03 May 2010

മുത്തശ്ശീടെ മീനൂട്ടിക്കു... (ചെറുകഥ)

എന്‍റെ മീനൂട്ടിക്ക്,


എന്നെ നീ മറന്നോ ന്‍റെ കുട്ട്യേ? ഏറെ നാളായിട്ട്  നിന്‍റെയൊരു കത്തോ കുറിപ്പോ ഒന്നും ഈ വഴിക്ക്  കാണണ്‍ല്യാലോ... എന്തു പറ്റി ന്‍റെ കുട്ടിക്ക് ... വര്‍ഷത്തില്‍ ഓണത്തിനുള്ള ആ പത്തു ദിവസം, അതെന്‍റെ മുത്തശ്ശീടെ ഒപ്പമാണ്  എന്നൊക്കെ പറഞ്ഞ് പോയിട്ടിപ്പോള്‍ കൊല്ലം ആറ് കഴിഞ്ഞിരിക്കണു.

ദാ അടുത്ത ഓണം ഇങ്ങടുത്തു. ഈ ഓണത്തിന്  എന്‍റെ ഒപ്പമുണ്ടാവണം ന്‍റെ കുട്ടി. ഓര്‍ക്കുണുണ്ടോ നീ നമ്മളൊന്നിച്ചുള്ള അവസാനത്തെ ആ ഓണക്കാലം..

- "ഒരു പറ്റം കുട്ട്യോള്‍ടെ നടുവില്‍ പൂക്കളും ചാണകവും ഒക്കെയായി കുറേ നേരായി ഒരു പൂക്കളമൊരുക്കാനുള്ള ഒറ്റക്കുള്ള ശ്രമത്തിലാണ്  മീനു. ഇതെല്ലാം കണ്ട് ആശ്ചര്യത്തോടെ പൂമുഖത്തിരിക്കയാണു ഞാന്‍. ഇന്നെന്തു പറ്റിയോ ആവോ, സാധാരണ ഇതല്ല പതിവു, ഹൊ ! ഇതു ശരിയാവണില്യ മുത്തശ്ശീ, മുത്തശ്ശി ഒന്നുവന്നു ഇതിന്‍റെ തിട്ടയൊക്കെ ഒന്നു ശരിയാക്കി ഏതൊക്കെ പൂക്കളാ ഇടേണ്ടെ എന്നൊക്കെ ഒന്നു പറഞ്ഞ് തന്നേ... എന്നു പറഞ്ഞ് ഒരു നൂറു തവണ മുത്തശ്ശി വിളിയുമായി കൊഞ്ചലും കിണുങ്ങലുമായി വരേണ്ടതാണ് . പക്ഷേ ഇപ്പോള്‍ ഇടക്കിടെ കണ്ണുരുട്ടി എന്നെ നോക്കുന്നു അത്ര മാത്രം.

നാട്ടിന്‍പുറത്തിന്‍റെ വിശുദ്ധിയുമായി പാലക്കാട് എൻ്റെ  തറവാട്ടില്‍ ഓണക്കാലത്തിന്റെ  ലഹരിയിലാണ്  ആറാം തരത്തില്‍ പഠിക്കുന്ന  മീനൂട്ടി. കഴിഞ്ഞ വര്‍ഷം അവള്‍ക്ക് ഓണത്തെപ്പറ്റി കാര്യമായ ധാരണയൊന്നുമുണ്ടായിരുന്നില്ല. പിന്നീട് എന്‍റെ കുട്ടിക്കാലത്തെ ഓണത്തെപ്പറ്റിയും അതിന്റെ  ഐതിഹ്യങ്ങളെപ്പറ്റിയുമൊക്കെ ഞാനവള്‍ക്ക് പറഞ്ഞുകൊടുത്തു. അതിരാവിലെ എണീറ്റു കുളിച്ച് ഓണക്കോടിയൊക്കെ അണിഞ്ഞ് അമ്പലത്തില്‍ പോയി തൊഴുത ശേഷം കൂട്ടുകാരുമൊത്ത് പാടത്തും തൊടിയിലുമൊക്കെ നിന്നുള്ള പൂക്കള്‍ ശേഖരിക്കലും വീടുകളില്‍ നിന്നുള്ള പൂക്കള്‍ മോഷണവും, പിന്നെ ചാണകം കൊണ്ട് മെഴുകി തിട്ടകളുണ്ടാക്കി ഓരോ തിട്ടകളിലും ഓരോ നിറമുള്ള പൂക്കള്‍ ഇട്ടുള്ള പൂക്കളമൊരുക്കലും, ഒരുമിച്ചുള്ള ഊഞ്ഞാലാട്ടവും, ഓണസദ്യയും.. എന്നൊക്കെയുള്ള എൻ്റെ വിവരണങ്ങള്‍ ഒരു കൗതുകം പോലെ അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഈ വര്‍ഷം എല്ലവരേയും ഞെട്ടിച്ചുകൊണ്ട് ഒറ്റക്കൊരു പൂക്കളമൊരുക്കല്‍, അതു നടക്കാത്തതിലുള്ള പരിഭവമായിരുന്നു അവളുടെ തുറിച്ചു നോട്ടമെന്ന് പിന്നീടാണു എനിക്കു മനസ്സിലായത്.

