01 May 2010

ഈ ബ്ലോഗിനെ പറ്റി രണ്ടു വാക്ക്...

മനസ്സിന്റെ അഗാധതയില്‍ ഒളിഞ്ഞ് കിടക്കുന്ന ചേതോവികാരങ്ങള്‍ തേടിയുള്ള ഒരു അന്വേഷണ യാത്ര, അതാണ്‌ ഈ ബ്ലോഗ്‌ കൊണ്ടു ഞാന്‍ ഉദ്ദേശിക്കുന്നത്. ബുദ്ധിയും യുക്തിയും പിടിതരാതെ പിന്തുടരുന്ന തോന്നലുകള്‍ക്ക് അക്ഷരങ്ങളിലൂടെയും ഭാവനയിലൂടെയും വര്‍ണ്ണങ്ങള്‍ കൊടുക്കാനുള്ള ഒരു ചെറിയ ശ്രമം, അതാണ്‌ ഈ സൃഷ്ടികള്‍ എന്ന് വേണമെങ്കിലും പറയാം. കാലത്തിന്‍റെ യാത്രാ ദൂരങ്ങളിലെവിടെയോ നഷ്ടമാകാതെ സൂക്ഷിച്ച ഓര്‍മ്മപുസ്തകതാളുകള്‍ നിങ്ങള്‍ക്ക് ഇവടെ മറിച്ചു തുടങ്ങാം. വായനയുടെ നിര്‍വൃതി എത്രത്തോളം ഇവിടെ ഉണ്ടാകും എന്നറിയില്ല. കാരണം ഞാനൊരു എഴുത്തുകാരനോ സാഹിത്യകാരനോ അല്ല. ഹൃദയ വികരങ്ങള്‍ക്കൊത്ത് ജീവിച്ചു യാഥാര്‍ത്ഥ്യങ്ങളും സ്നേഹബന്ധങ്ങളും ഉള്‍ക്കൊണ്ടു കഴിയുന്ന ഒരു സാധാരണ മനുഷ്യന്‍. എന്റെ മനസ്സിന്റെ കാലാവസ്ഥയില്‍ നിന്നാണ് ഓരോ വരിയും തുടങ്ങുന്നത്. നെഞ്ചോടു ചേര്‍ത്ത് വച്ച കിനാവുകളും പ്രണയത്തിന്റെ മധുരവും നഷ്ടപ്പെട്ട പ്രതീക്ഷകളും മനസ്സിന്റെ കാഴ്ചപ്പാടുകളും ഒക്കെ ഈ വരികളില്‍ കാണാം.

സ്നേഹം പലപ്പോഴും അടുത്തുവന്നു കൊതിപ്പിക്കും. എന്നിട്ട് കൊതിതീരും മുന്‍പ് പറന്നു പോകും, ചിലപ്പോള്‍ അടുത്തു വരും മുന്‍പും. മുറിഞ്ഞു തീരാനായി മാത്രം വന്നു പോയവര്‍ വേറെയും. ഇങ്ങനെയെല്ലാം വീര്‍പ്പുമുട്ടാന്‍ തുടങ്ങിയപ്പോഴാണ് അക്ഷരങ്ങളോട് കൂട്ട് കൂടിയത്. ആകാശം കാട്ടാത്ത മയില്‍‌പ്പീലി പോലെ പലതും ആരെയും കാട്ടാതെ ഡയറി താളുകളില്‍ ഒളിപ്പിച്ചു വച്ചു. പിന്നീടത്‌ കാറ്റില്‍ പറത്തി വിടുമ്പോഴും കത്തിച്ചു ചാരമാക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഞാനനുഭവിച്ച ശൂന്യത ബാക്കി നില്‍ക്കുകയായിരുന്നു...

മറവിയില്‍ മുങ്ങിതാഴ്ന്നുകൊണ്ടിരിക്കുന്ന ഓര്‍മ്മകള്‍ പകര്‍ത്തി വയ്ക്കാനോ? അതോ അനുഭവങ്ങളാല്‍ ജനിക്കുന്ന ചിന്തകള്‍ക്കാണ് മോഹങ്ങളെക്കാള്‍ വിലയുള്ളത് എന്ന തിരിച്ചറിവോ? അറിയില്ലാ.. പക്ഷേ ഈ ബ്ലോഗിലെ അക്ഷരങ്ങളിലൂടെ എനിക്ക് എന്നെ തന്നെ കാണാം. ജീവിതം എന്നിലൂടെ എങ്ങനെ പ്രതിഫലിച്ചു എന്ന് എനിക്ക് മനസ്സിലാക്കുകയും ചെയ്യാം.

ചില അനുഭവങ്ങള്‍ നമുക്ക് പ്രേരണകളാകുന്നു. അങ്ങനെ ചില പ്രേരണകളാണ് ഇങ്ങനെ ഒരു സാഹസത്തിനു എന്നെ പ്രേരിപ്പിച്ച പ്രധാന കാരണം. മനുഷ്യന്റെ അവസ്ഥകലുടെ ആഴങ്ങളിലെക്കിറങ്ങാന്‍ ജീവിതം എനിക്ക് പരിശീലനം നല്‍കുന്നു. പക്ഷെ അനുഭവങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നും പാഠം പഠിക്കാത്ത വിഡ്ഢിയായി തന്നെ ഞാനിന്നും തുടരുന്നു! ഇരുപത്തിമൂന്ന് വര്‍ഷത്തെ ജീവിതം കൊണ്ടു ഞാന്‍ നേടിയെടുത്തത് അനുഭവങ്ങളുടെ കനലില്‍ വാര്‍ത്തെടുത്ത, ഇനിയും തളരാന്‍ കൂട്ടാക്കാത്ത ഒരു മനസ്സ് മാത്രമാണ്. ദുരിതങ്ങളുടെ കാട്ടുതീ പടരുമ്പോഴും നഷ്ടങ്ങളില്‍ കാലിടറുമ്പോഴും, സ്വപ്നം കാണാനും പ്രതീക്ഷകലുടെ വര്‍ണ്ണചിറകിലേറി പാറിപ്പറക്കാന്‍ എന്നെ പ്രാപ്തനാക്കുന്നത് എനിക്ക് പോലും പലപ്പോഴും പരിചിതമല്ലാത്ത എന്റെ മനസ്സാണ്. ചിലപ്പോള്‍ ആ മനസ്സ് ഞാനെന്ന യാതര്ത്യത്തിന്റെ നേര്‍കാഴ്ചകളില്‍ നിന്ന് യുഗങ്ങളുടെ അന്തരം തീര്‍ത്ത് എന്നെ അത്ഭുതപ്പെടുത്തുന്നു.

ഈ ബ്ലോഗിലെ അക്ഷരങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നാം രണ്ടാളുടെയും ഹൃദയങ്ങള്‍ അനന്യമാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെ സംഭവിച്ചാല്‍ എന്റെ ശ്രമം അല്‍പ്പമെങ്കിലും വിജയിച്ചു എന്ന് ആശ്വസിക്കാം.... എന്റെ പ്രിയപ്പെട്ടവര്‍ക്ക് നമോവാകം!

No comments:

Post a Comment