01 May 2010

ഒരു കാന്താരി ചാറ്റ് ഫ്രണ്ട്

ഞാന്‍ ആദ്യമായി ഇന്‍റര്‍നെറ്റില്‍ ചാറ്റിങ് എന്ന മായാലോകത്തേക്ക് കടന്ന് വരുന്ന സമയം. അന്നെനിക്ക് ചാറ്റിങ്ങിനെ പറ്റിയോ ചാറ്റിങ്ങിലെ നൂലാമാലകളെ പറ്റിയോ യാതൊരു പിടിയുമില്ലാത്ത കാലം. എല്ലാവരെയും പോലെ ഒത്തിരി ഫ്രണ്ട്സിനെ നേടുന്നതിനും സ്ക്രാപ്പുകള്‍ നിറക്കുന്നതിലുമായിരുന്നു അപ്പോള്‍ എന്‍റെ ശ്രമം. പിന്നീടങ്ങോട്ട് ഇതിലും പല തരികിടകളും ഒളിഞ്ഞ് കിടപ്പുണ്ടെന്ന് 'പെണ്‍ വേഷം' കെട്ടിയ ചിലവന്മാരെ കണ്ടപ്പോഴാണു എനിക്ക് മനസ്സിലായത്. ആദ്യമൊക്കെ മണ്ടത്തരങ്ങളിലൂടെയും പിന്നെ ചെറിയ തരികിടകളിലൂടെയും ഞാനും ഓര്‍ക്കുട്ടിലെ ഒരാളായി മാറി, ഓര്‍ക്കുട്ട് നേരം പോക്കിനുള്ള വേദിയാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഞാനും... മോശം പറയരുതല്ലോ വളരെ ചുരുക്കമാണെങ്കിലും നല്ല കുറെ ഫ്രണ്ട്സിനെ എനിക്കിവിടെ കിട്ടീട്ടുണ്ട്.

ആദ്യമൊക്കെ പെണ്‍വേഷം കെട്ടിയ ചിലര്‍ എന്നെയും പറ്റിക്കാന്‍ ശ്രമിച്ചു. അതുകൊണ്ടു തന്നെ അതിനുശേഷം പിന്നീട് പരിചയപ്പെടുന്ന എല്ലാ ഗേള്സിനെയും സംശയത്തിന്റെ കണ്ണുകളിലൂടെയും ഞാന്‍ നോക്കിയിരുന്നു. അപ്പോഴാണ്‌ ഞാന്‍ പുതുതായി പരിചയപ്പെട്ട ഒരുത്തി സ്ഥിരമായി എന്നോടു ചാറ്റ് ചെയ്യുന്നു. നല്ല ഫ്രീ ആയിട്ടുള്ള അവളുടെ സംസാരം എന്നില്‍ സ്വാഭാവികമായും സംശയങ്ങളുടെ വിത്ത് പാകി. ശരിക്കും ഞാനപ്പോള്‍ സംശയിച്ചു ഇത് പെണ്‍ വേഷം കെട്ടിയവനാണെന്ന്. ഞാന്‍ ആ രീതിയില്‍ സംസാരിക്കുക പോലും ചെയ്തു. എന്നിട്ടും ഒരു രക്ഷയുമില്ല. സത്യാവസ്ഥ അറിയാന്‍ വേണ്ടി എന്‍റെ നമ്പര്‍ കൊടുത്തിട്ട് വിളിക്കാന്‍ പറഞ്ഞു. 'ഞാന്‍ വിളിക്കത്തൊന്നും ഇല്ല' എന്നല്ലാതെ ഞാന്‍ പ്രതീക്ഷിച്ച വേറെ തടസ്സവാദങ്ങള്‍ ഒന്നും വന്നില്ല. അതെന്റെ സംശയം വര്‍ദ്ധിപ്പിച്ചു!