ഒടുവില്‍ എന്‍റെയും മറ്റു കുട്ട്യോള്‍ടെയും സഹായത്തോടെ പൂക്കളം തീര്‍ത്തതിനു ശേഷം അവള്‍ ‍പോയി എല്ലവരേയും വിളിച്ചു പൂക്കളം കാട്ടും .... അതായിരുന്നു തറവാട്ടിലെ ഒണാഘോഷത്തിന്‍റെ കൊടിയേറ്റം. പിന്നെ എല്ലവര്‍ക്കും എന്‍റെ വക ഓണക്കോടിയും ഒരുമിച്ചൊരു ഓണസദ്യയും അതായിരുന്നു പതിവ് . അതിനുശേഷം അവള്‍ എന്‍റെ കൈതുമ്പും പിടിച്ച് ഒരോ കഥകളും  വര്‍ത്തമാനങ്ങളുമായി തൊടിയിലൊക്കെ ഒരു നടത്തവും, ഒപ്പം പുഴയിലൂടെ വള്ളത്തിലൂടൊരു സവാരിയും, അതായിരുന്നു അവള്‍ക്ക് ഏറ്റവുമിഷ്ട്ടം.

എന്‍റെ കുട്ടിക്കാലത്തെ ഞാന്‍ നോക്കിക്കാണുന്നത് അവളിലൂടെയണ്. എന്‍റേ വായനാശീലവും എഴുത്തും കവിതാ കമ്പവും ഒക്കെ അവള്‍ക്കും കിട്ടീട്ടുണ്ട്. ഓണം കഴിഞ്ഞാല്‍ അവള്‍ തിരുവനന്തപുരത്തേക്കും അവളുടെ അമ്മ എറണാകുളത്തേക്കു ജോലിക്കായും തിരികെ പോകും. അവളുടെ മാമനൊപ്പമാണ് അവള്‍ താമസിക്കുന്നതു. ആഴ്ച്ചതോറും അവള്‍ എനിക്കെഴുതും, അതില്‍ കഥകളും വര്‍ത്തമാനങ്ങളും കുഞ്ഞ് കവിതകളുമായി ഒത്തിരി ഉണ്ടാവും. അവള്‍ക്കെന്നും ഞാനൊരു കൊച്ച് കൂട്ടുകാരി പോലായിരുന്നു."-

'മോളേ, നമ്മുടെ ആ ഓണത്തിനുശേഷമുള്ള ഓണങ്ങളില്‍ കുട്ടികള്‍ പൂക്കളമിടുമ്പോള്‍, പൂമുഖത്ത് നമ്മുടെ ആ പഴയ ഓണത്തിന്‍റെ ഓര്‍മ്മകളും നിന്നെ കുറിച്ചുള്ള ചിന്തകളുമായി ഞാന്‍ ഓരോന്ന് ഓര്‍ത്തിരിക്കും. ഇത്തവണത്തെ ഓണത്തിനെങ്കിലും ന്‍റ കുട്ടി വരണം. നീ ഒറ്റക്ക് പൂക്കളമിട്ട് എല്ലവരേയും ഞെട്ടിക്കണം. ഓണക്കോടിക്ക് പുറമേ വിലപ്പെട്ട ഒരു പ്രത്യേക സമ്മാനവുമായി നിന്നേയും പ്രതീക്ഷിച്ച് പൂമുഖത്ത് ഞാനുണ്ടാവും......'

നിന്‍റെ സ്വന്തം മുത്തശ്ശി...


