന് അന്നാണു ഞാന്‍ മനസ്സിലാക്കിയത്! അങ്ങനെ വീട്ടിലെ അതിന്‍റെ അവസ്ഥ മനസ്സിലാക്കാന്‍ പറ്റി, അടുത്ത എഴുത്തെഴുതുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം അങ്ങനെ പലതും എനിക്കു മനസിലാക്കന്‍ പറ്റിയല്ലോ.. പക്ഷേ ശരിക്കും തമാശ അതല്ല, ആ പെണ്ണ് എന്നെ മൂന്നാം ക്ലാസ് മുതലെ ഇഷ്ട്ടപ്പെട്ടിരുന്നെന്ന് പിന്നീടാണറിഞ്ഞത്.

ഒരു പ്ലസ് വണ്‍ പകുതിവരെ ഒക്കെ ആ ബന്ധം നിലനിന്നു. പിന്നെ ഞാനായിട്ട് മതിയാക്കി. അതുകൊണ്ട് കല്യാണമൊക്കെ കഴിഞ്ഞ് അവളിപ്പോള്‍ പരമ സുഖമായിട്ട് ജീവിക്കുന്നു.!!!