അടുത്ത ദിവസം പതിവു പോലെ വീണ്ടും സംസാരം. ശ്ശെടാ! ഇതു ശരിയാവില്ലല്ലോ.. അവസാന ശ്രമമെന്ന നിലയില്‍ 'നിനക്കൊന്നും വെറെ ജോലി ഇല്ലേ... എണീറ്റ് പോടേ..' എന്നൊരു സ്ക്രാപ് അയച്ചു. 'ജോലിയുണ്ടല്ലോ....പോടേ അല്ല പോടിയാ...' എന്ന് മറുപടിയും.. അവസാനം ഞാന്‍ ഒരു തീരുമാനത്തിലെത്തി. ആണായാലും പെണ്ണായലും ശരി എനിക്കവളുടെ സംസാരം നന്നേ ബോധിച്ചു. പ്രത്യേകിച്ചും ഞാനെന്തെങ്കിലും കളിയാക്കിയാല്‍ അതുപോലെ തിരിച്ച് പ്രതികരിക്കുന്നവരെ. അവളും അങ്ങനായിരുന്നു. പിന്നെ ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ആയി.. മിക്കവാറും കാണും.. കുറേ സംസാരിക്കുകയും വഴക്കിടാറുമൊക്കെ ഉണ്ടായിരുന്നു.

അങ്ങനെയിരിക്കേ ഒരു ദിവസം രാത്രി ഒരു നമ്പറില്‍ നിന്ന് ഒരു മിസ്സ്ട് കാള്‍, പിന്നെ അടുത്ത ദിവസം രാവിലെ.. അങ്ങനെ അതൊരു പതിവായി. എന്‍റെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലമായി ഏവനോ എനിക്കിട്ട് പണിയുന്നതാണെന്ന് അറിയാവുന്നതിനാല്‍ ഞാന്‍ തിരിച്ച് വിളിച്ചേ ഇല്ല. അവസാനം ഒരു ദിവസം രാത്രി വിളിച്ചു. ഞാന്‍ ഫോണെടുത്തു, ഒരു പെണ്‍കൊച്ച്! ആരാന്ന് ചോദിച്ചപ്പോള്‍ ' ആരാന്ന് മനസ്സിലായില്ലാ? ഹും ഒരു മലയാളിയാ..' എന്ന് പറഞ്ഞു. 'അത് മനസ്സിലായി, അല്ല തമ്പുരാട്ടി ആരാണാവോ..?' എന്ന് ഞാന്‍ തിരിച്ച് ചോദിച്ചപ്പോള്‍, ചിരിച്ചിട്ട് എന്തോ പറയാനയി വന്നിട്ട് 'അല്ലെങ്കില്‍ നാളെ പരയാവെ.. ഗുഡ് നൈറ്റ്..' എന്ന് പറഞ്ഞ് ഫോണ്‍ വച്ചു. എന്നിട്ടും ഏവന്‍റേയോ വേലയാണെന്നു ഞാന്‍ കരുതി.

അടുത്ത ദിവസം രാവിലെ വീണ്ടും വിളിച്ചു.. എവിടുന്നാ എന്ന് ചോദിച്ചപ്പോള്‍ കുറെ നേരം എന്നെ ഇട്ടു കളിപ്പിച്ചിട്ടു അവസാനം സ്ഥലം പറഞ്ഞു.. അപ്പോഴാ മനസ്സിലായത് അത് അവളായിരുന്നെന്ന്... പിന്നെ മിക്കവാറും ദിവസങ്ങളില്‍ വിളിക്കും. സാധാരണ ഇതുപോലുള്ള ചാറ്റ്ഫ്രണ്ട്സ് ചാറ്റില്‍ വലിയ സംസാരമാണെങ്കിലും ഫോണില്‍ അത്ര  വായാടി ആയിരിക്കില്ല. പക്ഷേ ഇവള്‍   ചാറ്റില്‍ കണ്ട ആളേ അല്ല സംസാരത്തില്‍, ഒരു കാന്താരി എന്നൊന്നും പറഞ്ഞാല്‍ പോര അവളെ...! ചിലപ്പോള്‍ അവിടുത്തെ പല ഓഫീസ് ഫോണുകളില്‍ നിന്നും വിളിക്കും. ഒരിക്കല്‍ ഞാന്‍ പറഞ്ഞു നീ അത്ര മിടുക്കി ആണേല്‍ നിന്‍റേ ബോസിന്‍റേ ഫോണില്‍ നിന്നു വിളിക്കാന്‍... അന്ന് ഉച്ചക്ക് അയാള്‍ കഴിക്കാന്‍ പോയ സമയം ആ ഫോണില്‍ നിന്നുവരെ വിളിച്ച കക്ഷിയാ...