[മീനൂ, മുത്തശ്ശി മരിച്ചിട്ട് വര്‍ഷം ഒരുപാടു കഴിഞ്ഞില്ലേ... മുത്തശ്ശിയില്ലാത്ത ഒരു ഓണത്തിന് അങ്ങോട്ട് ഞാനില്ല എന്ന് പറഞ്ഞ് നീ ഒഴിഞ്ഞ് മാറിയിട്ടും ഞാനിതുവരെ നിന്നെ നിര്‍ബന്ധിച്ചിട്ടില്ല. പക്ഷേ ഇത്തവണ 'മുത്തശ്ശീ' പറഞ്ഞപോലെ നിനക്കൊരു ഓണസമ്മാനവുമായി എല്ലാവരും നിന്നേയും പ്രതീക്ഷിച്ചിരിക്കയാണ്. ഇത്തവണ ഓണം നമുക്കു അവിടെ ആയിക്കൂടെ... നീ ഒന്ന് ആലോചിക്കു, അതിനുവേണ്ടിയാണു മുത്തശ്ശീടെ പേരില്‍ പഴയതെല്ലാം നിന്നെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി അമ്മയുടെ ഈ കത്ത്. എന്‍റെ മോള്‍ അവരെ ആരെയും നിരാശപ്പെടുത്തരുത്..]


അമ്മക്ക്...,


കത്തിന്‍റെ Introduction വായിച്ചപ്പോള്‍ അമ്മേ, ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. മുത്തശ്ശി എനിക്കു എഴുതാറുള്ളതുപോലെ തന്നെ. ഇത്തവണ കോളേജില്‍ ഓണം Celebration നു പൂക്കളമിട്ടപ്പോള്‍, ആ സമയം മുത്തശ്ശിയും തറവാടും അവിടുത്തെ പഴയ ഓണവുമൊക്കെയായിരുന്നു മനസ്സ് നിറയെ. അതൊക്കെ ഞാന്‍ വല്ലാണ്ട് Miss ചെയ്യുന്നതായി തോന്നി. ഞാനപ്പോള്‍ ചിന്തിക്കുകപോലുമുണ്ടായി, ഇത്തവണ ഓണത്തിനു പാലക്കാട് പോയാലോന്ന്. അപ്പോഴാ അമ്മയുടെ കത്ത് കിട്ടിയത്. അമ്മ പറഞ്ഞപോലെ ആ ഓണസമ്മാനം പ്രതീക്ഷിച്ചല്ല, പഴയ ഓര്‍മ്മകളിലേക്ക് ഒന്ന് പോകാന്‍ വേണ്ടി... എന്തായാലും ഇത്തവണ ഓണം മുത്തശ്ശിയോടൊപ്പം തറവാട്ടില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തശ്ശീടെ പേരില്‍ ഒരു കത്തെഴുതിയതിനും എന്നെ എഴുതാന്‍ പ്രേരിപ്പിച്ചതിനും അമ്മക്ക് ഒരുപാട് നന്ദി, ഒപ്പം എന്‍റെ ഒരു ചക്കരയുമ്മയും.

അമ്മയുടെ സ്വന്തം മീനൂസ്..


[ശേഷം മുത്തശ്ശിയില്ലാത്ത ഓണത്തിനായി മീനു തറവാട്ടിലേക്ക്...]

അന്ന് മുത്തശ്ശിയോടൊപ്പമുള്ള ഓണത്തിനു ശേഷം വീണ്ടുമൊരു ഓണത്തിനായി ഞാന്‍ തറവാട്ടിലെത്തുന്നത് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, ഓണത്തിനല്ലാതെ മൂന്ന് നാലു തവണ പോയിട്ടുണ്ടെങ്കിലും. ഇന്നിപ്പോള്‍ ഒരു കുറവ് മുത്തശ്ശി മാത്രമാണേലും മുത്തശ്ശി കണ്ടിട്ടില്ലാത്ത ചില കുഞ്ഞുങ്ങളും അതിഥികളായുണ്ട്. നടുമുറ്റത്ത് മുത്തശ്ശി നട്ടുവളര്‍ത്തിയ തുളസിച്ചെടി ഇപ്പോഴും നിത്യാര്‍ദ്രയായിത്തന്നെ നില്പ്പുണ്ട്.

പിന്നെ എന്‍റെ പഴയ വാശി എന്നോണം ഇത്തവണ ആരേയും കൂട്ടാതെ ഞാനൊറ്റക്ക് ചാണകം മെഴുകി ആറ് തിട്ടകളുണ്ടാക്കി, എന്നിട്ട് എല്ലാവരേയും കൂട്ടി പൂക്കളം തീര്‍ത്തു. എന്നിട്ട് തിരികെ പൂമുഖത്ത് ചാരുകസേരയില്‍ നോക്കിയപ്പോള്‍ ഉണ്ടായ ഒരു ശൂന്യത, ഞാനൊറ്റക്ക് പൂക്കളമൊരുക്കിയപ്പോള്‍ കാണാന്‍ മുത്തശ്ശിയില്ലല്ലോ എന്നുള്ള ഒരു വിഷമം ശരിക്കും എനിക്കപ്പോള്‍ തോന്നി. പിന്നെ പഴയ പോലെ എല്ലാവരേയും വിളിച്ച് പൂക്കളം കാട്ടി ഒരുമിച്ച് ഫോട്ടോ എടുത്തു. കുട്ടികളൊത്ത് ഊഞ്ഞാലാടി.