അവളെ പറ്റി പറഞ്ഞാല്‍... ഒരു കോട്ടയം കാരി. കമ്പ്യൂട്ടര്‍ എന്ജിനീയറിംഗ് കഴിഞ്ഞ് എറണാകുളത്ത് ജോലി ചെയ്യുന്നു. അവിടെ ഒരു ഹോസ്റ്റലില്‍ ആയിരുന്നു താമസം. 'എടീ ' എന്നൊക്കെ വിളിക്കുമെങ്കിലും എന്നെക്കാള്‍ രണ്ടു വയസ്സോളം പ്രായക്കൂടുതല്‍ ഉണ്ടവള്‍ക്ക്. പക്ഷെ ഞങ്ങള്‍ തമ്മില്‍ 'എടാ പോടീ' ബന്ധമായിരുന്നു. എന്റെ പഠിത്തമൊക്കെ കഴിഞ്ഞ് ഞാന്‍ വായിനോക്കി നടക്കുന്ന സമയത്താണ് ചാറ്റിങ്ങില്‍ ഞാനവളെ പരിചയപ്പെടുന്നത്. വഴക്കിടാനും കളിയാക്കാനും, വിളിക്കുമ്പോള്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ പരിഭവിക്കാനും ഒക്കെയായി ചാറ്റില്‍ എനിക്കായി കാത്തിരിക്കാന്‍ ഉണ്ടായിരുന്ന ഒരേ ഒരു  ഫ്രണ്ടായിരുന്നു അവള്‍. മാക്രി എന്നൊക്കെ പറഞ്ഞു പല പേരുകള്‍ പറഞ്ഞു എന്നെ വിളിക്കുമെങ്കിലും വല്ലപ്പോഴും സ്നേഹത്തൊടെ 'അനിക്കുട്ടാ' എന്ന് വിളിക്കാന്‍ ഈ ലോകത്ത് അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ മനസ്സിലാക്കുന്ന ഒരു ക്ലോസ് ഫ്രണ്ട് എന്നതിനപ്പുറം അവളോടു പോലും പറയാതെ എന്റെ മനസ്സില്‍ അവള്‍ക്കു ഒരു ചേച്ചിയുടെ സ്ഥാനം കൂടി ഞാന്‍ നല്‍കിയിരുന്നു.

ഒരു ദിവസം ചാറ്റിനിടയില്‍ ഞാനെന്തോ പറഞ്ഞതിന് പെട്ടെന്ന് സീരിയസായി. ഉടനെ എന്നെ വിളിച്ച് 'ഇനി നിന്നെ വിളിക്കില്ല, ഇനി നിന്നോട് കൂട്ടില്ല' എന്ന് പറഞ്ഞ് ഫോണ്‍ വച്ചു.. സത്യത്തില്‍ ഞാനെന്തോ തമാശക്ക് പറഞ്ഞതായിരുന്നു, ഞാനാകെ വല്ലാതായി. ഞാന്‍ തിരിച്ച് വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല, ചാറ്റിനു മറുപടി ഇല്ല... എന്റെ അഹങ്കാരവും വെറുതെ ഇരുന്നില്ല, 'ഞാനത് തമാശക്ക് പറഞ്ഞതാ. അത് മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ വേണ്ട, ഇനി ഞാനുമില്ല ഒന്നിനും ബൈ..' എന്ന് പറഞ്ഞു ഒരു മെസേജ് അയച്ചു. എന്നിട്ടും ഒരു മറുപടിയും ഇല്ല!

അന്നു രാത്രിയായപ്പോള്‍ വിളിക്കുന്നു, ഞാനെടുത്തില്ല. എന്നിലെ അഹങ്കാരിക്ക് ഒരല്‍പം ജാഡയും, 'ഞാനായിട്ട് ഇനി മാഡത്തിനെ ശല്യം ചെയ്യുന്നില്ല' എന്ന് പറഞ്ഞ് ഒരു മെസ്സേജ് കൂടി അയച്ചു. അവള്‍ വിളിച്ചോണ്ടെ ഇരുന്നു പതിനാലു പ്രാവശ്യം. ഞാനെടുത്തില്ല. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു എയര്‍ട്ടല്‍ നമ്പറില്‍ നിന്ന് ആരോ വിളിച്ചു. ഞാനെടുത്ത ഉടന്‍ ' ഇതു ഞാനാ..ഫോണ്‍ വക്കല്ലേ വക്കല്ലേ...' എന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഞാന്‍ തന്നെ ചിരിച്ചു പോയി. അവളായിരുന്നു അത് ഒരു കോയിന്‍ ബൂതില്‍ നിന്ന്. ' ഓ നീയായിരുന്നാ.. ഇതു കോയിന്‍ ബൂതില്‍ നിന്നാണെന്നറിഞ്ഞിരുന്നെങ്കില്‍ ഞാനെടുക്കില്ലായിരുന്നു' എന്ന് കൂടി പറയാന്‍ ഞാന്‍ മറന്നില്ല.... 'നിന്നോട് സോറി പറയാന്‍ വിളിച്ച ഞാന്‍ ഇതൊക്കെ കേള്‍ക്കണം.. നിന്നെ പോലെ ഇത്രക്കും അഹങ്കാരം പിടിച്ച ഒരുത്തനെ ഞാന്‍ വേറെ കണ്ടിട്ടില്ല...' എന്നൊക്കെ പറഞ്ഞു പ്രശനം സോള്‍വ് ചെയ്തു. പിന്നീട് ഇതു പോലെ പലതവണ ഞങ്ങള്‍ പിണങ്ങീട്ടുണ്ട്. .ഇനി നിന്നെ വിളിക്കില്ലെന്ന് അവളും ഒരുപാടു തവണ പറഞ്ഞിട്ടുണ്ട്. പിന്നീട് വിളിക്കുമ്പോള്‍ 'വിളിക്കില്ലെന്ന് പറഞ്ഞിട്ട് വിളിക്കാന്‍ നാണമില്ലല്ലോ ശവം..' എന്നൊക്കെ ഞാന്‍ പറയും. അവളോട് എനിക്ക് എന്തും പറയാമായിരുന്നു.