പിന്നെ പതിവുപോലെ ഓണക്കോടി വിതരണം. ഇപ്രാവശ്യം മുത്തശ്ശീടെ മൂത്ത മകളായ ശ്രീകല ചിറ്റക്കാണ്  അതിന്‍റെ ചുമതല. എന്‍റെ ഊഴമെത്തിയപ്പോള്‍ പതിവിനു വിപരീതമായി പട്ട് പാവാടക്ക് പകരം കിട്ടിയത് ഒരു സെറ്റും മുണ്ടും, ഒപ്പം ഒരു കുഞ്ഞ് പുസ്തകവും. എനിക്ക് മാത്രമായി ഒരു പുസ്തകമെന്താണെന്നുള്ള ജിജ്ഞാസയോടെയാണു ഞാനത് തുറന്ന് നോക്കിയത്. ഞാനും മുത്തശ്ശിയുമായി അവസാനം തീര്‍ത്ത പൂക്കളത്തിന്‍റെ ചിത്രം.. അതിനു മുകളിലായി ' മുത്തശ്ശീടെ മീനൂട്ടിക്ക്' ' എന്നൊരു തലക്കെട്ടും. അന്തം വിട്ട് നിന്ന എന്നോട് ചിറ്റയാണു പറഞ്ഞത്, ഞാന്‍ പലപ്പോഴായി മുത്തശ്ശിക്കയച്ച കത്തുകളില്‍ നിന്നെടുത്ത ആറ് കവിതകളും മൂന്ന് ചെറുകഥ കളുമായി ഒരു പുസ്തകമാക്കിയെന്നും അതിനൊപ്പം പണ്‍ട് മുത്തശ്ശിക്ക് കിട്ടിയ ഓണപ്പുടവ ഓണക്കോടിയായും തന്ന് എന്നെ ഒന്ന് ഞെട്ടിപ്പിക്കണമെന്നും എല്ലവരുടേയും ഒരുമിച്ചുള്ള തീരുമാനമായിരുന്നെന്ന്. സന്തോഷം കൊണ്ടാവണം എന്‍റെ കണ്ണുകള്‍ നിറഞ്ഞു. എല്ലാവരുടേയും നിറഞ്ഞ സ്നേഹത്തിനൊപ്പം ഒരുമിച്ചൊരു സദ്യയും. എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമായിരുന്നു അത്.

അതിനു ശേഷം ഇത്തവണ മുത്തശ്ശിക്ക് പകരം അമ്മക്കൊപ്പം തൊടിയിലൊക്കെ കുറെ സമയം നടന്നു, പതിവുപോലെ ഇത്തവണ വള്ളത്തില്‍ കയറാന്‍ പറ്റിയില്ല. മുത്തശ്ശിയുടെ ആഗ്രഹപ്രകാരം അടക്കം ചെയ്ത സ്തലത്ത് ഒരു കണിക്കൊന്ന ചെടിയായിരുന്നു നട്ടത്. തൊടിയിലെ ഒരു ഭാഗത്ത് ഇന്നത് വളര്‍ന്ന് വലിയ മരമായിരിക്കുന്നു. വിഷുവിനു അതില്‍ നിരയെ പൂക്കളുണ്ടായിരുന്നെന്ന് ചിറ്റ പറഞ്ഞിരുന്നു. അടുത്ത വിഷുവിനു അതിലെ പൂക്കള്‍ കാണാന്‍ ഞാന്‍ വരും മുത്തശ്ശീടെ അടുക്കല്‍. വൈകിട്ട് മുത്തശ്ശീടെ തുളസിത്തറയില്‍ വിളക്ക് തെളിച്ച് കുറച്ച് സമയം അവിടെ നിന്ന ശേഷം.., ജീവിതത്തില്‍ ഒരിക്കലും മറക്കാനവാത്ത ഒരു ഓണം ആഘൊഷിച്ചതിന്‍റെ സംതൃപ്തി യില്‍, അതിന്‍റെ മധുരസ്‌മൃതികള്‍ക്കും ഒപ്പം മുത്തശ്ശിയോട് മനസ്സില്‍ ഒരുപാട് നന്ദിയുമായി തിരികെ സ്വന്തം തിരുവനന്തപുരത്തേക്ക്....

No comments:

Post a Comment