ഇതൊക്കെയാണെങ്കിലും അവളുടെ സംസാരത്തില്‍ എന്തോ ഒരു പ്രശ്നം പലപ്പോഴും എനിക്ക് ഫീല്‍ ചെയ്തിരുന്നു. ഒരിക്കല്‍ ഞാന്‍ അതിനെ പറ്റി ചോദിച്ചപ്പോള്‍ 'ഒന്നുല്ല നിനക്ക് വെറുതെ തോന്നുതാടാ...' എന്നൊക്കെ പറഞ്ഞ് നല്ല പോലെ അവള്‍ ഒഴിഞ്ഞെങ്കിലും ഒടുവില്‍ എന്‍റെ ഒടുക്കത്തെ നിര്‍ബന്ധത്തില്‍ ഞാനവളെക്കൊണ്ടു പറയിക്കുകയായിരുന്നു....' എനിക്കൊരു കുഞ്ഞ് അസുഖമുണ്ട്... എനിക്കു ക്യാന്‍സറാടാ..' ചിരിച്ചുകൊണ്ടുള്ള അവളുടെ ആ മറുപടിയില്‍ എന്റെ ശബ്ദവും വാക്കുകളും ഒക്കെ നിലച്ചു പോയി. ശരിക്കും എന്താ പറയുക.. ആ നിമിഷം എന്തു ചെയ്യുമെന്നറിയാതെ ഞാന്‍ നിന്നു പോയി. എന്‍റെ ജീവിതത്തില്‍ ഇങ്ങനൊരു സംഭവം ഇത് ആദ്യം. പിന്നെ അവളോട് എന്തു ചോദിക്കണം എന്നു പോലും എനിക്കറിയാതെയായി.. എന്നാലും 'ഇനി ബെറ്റര്‍ ട്രീറ്റ്മെന്റു ഒന്നും...' എന്നിങ്ങനെ ഞാന്‍ പറഞ്ഞൊപ്പിച്ചു.. 'ബ്ലഡ് ക്യാന്‍സറിനു ഇനി എന്തു ചെയ്തിട്ടെന്താ... ഇനി കൂടിപ്പോയാല്‍ ഒന്നോ രണ്ടോ വര്‍ഷം...' അതു കൂടി കേട്ടപ്പോള് ‍ഞാന്‍ ആകെ തകര്‍ന്നു പോയി... പിന്നെ ശബ്ദമൊന്നും പതറാതെ ആവാന്‍ ശ്രദ്ധിച്ച് എന്തൊക്കെയോ പറ്ഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അന്നു രാത്രി മുഴുവന്‍ എന്‍റെ മനസ്സില്‍ അത് മാത്രമായിരുന്നു ചിന്ത...എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ആ നിമിഷം എനിക്ക് ദൈവത്തിനോട് വല്ലാത്ത പരിഭവം തോന്നി പോയി. പിറ്റേന്ന് വിളിച്ചപ്പോള്‍ 'ഇതൊക്കെ നിന്നോട് പറയേണ്ടി വരുമെന്നറിയാവുന്നത് കൊണ്ടാ ആദ്യം നിന്നെ വിളിക്കാത്തത്' എന്നൊക്കെ പറഞ്ഞു. ഇനി ഇതിനെ പറ്റി ഒന്നും ചോദിക്കുകയോ പറയുകയോ ഒന്നും ചെയ്യരുതെന്ന് എന്നെ കൊണ്ട് അവള്‍ സത്യം ചെയ്യിച്ചു.

അതിന് ശേഷം ഞാനവളെ കൂടുതല്‍ മനസ്സിലാക്കുകയായിരുന്നു. ഒട്ടേറെ മോഹങ്ങള്‍ കൊണ്ടുനടന്നിട്ട് ഒരു നിമിഷം എല്ലാം അവസാനിക്കാന്‍ പോകുന്നു എന്ന് മുന്‍കൂട്ടി മനസ്സിലാക്കി ജീവിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ഞാന്‍ നേരില്‍ കാണുകയായിരുന്നു. അവളുടെ അവസ്ഥയോര്‍ത്ത് 'പാവം' എന്ന് പറയാന്‍ മാത്രമേ എനിക്കാവുന്നുള്ളല്ലോ എന്നോര്‍ത്ത് എനിക്ക് എന്നോടു തന്നെ ഒരു താഴ്ന്നതരം സഹതാപം തോന്നി.

കുറച്ച് മാസങ്ങള്‍ക്ക് ശേഷം റേഡിയേഷനോ മറ്റോ ചെയ്യുന്നതിനായി ജോലിയൊക്കെ മതിയാക്കി അവള്‍ വീട്ടിലേക്കു പോയി. അതിന് മുന്‍പ് അവസാനമായി എന്നെ വിളിച്ചപ്പോള്‍ പറഞ്ഞതൊക്കെ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു. 'ഇനി ഞാന്‍ പഴയ പോലെ വിളിക്കില്ല, ഞാന്‍ വീട്ടില്‍ പോവാ... ഇനി ചിലപ്പോള്‍ വിളിക്കാന്‍ പറ്റിയില്ലെങ്കിലും നിനക്ക് എന്നെ മനസ്സിലാവും. നിന്‍റെ കല്യാണത്തിനു വരണമെന്നും, അന്ന് നേരില്‍ കാണണമെന്നൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നതാ... ഇനി നടക്കുമോ എന്നറീലാ... സാരില്ല എന്തായാലും നീ അവളോട് പറഞ്ഞാ മതി ഇങ്ങനൊരു കാന്താരി ഫ്രണ്ട് ജീവിച്ചിരിപ്പുണ്ടായിരുന്നെന്നും കാണാനൊക്കെ ഒത്തിരി ആഗ്രഹിച്ചിരുന്നെന്നും...' അവളിതു പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞിരുന്നു...

അതിനുശേഷം ഏഴോ എട്ടോ തവണ കൂടിയെ ഞങ്ങള്‍ സംസാരിചിട്ടുള്ളൂ. ഇന്ന് അവളുടെ ആ നമ്പര്‍ നിലവിലില്ല, അവളെ കുറിച്ച് ഒരു വിവരവുമില്ല. അവളുടെ ഈ കാര്യങ്ങളൊന്നും പറയാതെ ഒരു ദിവസം ഇതുപോലെ പോയിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് അവളെ ആയേനെ. ഇന്നും എന്റെ ഫോണില്‍ പരിചയമില്ലാത്ത ഒരു നമ്പരില്‍ നിന്ന് ഒരു കോള്‍ വരുമ്പോള്‍ ഞാന്‍ പ്രതീക്ഷിക്കും അത് അവളായിരുന്നെങ്കില്‍.. ഇനി എന്നെ വിളിച്ചില്ലെങ്കിലും സാരമില്ല, ഈ സമൂഹത്തിലെ ഒരാളായി അവള്‍ എവിടെ എങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു. ഇന്നവള്‍ ജീവിച്ചിരുപ്പുണ്ടോ എന്നു പോലും എനിക്കറിയില്ല... പക്ഷേ മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനകളോടും നിറഞ്ഞ സ്നേഹത്തോടും കൂടി 'അനിക്കുട്ടന്‍റെ' മനസ്സില്‍ അവള്‍ എന്നും ജീവിക്കും.. ഒരു കാന്താരിയായി.. വഴക്കാളിയായി... പ്രിയപ്പെട്ട ചേച്ചിയായി...

ഒരു സഹോദരി ഇല്ലാത്ത സങ്കടം എനിക്ക് പലപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ടാവാം ഇങ്ങനെ ഓരോരുത്തരെ ദൈവം നമുക്ക് കാട്ടിത്തരുന്നത്.. ഇന്ന് ഞാനൊരു സത്യം കൂടി മനസ്സിലാക്കുന്നു, ജീവിതത്തില്‍ 'എന്റെ സഹോദരി' എന്ന് പറയാന്‍ അവള്‍ എന്റെ അമ്മയുടെ മകളായി തന്നെ ജനിക്കനമെന്നില്ല...

4 comments:

  1. നന്നായിട്ടുണ്ട്..
    പക്ഷെ ഒരു സംശയം പ്രകടിപ്പിച്ചോട്ടെ. ഇതു പോലെ ബ്ലെഡ് കാൻസറും ബ്രയിൻ ട്യൂമറും ബൈക്ക് ആക്സിഡന്റും വന്ന് ചാറ്റിങ്ങിൽ ഒരുപാട് തവണ മരിച്ച വ്യക്തികൾ എന്ന നില്ലക്ക് ഈ സംശയം പ്രകടിപ്പിക്കാൻ ഞങ്ങൾ യോഗ്യരാണു. ഞങ്ങളുടെ സംശയം എന്തായിരിക്കും എന്ന് ഇപ്പോൾ മനസിലായി കാണും എന്ന് വിചാരിക്കുന്നു.

    ReplyDelete
  2. സംശയം മനസിലായി, അത് തികച്ചും ന്യായമാണ്. പലര്‍ക്കും ഇതുപോലെ പല അനുഭവങ്ങളും ഉണ്ടായിരിക്കാം എന്നല്ലാതെ താങ്കളുടെ സംശയത്തിനു പറ്റിയ ഒരു മറുപടി എനിക്ക് പറയാന്‍ അറിയില്ല...

    ReplyDelete
  3. Anonymous21 May, 2010

    എന്തോ വല്ലാതെ ആയിപ്പോയി....എന്ത് എഴുതണം എന്നും അറിയുന്നില്ല ....പിന്നെ വല്ല വിവരവും ...????

    ReplyDelete
  4. ഇല്ല, ഒരു വിവരവുമില്ല. പക്ഷെ എനിക്കുറപ്പാണ് അവള്‍ എന്നെ വിളിക്കും...

    ReplyDelete